മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകളില്‍ ഡെല്‍റ്റ; ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളും പടരുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകളില്‍ ഡെല്‍റ്റ; ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളും പടരുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം വരുന്ന മാസങ്ങളില്‍ കൂടുതല്‍ വ്യാപകമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ശക്തമായ മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദം നിലവില്‍ 124 രാജ്യങ്ങളിലാണ് നേരത്തേ സ്ഥിരീകരിച്ചത്. ഇപ്പോള്‍ 13 രാജ്യങ്ങളില്‍ക്കൂടി ഡെല്‍റ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചു.

ജൂലൈ 12 മുതല്‍ 18 വരെയുള്ള കാലയളവില്‍ ലോകത്ത് 34 ലക്ഷം കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. രോഗവ്യാപനത്തില്‍ 12 ശതമാനത്തിന്റെ വര്‍ധന. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

പല രാജ്യങ്ങളില്‍നിന്നും ശേഖരിച്ച കോവിഡ് സാമ്പിളുകളില്‍ 75 ശതമാനത്തിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്.

ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, ബ്രസീലില്‍ എന്നീ രാജ്യങ്ങളില്‍ ആദ്യം സ്ഥിരീകരിച്ച യഥാക്രമം ആല്‍ഫ, ബീറ്റ, ഗാമ എന്നീ വകഭേദങ്ങളും വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആല്‍ഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങള്‍, സുരക്ഷാ മുന്‍കരുതലുകളിലെ ഇളവുകള്‍, സാമൂഹിക ഒത്തുചേരലുകള്‍, വാക്സിന്‍ ദൗര്‍ലഭ്യം തുടങ്ങിയവ രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.