ചരക്കുഗതാഗത രംഗത്ത് ജീവനക്കാരെ തിരുകികയറ്റി ലഹരി മാഫിയ; ഓസ്‌ട്രേലിയയില്‍ ലഹരി വിതരണത്തിന് പുതിയ തന്ത്രം

ചരക്കുഗതാഗത രംഗത്ത് ജീവനക്കാരെ തിരുകികയറ്റി  ലഹരി മാഫിയ; ഓസ്‌ട്രേലിയയില്‍ ലഹരി വിതരണത്തിന് പുതിയ തന്ത്രം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മയക്കുമരുന്നു മാഫിയയുടെ 'മോഡസ് ഓപ്പറാന്‍ഡി' യെക്കുറിച്ച് (കൃത്യം നടത്തുന്ന രീതി) കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ്യത്തെ ഇന്റലിജന്‍സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങള്‍ കിട്ടിയത്. കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷനുകള്‍ വഴിയും പാഴ്‌സല്‍ സെന്ററുകള്‍ വഴിയും വന്‍ തോതില്‍ മയക്കുമരുന്നു കൈമാറ്റം ആഭ്യന്തര രാജ്യാന്തര തലത്തില്‍ നടക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിലരെ അറസ്റ്റ് ചെയ്തപ്പോഴാണ് ഈ ക്രൈം സിന്‍ഡിക്കേറ്റിക്കെുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്.

വിമാനത്താവളങ്ങളിലെ കാര്‍ഗോ വഴിയും തുറമുഖങ്ങളിലെ ചരക്കു സേവനത്തെ മറയാക്കിയും വിദേശത്തുനിന്ന് ഓസ്‌ട്രേലിയയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്‌തെന്നും അവ പിന്നീട് രാജ്യത്തെ കാരിയര്‍ ശൃംഖല ഉപയോഗിച്ച് വിതരണം ചെയ്‌തെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

മയക്കുമരുന്ന് സംഘടനകള്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന അനം ആപ്പ് സൈബര്‍ വിദഗ്ധരെ ഉപയോഗിച്ച് ചോര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് മാഫിയയുടെ കണ്ണികള്‍ രാജ്യത്തെ പല തുറമുഖങ്ങളിലും പാഴ്‌സല്‍ സര്‍വീസുകളിലും കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷനുകളിലും നുഴഞ്ഞുകയറിയതായി തിരിച്ചറിഞ്ഞതെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മിഷണര്‍ റീസ് കെര്‍ഷോ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് 29 നുഴഞ്ഞുകയറ്റക്കാരെ അറസറ്റ് ചെയ്തിരുന്നു. ചരക്ക് സേവന മേഖലയിലും കൊറിയര്‍ സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമൊക്കെ സാധാരണ ജോലിക്കാരായി കയറിപ്പറ്റിയാണ് മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്.

രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളിലൊക്കെ ഇത്തരം മയക്കുമരുന്നു മാഫിയകളുടെ കണ്ണികള്‍ കടന്നു കയറിയതായി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ്, ദി ഏജ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളായ എന്‍.എന്‍.ആര്‍ ഗ്ലോബല്‍, സ്റ്റീവ്‌ഡോറിങ് കമ്പനി, പാട്രിക് ടെര്‍മിനല്‍സ് വിമാനത്താവളങ്ങള്‍ വഴി ചരക്കു സേവനങ്ങള്‍ നടത്തുന്ന ഡിനാറ്റ, ചരക്ക് മേഖലയിലെ ഭീമന്മാരായ ടോള്‍, ടി.എന്‍.ടി ലിന്‍ഫോക്‌സ് എന്നീ സ്ഥാപനങ്ങളിലെ ചില ജീവനക്കാര്‍ ആസൂത്രിത കുറ്റവാളി സംഘങ്ങളുമായി നേരിട്ടു ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാര്‍ക്ക് ഇത്തരം ക്രൈം സിന്‍ഡിക്കേറ്റുകളുമായി ബന്ധമുണ്ടെന്നു സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പറേഷന്‍ അയണ്‍ സൈഡ് എന്ന പേരിലായിരുന്നു ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഇത്തരം ലഹരി മരുന്ന് സംഘങ്ങളുടെ സൈബര്‍ ആപ്പുകളില്‍ നുഴഞ്ഞുകയറി മാസങ്ങളായി വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഇത്തരം ലഹരി കടത്ത് സംഘങ്ങളെ നിയന്ത്രിക്കുന്നവരും ചരക്ക് സേവന മേഖലയില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാരും നടത്തിയ സംഭാഷണങ്ങളാണ് പ്രധാന തെളിവായത്. ഇതിനു പിന്നാലൊണ് 29 പേരുടെ അറസ്റ്റ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.