ജന്മനാ കൈകളില്ല, സംസ്ഥാനത്ത് ആദ്യമായി കാലിലൂടെ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്

ജന്മനാ കൈകളില്ല, സംസ്ഥാനത്ത് ആദ്യമായി കാലിലൂടെ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്

പാലക്കാട്: കേരളത്തില്‍ ആദ്യമായി കാലില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച് ആലത്തൂര്‍ സ്വദേശി പ്രണവ്. ജന്മനാ രണ്ടു കൈകളും ഇല്ലാത്ത പ്രണവ് ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അനുമതി നേടിയാണ് കാലില്‍ വാക്‌സിന്‍ എടുത്തത്. ആലത്തൂര്‍ പഴയ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് 22കാരനായ പ്രണവ് കോവിഷീല്‍ഡ് ആദ്യഡോസ് സ്വീകരിച്ചത്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിള്‍ ചവിട്ടിയാണ് ആലത്തൂര്‍ പഴയ പൊലീസ് സ്റ്റേഷനിലെ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛന്‍ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ ശരീരത്തില്‍ എവിടെ വാക്സിന്‍ കുത്തിവയ്ക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കാലില്‍ വാക്‌സിന്‍ എടുക്കുകയായിരുന്നു.

സംസ്ഥാനത്ത് ആദ്യമായി കാലില്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തിയാണ് പ്രണവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാക്‌സിന്‍ എടുക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ വാക്‌സിനേഷനെന്ന് പ്രണവ് പറഞ്ഞു. മികച്ച ചിത്രകാരന്‍ കൂടിയാണ് പ്രണവ്. കാലുകള്‍ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് പ്രളയം ഉണ്ടായപ്പോഴും ചിത്രപ്രദര്‍ശനം നടത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പ്രണവിന്റെ കഴിവ് അറിഞ്ഞ് രജനികാന്ത് നേരിട്ട് തമിഴ്‌നാട്ടിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.