സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രം; അന്വേഷിക്കാന്‍ ഇ.ഡി മേഡല്‍ ഏജന്‍സി

സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രം; അന്വേഷിക്കാന്‍ ഇ.ഡി മേഡല്‍ ഏജന്‍സി

ന്യുഡല്‍ഹി: സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്താന്‍ ഇ.ഡി മാതൃകയില്‍ പുതിയ ഏജന്‍സി വരുന്നു. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഏജന്‍സി യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാകും പ്രവര്‍ത്തനം. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണ വിഭാഗമാകും ഇതെന്നാണ് സൂചന. ഇ ഡിയുടേതുപോലെ നിയമപരമായ അധികാരം നല്‍കാന്‍ ലക്ഷ്യമിട്ട് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും.

കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശയം ലക്ഷ്യം വെച്ചാണ് ഈ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്.

സംസ്ഥാനത്തിലെ സഹകരണ സ്ഥാപനങ്ങളും പുതിയ സംവിധാനത്തിന് കീഴില്‍ വരും. കേരളം മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണമേഖലകളില്‍ നേരിട്ട് ഇടപെടാന്‍ ഇതുമൂലം കേന്ദ്രത്തിന് സാധിക്കും. ആദായനികുതി വകുപ്പടക്കം മറ്റ് ഏജന്‍സികളുടെ അധികാരവും പുതിയ സംവിധാനത്തിന് ഉണ്ടാകും. സഹകരണ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ ബിനാമി ഫണ്ട് നിക്ഷേപിക്കപ്പെടുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ നീക്കം. കേരളത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സ്വാധീനമുള്ള സഹകരണമേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കായിരിക്കും തീരുമാനം തലവേദനയാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.