ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖിക്ക് (38) ജാമിയ മിലിയ ഇസ്‌ലാമിയ ഖബർസ്ഥാനിൽ അന്ത്യവിശ്രമം. ഇന്നലെ വൈകിട്ട് ഡൽഹിയിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ ജാമിയ മിലിയ ഇസ്‌ലാമിയ ഖബർസ്ഥാനിൽ സംസ്കരിച്ചു.
സിദ്ദീഖിയുടെ സംസ്കാരം ഇവിടെ വേണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹം മാനിച്ചാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം സർവകലാശാല വൈസ് ചാൻസലർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
സർവകലാശാലയിലെ ജീവനക്കാർ, അവരുടെ പങ്കാളികൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് സാധാരണ ഈ ശ്മശാനത്തിൽ സംസ്കരിക്കാറുള്ളത്. ജാമിയയിലെ പൂർവവിദ്യാർഥിയാണ് ഡാനിഷ്. ഇക്കണോമിക്സിൽ ബിരുദവും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയത് ഇവിടെനിന്നാണ്.സിദ്ദീഖിയുടെ പിതാവും ജാമിയയിലെ പ്രഫസറായിരുന്നു.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്‌സർ ജേതാവുമായ ഡാനിഷ് സിദ്ദിഖി റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫോട്ടോഗ്രഫറായി ജോലി ചെയ്യവെയാണു ദാരുണാന്ത്യമുണ്ടായത്. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
അതേസമയം, ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍.ആരുടെ വെടിവയ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.