മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പത്തു ദിവസം നീണ്ടുനിന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. ഞായാറാഴ്ച ഫാ. ജോസഫ് പാലക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. വി. അല്‍ഫോന്‍സാമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും നടന്നു. ഉച്ചകഴിഞ്ഞു രണ്ടിന് ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലും പാരീഷ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൊടിയിറക്കിയതോടെ ഈ വര്‍ഷത്തെ തിരുനാളാഘോഷങ്ങള്‍ക്കു സമാപനമായി.
ഡാലസ് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
ജൂലൈ 15 നാണ് ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ തിരുനാളിനു കൊടിയേറ്റിയത്. തുടര്‍ന്ന് ദിവസേന ദേവാലയത്തില്‍ വി. കുര്‍ബാനയും ആരാധനയും നൊവേനയും വചന സന്ദേശവും നടന്നു. വി. അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങാനും മാധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കാനും അനേകരാണ് ദേവാലയത്തില്‍ എത്തിചേര്‍ന്നത്.
ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ ജോസഫ് പാലക്കല്‍, ഫാ. ടോണി മാപ്പറമ്പില്‍, റവ. ഫാ. അബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. പയസ് തെക്കേവയലില്‍, ഫാ. റെനി എബ്രഹാം കട്ടയില്‍, ഫാ. ജോസ് കാട്ടേക്കര, ഫാ. ലൂക്ക് കളരിക്കല്‍, ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. സോജന്‍ പുതിയാപറമ്പില്‍ തുടങ്ങിയവര്‍ തിരുനാള്‍ ദിനങ്ങളില്‍ ദിവ്യബലിയും തിരുകര്‍മ്മങ്ങളും അര്‍പ്പിച്ചു.
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ച് ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലും പാരീഷ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കൊടിയിറക്കുന്നു.
23, 24 തീയതികളില്‍ നടന്ന കലാപരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. കുടുംബ യൂണിറ്റുകളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന കലാപരിപാടികളും 'മത്തന്‍ കുത്തിയാല്‍...' എന്ന പേരില്‍ ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഹാസ്യനാടകവും ശ്രദ്ധേയമായി.
24-നു ദേവാലയ അങ്കണത്തില്‍ ഒരുക്കിയ ഭക്ഷ്യമേളയിലെ സ്റ്റാളുകളില്‍ കേരളത്തിന്റെ രുചിയൂറുന്ന തനതായ വിഭവങ്ങള്‍ ലഭ്യമായിരുന്നു. ഇടവകയിലെ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി നടന്ന ഗാനമേള ആസ്വാദ്യ ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നതായി.
സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഫാ. ജോസഫ് പാലക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഞായാറാഴ്ച നടന്ന തിരുനാള്‍ കുര്‍ബാന
കൈക്കാരന്മാരായ സി.വി ജോര്‍ജ്, ജയമോന്‍ ജോസഫ്, സജേഷ് അഗസ്റ്റിന്‍, സിജോ ജോസ്, ഷെല്ലി വടക്കേക്കര (സെക്രട്ടറി) എന്നിവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.