ചാനുവിന്റെ വെള്ളി സ്വര്‍ണമായേക്കും; ഒന്നാമതെത്തിയ ചൈനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന

ചാനുവിന്റെ വെള്ളി സ്വര്‍ണമായേക്കും; ഒന്നാമതെത്തിയ ചൈനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന

ടോക്യോ: വെള്ളിത്തിളക്കത്തില്‍ മീരാഭായി ചാനു ഇന്ത്യയില്‍ തിരിച്ചെത്തിയതിനു പിന്നാലെ ചാനുവിന്റെ വെള്ളി മെഡല്‍ സ്വര്‍ണമായി മാറാന്‍ സാധ്യത.

വനിതകളുടെ 49 കിലോ ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അവര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വര്‍ണം ലഭിക്കും. അങ്ങനെ വന്നാല്‍ ഇത് ആദ്യമായിട്ടാകും ഒരു ഇന്ത്യന്‍ താരത്തിന് ഒളിമ്പിക്‌സ് ഭാരദ്വഹനത്തില്‍ സ്വര്‍ണം ലഭിക്കുന്നത്.

ചൈനീസ് താരത്തിന്റെ ഉത്തേജകപരിശോധന മത്സരശേഷം നടത്തിയിരുന്നു. എന്നാല്‍ അതിലെ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനാല്‍ ഒന്നുകൂടി ടെസ്റ്റ് നടത്താനാണ് അധികൃതരുടെ തീരുമാനം. ചില വിപരീത ഫലങ്ങള്‍ ഷിഹുയി ഹൗന്റെ ഉത്തേജക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ രണ്ടാമതും പരിശോധിക്കേണ്ടതുണ്ടെന്നാണ് ടോക്യോ ഒളിമ്പിക്‌സ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം.

ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയില്‍ തന്നെ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഉത്തേജക പരിശോധന ഒരിക്കല്‍ കൂടി നടത്തും എന്നുറപ്പായി. ഒളിമ്പിക് നിയമം അനുസരിച്ച് സ്വര്‍ണം നേടിയ താരം ഉത്തേജക പരിശോധനയില്‍ പുറത്താക്കപ്പെട്ടാല്‍ വെള്ളി മെഡല്‍ നേടിയ താരത്തിന് സ്വര്‍ണം നല്‍കും.

210 കിലോ ഭാരം ഉയര്‍ത്തിയ ഷിഹുയി ഹൗ ഒളിമ്പിക് റെക്കാഡോടു കൂടിയാണ് സ്വര്‍ണം നേടിയത്. ചാനു 202 കിലോയും മൂന്നാം സ്ഥാനത്ത് എത്തിയ ഇന്തോനേഷ്യയുടെ വിന്‍ഡി ഐസ 194 കിലോ ഭാരവും ഉയര്‍ത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.