സലേം: അമേരിക്കന്‍ സംസ്ഥാനമായ ഒറിഗണില്‍ അപൂര്‍വയിനം മത്സ്യം തീരത്തടിഞ്ഞു. ആഴക്കടലില്‍ കാണപ്പെടുന്ന 3.5 അടി നീളമുള്ള മൂണ്‍ ഫിഷ് എന്നറിയപ്പെടുന്ന മത്സ്യമാണ് ഒറിഗോണിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സണ്‍സെറ്റ് ബീച്ചില്‍ തീരത്തു വന്നടിഞ്ഞത്. മത്സ്യത്തിന് 45 കിലോയോളം ഭാരമുണ്ട്. പരന്ന ശരീരപ്രകൃതിയാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ വേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. കടല്‍പ്പരപ്പില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്ന ഇവ പൊതുവെ മത്സ്യബന്ധനക്കാര്‍ക്കും പിടികൊടുക്കാറില്ല.
ഒറിഗണില്‍ തീരത്തടിഞ്ഞ അപൂര്‍വയിനം മൂണ്‍ ഫിഷ്
കാഴ്ചയില്‍ വളരെ മനോഹരമാണ് ഇവ. ഇവയുടെ ശരീരത്തിന്റെ പകുതി ഭാഗം ചാരനിറവും ബാക്കി പകുതി ഓറഞ്ച് നിറത്തിലുമാണ് കാണപ്പെടുന്നത്. തിളക്കമാര്‍ന്ന ഇവയുടെ ശരീരത്തില്‍ വെള്ളപ്പൊട്ടുകളും കാണാം. സമുദ്രത്തില്‍ കാണപ്പെടുന്ന സമ്പൂര്‍ണ ഉഷ്ണരക്തമുള്ള വളരെ അപൂര്‍വമായ മത്സ്യങ്ങളില്‍ ഒന്നാണ് മൂണ്‍ ഫിഷ്. മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ നീന്താനും ഇരപിടിക്കാനും ഇവയ്ക്ക് കഴിയും.
ഇവയുടെ കണ്ണുകള്‍ക്കും നല്ല കാഴ്ചയാണ്. മൂണ്‍ ഫിഷ്, കിംഗ് ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍ എന്നൊക്കെ ഇവ അറിയപ്പെടുന്നു.
ഫിലിപ്പീന്‍സിലെ സമുദ്ര മേഖലയില്‍ സാധാരണമായി കാണപ്പെടുന്ന ജീവികളാണ് ഒപാ മത്സ്യങ്ങള്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഇത്തരം മത്സ്യങ്ങള്‍ക്ക് 90 കിലോയോളം ഭാരം ഉണ്ടാകാറുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കടലില്‍ ചൂട് കൂടിയതിന്റെ ഫലമായാവാം ഈ മത്സ്യം കരയ്ക്കെത്തിയത് എന്നാണ് കരുതപ്പെടുന്നത്. ഈ മത്സ്യത്തെ കൂടുതല്‍ പഠനാവശ്യങ്ങള്‍ക്കായി ശീതികരിച്ച് സൂക്ഷിക്കാനാണ് സീസൈഡ് അക്വേറിയം അധികൃതരുടെ തീരുമാനം. അപൂര്‍വയിനം മത്സ്യത്തെ കാണാന്‍ നിരവധി പേരാണ് തീരത്ത് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.