കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ദേവസി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂര്‍ രൂപത സ്ഥാപിതമായതു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ പരേതരായ ദേവസിയുടെയും വിറോണിയുടെയും മൂത്ത മകനായിരുന്നു മോണ്‍സിഞ്ഞോര്‍ ദേവസി ഈരത്തറ.
ഭൗതീക ശരീരം നാളെ രാവിലെ 9.30 ന് കണ്ണൂര്‍ രൂപത ആസ്ഥാനമായ ബിഷപ്പ് ഹൗസില്‍ എത്തിച്ച ശേഷം 11.30 ന് കണ്ണൂര്‍ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം 3.30 ന് കണ്ണൂര്‍ രൂപത മെത്രാന്‍ മാര്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യ കാര്‍മികത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും.
പിഴല ഇടവകയിലെ ആദ്യത്തെ വൈദീകനായിരുന്നു അദ്ദേഹം. കോഴിക്കോട് രൂപതയ്ക്ക് വേണ്ടി 1963 ല്‍ വൈദീക പട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിന് ശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ മാര്‍ ആല്‍ഡോ മരിയ പത്രോണിയുടെ സെക്രട്ടറിയായും തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ട് എസ്റ്റേറ്റില്‍ മാനേജര്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് കുറച്ചു നാള്‍ ചെമ്പേരി എസ്റ്റേറ്റില്‍ സേവനം ചെയ്തശേഷം കോഴിക്കോട് സെന്റ് വിന്‍സെന്റ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്തു.
കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂര്‍ രൂപത രൂപം കൊണ്ടപ്പോള്‍ രൂപതയുടെ ആദ്യത്തെ വികാരി ജനറാളായി ചുമതലയേറ്റു. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയായും സേവനം ചെയ്തു. തയ്യില്‍ സെന്റ് ആന്റണിസ് ഇടവകയുടെ വികാരി ആയി സേവനം അനുഷ്ഠിക്കുമ്പോള്‍ ആണ് മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി രൂപം നല്‍കുകയും മദര്‍ തെരേസ കോളനി സ്ഥാപിച്ചു അമ്പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു.
മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിച്ചതും കടക്കെണിയിലായ മത്സ്യത്തൊഴിലാകള്‍ക്കായി പലിശ രഹിത വായ്പ്പാ പദ്ധതി രൂപീകരിച്ചതും പ്രത്യേകം ശ്രദ്ധേയമായിരുന്നു. കണ്ണൂര്‍ രൂപതയുടെ വികാരി ജനറല്‍ ആയി സേവനം ചെയ്യുമ്പോള്‍ തന്നെ ചാലയിലുള്ള അമലോത്ഭവമാതാ ദൈവാലത്തിന്റെ വികാരി കൂടിയായിരുന്നു.
സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായായ 'ഉപാസി'യില്‍ എക്‌സിക്യൂട്ടീവ് അംഗം, കണ്ണൂരിലെ ചിരി ക്ലബ്ബിലെ സജീവ പ്രവര്‍ത്തകന്‍, മത്സ്യത്തൊഴിലാളി സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, എന്നീ നിലകളിലും സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
ഇ.ഡി പീറ്റര്‍, ട്രീസ മാര്‍ട്ടിന്‍, ഇ.ഡി ജോസഫ്, ഇ.ഡി സേവ്യര്‍ (മുന്‍ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ്) എന്നിവര്‍ സഹോദരങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.