സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണം: എയിംസ് ഡയറക്ടര്‍

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണം: എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) ഡയറക്ടര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് 19 ഭീതിയില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ മിക്ക സ്‌കൂളുകളും അടച്ചിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷവും സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കണമെന്നുള്ള അഭിപ്രായക്കാരനാണ് താനെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെ ടി.പി.ആര്‍ 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറയുന്നു.
സ്‌കൂളുകള്‍ തുറന്നതിന് ശേഷം കോവിഡ് പടരുന്നതായി എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ സ്‌കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ കഴിയുമെന്ന് പ്രശസ്ത പള്‍മോണോളജിസ്റ്റും കോവിഡ് 19ന്റെ ഇന്ത്യയിലെ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. ഗുലേറിയ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് അതാത് ജില്ലകള്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും വീണ്ടും തുറക്കാനുള്ള മറ്റ് വഴികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.