ചെന്നൈ: തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി നിയമിതനായ വൈദികനെ 'അര്‍ബന്‍ നക്സലൈറ്റ് ' ആയി മുദ്ര കുത്തിയും മോവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് തടവറയില്‍ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുയായിയെന്ന് ചിത്രീകരിച്ചും ഹിന്ദു പരിവാര്‍ മാധ്യമ ആക്രമണം.
വിദ്യാഭ്യാസം, മാധ്യമം, സാമൂഹിക വികസനം എന്നീ മേഖലകളില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടല്‍ വിലയിരുത്തിയാണ് സലേഷ്യന്‍ സഭാംഗമായ ഫാ. എ. രാജ് മരിയ സുസൈയെ മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ ടി.എന്‍.പി.എസ്.സി അംഗമായി നിയമിച്ചത്. യെര്‍ക്കാട് ജനോദയ സലേഷ്യന്‍ കോളജ് റെക്ടറാണ് മാധ്യമ വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഫാ. മരിയ സുസൈ.
സംഘപരിവാര്‍ ഓണ്‍ലൈന്‍ മാധ്യമമായ ഒ.പി ഇന്ത്യയാണ് ഫാ. മരിയ സുസൈയ്ക്കു നിയമനം ലഭിച്ചതോടെ വിദ്വേഷ പ്രചരണവുമായി ആദ്യം രംഗത്തെത്തിയത്. ഇടതുപക്ഷ തീവ്രവാദികളുമായും ഫാ. സ്റ്റാന്‍ സ്വാമിയുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ആക്ഷേപം.
ഫാ. മരിയ സുസൈയുമായി ഫാ. സ്റ്റാന്‍ സ്വാമി നേരത്തെ സംസാരിക്കുമായിരുന്നു, ഫാ. സ്റ്റാന്‍ സ്വാമിയെ അന്യായമായി തടങ്കലില്‍ വച്ചതിനെതിരെ പ്രതിഷേധിച്ചു, പ്രാര്‍ത്ഥനാ പരിപാടി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളുമുണ്ട്.
ഫാ. എ രാജ് മരിയാ സുസൈയെക്കൂടാതെ ഐഎഎസ് ഓഫീസര്‍ എസ്.മുനിയനാഥന്‍, പ്രൊഫ. കെ.ജോതി ശിവജ്ഞാനം, കെ.അരുള്‍മതി എന്നിവരാണ് പുതിയ ടി.എന്‍.പി.എസ്.സി അംഗങ്ങള്‍. ആറ് വര്‍ഷമാണ് പുതിയ അംഗങ്ങളുടെ കാലാവധി. കേരള പിഎസ്.സിയിലേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ടി.എന്‍.പി.എസ്.സി അംഗങ്ങള്‍ക്കുള്ളത്, പ്രതിമാസം ഏകദേശം 2.20 ലക്ഷം രൂപ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.