അമ്മേ, അമ്മയ്ക്കിനി ആര് ചോറു തരും?

അമ്മേ, അമ്മയ്ക്കിനി  ആര് ചോറു തരും?

വർഷങ്ങൾക്കു മുമ്പ് വായിച്ച പത്രവാർത്ത ഇന്നും വേദനയോടെ ഓർക്കുന്നു. ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ നടന്നതാണിത്.അച്ഛൻ മരിച്ചു പോയൊരു ബാലൻ വീടുതോറും നടന്ന് ഭിക്ഷയെടുക്കുകയാണ്.രോഗശയ്യയിലായ അമ്മയെ ചികിത്സിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അവനുമുമ്പിൽ മറ്റുപാധികൾ ഒന്നും ഇല്ലായിരുന്നു. ഒരിക്കൽ ഭിക്ഷയെടുക്കാനായ് അവൻ എത്തിയത് ഒരു ജന്മിയുടെ വീട്ടിലായിരുനു.'വല്ലതും തരണേ....'അവനുറക്കെ വിളിച്ചെങ്കിലും ആരും പുറത്തേക്ക് വന്നില്ല. ഒന്നു രണ്ടു തവണ കൂടി ഉച്ചത്തിൽ അവൻ വിളിച്ചു.ഉച്ചയുറക്കത്തിലായിരുന്ന വീട്ടുടമസ്ഥനെ അത് അരിശം പിടിപ്പിച്ചു.അയാൾ ക്രൂദ്ധനായി ഇറങ്ങി വന്ന് ഒരു വടിയെടുത്ത് അവൻ്റെ തലക്കടിച്ചു.ഇരന്നു നേടിയ ചോറും പിച്ചപ്പാത്രവുമായി അവൻ വീട്ടുമുറ്റത്ത് മലർന്നിടച്ചു വീണു.ശിരസു പൊട്ടി രക്തമൊലിച്ച് മരണവേദനയാൽ പിടയുമ്പോൾ''അമ്മേ, അമ്മയ്ക്കിനിആര് ചോറു തരും...."എന്നായിരുന്നു അവൻ്റെ അവസാന വാക്കുകൾ.

അമ്മയെക്കുറിച്ചുള്ള ചിന്തകളാണ് പിച്ച ചട്ടിയെടുക്കാൻ ആ ബാലനെ പ്രേരിപ്പിച്ചത്. അമ്മയുടെ ഓർമകളാണ് അവന് കരുത്തും ബലവും പകർന്നത്.ആ ഓർമകളോടെ അവൻ മരിക്കുകയും ചെയ്തു. വേദനയിലും രോഗാവസ്ഥയിലുമെല്ലാം ഏതൊരു വ്യക്തിയുടെയും നാവിലുയരുന്ന ആദ്യ വാക്ക് 'അമ്മേ...' എന്നായിരിക്കും.എന്നാൽ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന രീതിയിൽ ജീവിക്കുമ്പോൾ മാത്രമേ മാതൃഹൃദയവും പിതൃഹൃദയവും സന്തോഷത്താൽ നിറയൂ എന്ന സത്യം ഇതോടൊപ്പം നമുക്ക് മറക്കാതിരിക്കാം.

ക്രിസ്തുവിൻ്റെ പ്രവർത്തനങ്ങൾ കണ്ട് ജനക്കൂട്ടത്തിൽ നിന്നുയർന്നു കേട്ട ഒരു സ്ത്രീയുടെ വാക്കുകൾ ഓർക്കുന്നത് നല്ലതാണ്: ''നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ" (ലൂക്കാ 11 : 27). മക്കളെക്കുറിച്ച് മാതാപിതാക്കളും മാതാപിതാക്കളെക്കുറിച്ച് മക്കളും അഭിമാനിക്കാൻ ഇടവരട്ടെ. അതിനുള്ള കൃപയ്ക്കായ് കർമലമാതാവിൻ്റെ മധ്യസ്ഥം തേടാം.

പരിശുദ്ധ കർമലമാതാവിൻ്റെ തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.