ക്രിസ്ത്യന്‍ കുഞ്ഞുങ്ങളുടെ ജനന നിരക്കിലെ സര്‍ക്കാര്‍ കണക്ക് ഞെട്ടിക്കുന്നത്; പാലാ രൂപതയുടെ ചരിത്രപരമായ തീരുമാനത്തിന് പിന്തുണയേറുന്നു

ക്രിസ്ത്യന്‍ കുഞ്ഞുങ്ങളുടെ ജനന നിരക്കിലെ സര്‍ക്കാര്‍ കണക്ക് ഞെട്ടിക്കുന്നത്; പാലാ രൂപതയുടെ ചരിത്രപരമായ തീരുമാനത്തിന് പിന്തുണയേറുന്നു

ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തിന് മറ്റൊരു ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന്റെ മൂന്നിലൊന്നു പോലും കുട്ടികള്‍ കേരളത്തില്‍ ജനിക്കുന്നില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊച്ചി: ഫ്രാന്‍സീസ് മാര്‍പാപ്പായുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ കുടുംബ വര്‍ഷമായി ആഗോള കത്തോലിക്കാ സഭ ആചരിക്കുന്നതിന്റെ ഭാഗമായി പാലാ രൂപത പ്രഖ്യാപിച്ച കുടുംബ ക്ഷേമ പദ്ധതികളെ ക്രിസ്ത്യാനികള്‍ സ്വാഗതം ചെയ്യുമ്പോള്‍ മനോനില തെറ്റിയ ചില മാധ്യമ 'വിധികര്‍ത്താക്കളും' ചില സഭാ വിരോധികളും ചേര്‍ന്ന് നടത്തുന്ന അന്തിച്ചര്‍ച്ചകളും അച്ചു നിരത്തലുകളും പരമ പുച്ഛത്തോടെ തള്ളിക്കളയുകയാണ് ക്രൈസ്തവ വിശ്വാസികള്‍.

കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്ന പ്രതികരണങ്ങള്‍ ഇതിന് തെളിവാണ്. ന്യൂസ് റൂമിലിരുന്ന് മുന്‍കൂട്ടി അജണ്ട നിശ്ചയിച്ച്, അതിനു പറ്റിയ ചിലരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ച ശേഷം സ്റ്റുഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന അവതാരകരുടെ അധര വ്യായാമങ്ങള്‍ കണ്ടുമടുത്ത സാധാരണ മലയാളികളുടെ പ്രതികരണമാണിത്. ജാതിമത ഭേദമന്യേ നിരവധി ആളുകളാണ് കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെയുള്ള ചില ചാനല്‍ അവതാരകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും അമിതാവേശത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

എന്നാല്‍ സഭാ വിമര്‍ശകര്‍ മനസിലാക്കാത്ത ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാം. ഇത് നിങ്ങള്‍ ചെയ്യുന്നതു പോലെ തട്ടിക്കൂട്ടിയുണ്ടാക്കിയ വിവരങ്ങളല്ല. കേരള സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2018 ലെ ആനുവല്‍ വിറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമുള്ള വ്യക്തമായ കണക്കാണ്.

ഇതുപ്രകാരം 2018 ല്‍ കേരളത്തില്‍ ജനിച്ച കുട്ടികളുടെ ജനന നിരക്ക് ഇപ്രകാരമാണ്. ഹിന്ദു കുട്ടികള്‍ - 2,03,158 (41.69%), മുസ്ലിം കുട്ടികള്‍ - 2,13,805 (43.74%), ക്രിസ്ത്യന്‍ കുട്ടികള്‍ - 69,844 (14.30%). ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തിന് മറ്റൊരു ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന്റെ മൂന്നിലൊന്നു പോലും കുട്ടികള്‍ കേരളത്തില്‍ ജനിക്കുന്നില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2018 ല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ജനിച്ച കുട്ടികളുടെ ക്രമം പരിശോധിക്കുകയാണെങ്കില്‍
ഒന്നാമത്തെതായി ഉണ്ടായ കുട്ടികള്‍ മുസ്ലിം - 80,044, ക്രിസ്ത്യന്‍ - 33,483.
രണ്ടാമത്തെതായി ഉണ്ടായ കുട്ടികള്‍ മുസ്ലിം - 71,901, ക്രിസ്ത്യന്‍ - 26,565.
മൂന്നാമത്തെതായി ഉണ്ടായ കുട്ടികള്‍ മുസ്ലിം - 45,694, ക്രിസ്ത്യന്‍ - 8,124.
നാലാമത്തെതായി ഉണ്ടായ കുട്ടികള്‍ മുസ്ലിം - 12,770, ക്രിസ്ത്യന്‍ - 954.
അഞ്ചാമത്തെതായി ഉണ്ടായ കുട്ടികള്‍ മുസ്ലിം - 2,464, ക്രിസ്ത്യന്‍ - 208.



പാലാ രൂപത പ്രഖ്യാപിച്ച മാതൃകാപരമായ കുടുംബ ക്ഷേമ പദ്ധതികള്‍ ഇടുക്കി, പാലക്കാട് രൂപതകള്‍ കൂടി നടപ്പാക്കാന്‍ തീരുമാനിച്ചത് തികച്ചും സ്വാഗതാര്‍ഹമാണ്. താമരശേരി രൂപത വര്‍ഷങ്ങളായി ഇത്തരം ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. നാലാമത് മുതല്‍ ജനിക്കുന്ന കുട്ടികളുടെ പ്രസവത്തിനു വരുന്ന ചെലവ് രൂപതയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമാണ്.

ഈ കുട്ടികള്‍ക്കായി ബാങ്കുകളില്‍ അക്കൗണ്ടെടുത്ത് അവര്‍ക്ക് പതിനെട്ട് വയസ് തികയുന്നതു വരെ പ്രതിവര്‍ഷം 6,000 രൂപ വീതം രൂപത നിക്ഷേപിക്കും. പതിനെട്ടു വയസ് തികഞ്ഞാല്‍ പ്രസ്തുത തുക അവരുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതുകൂടാതെ ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് മറ്റു ചില പഠന സൗകര്യങ്ങളും രൂപത ചെയ്തു കൊടുക്കുന്നുണ്ട്.

ഇങ്ങനെ വലിയ കുടുംബങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധ, നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് കാണേണ്ടത്. സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നശിപ്പിക്കാനുള്ള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത് എന്നതും അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തരത്തില്‍ ചരിത്രപരമായ പല തീരുമാനങ്ങളും കത്തോലിക്കാ സഭ മുമ്പും കൈക്കൊണ്ടിട്ടുണ്ട്. അതിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിട്ടിട്ടുള്ള പാരമ്പര്യമാണ് ആഗോള കത്തോലിക്കാ സഭയ്ക്കുള്ളത്. സത്യം മനസിലാക്കിയ വിമര്‍ശകര്‍ പിന്നിട് സഭയോട് ഐക്യപ്പെട്ട ചരിത്രവുമുണ്ട്.

അതുകൊണ്ട് അരയില്‍ കെട്ടിയ ചരടിന്റെ മറുതല ചാനല്‍ മുതലാളിയുടെ കൈയ്യിലിരിക്കുമ്പോള്‍ സ്റ്റുഡിയോയില്‍ വന്നിരുന്ന് പാവ കളിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട അവതാരകരുടെ ദൈന്യതയോര്‍ത്ത് മൂക്കത്ത് വിരല്‍ വയ്ക്കാനേ കത്തോലിക്കാ സമൂഹത്തിനാകുന്നൊള്ളൂ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.