സിഡ്‌നി: ഇന്ത്യയില്‍നിന്ന് മോഷ്ടിച്ചുകടത്തിയ കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഓസ്‌ട്രേലിയ തിരിച്ചുനല്‍കുന്നു. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള ശില്‍പങ്ങളും ഫോട്ടോഗ്രാഫുകളും അടങ്ങിയ 14 അമൂല്യ കലാസൃഷ്ടികളാണ് നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയ ഇന്ത്യയ്ക്കു തിരിച്ചുനല്‍കുന്നത്.
മുപ്പതു ലക്ഷം ഡോളര്‍ വിലവരുന്ന കലാസൃഷ്ടികള്‍ 2002-നും 2010-നും ഇടയിലാണ് നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയ (എന്‍.ജി.എ) വാങ്ങുന്നത്. യു.എസിലുള്ള ആര്‍ട്ട് ഓഫ് പാസ്റ്റ് എന്ന ഗാലറിയില്‍ നിന്നാണ് 13 കലാസൃഷ്ടികള്‍ വാങ്ങിയത്. ഇന്ത്യൻ വംശജനായ സുഭാഷ് കപൂര്‍ എന്നയാളാണ് ഗാലറി നടത്തിയിരുന്നത്. അമൂല്യവും അപൂര്‍വവുമായ പുരാതന വസ്തുക്കള്‍ ഇന്ത്യയില്‍നിന്ന് കടത്തിയതിന് സുഭാഷ് കപൂര്‍ ഇപ്പോള്‍ വിചാരണ കാത്തിരിക്കുകയാണ്. അതില്‍ ഒരു കലാസൃഷ്ടി 1989-ല്‍ അന്തരിച്ച ന്യൂയോര്‍ക്കിലെ ആര്‍ട്ട് ഡീലര്‍ വില്യം വോള്‍ഫില്‍നിന്നാണ് വാങ്ങിയത്.
നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയ സുഭാഷ് കപൂറില്‍ 2009 ല്‍ വാങ്ങിയ ഗുജറാത്തി കുടുംബത്തിന്റെ ഛായാചിത്രം
പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ കല്ലിലും വെങ്കലത്തിലും നിര്‍മിച്ച ആറു ശില്‍പങ്ങള്‍, ആറ് ഫോട്ടോഗ്രാഫുകള്‍, ഹൈദരാബാദില്‍നിന്നു കടത്തിയ 1851-ലെ പിച്ചളയില്‍ തീര്‍ത്ത കലാസൃഷ്ടി, രാജസ്ഥാനില്‍നിന്നുള്ള 1835 ലെ ചുരുളെഴുത്ത് എന്നിവയാണ് തിരിച്ചുനല്‍കുന്ന പുരാവസ്തുക്കൾ. ഇതു നാലാം തവണയാണ് ഇന്ത്യയില്‍നിന്നു കടത്തിയ പുരാവസ്തുക്കള്‍ നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയ തിരിച്ചുനല്‍കുന്നത്. ആറ് കലാസൃഷ്ടികള്‍ മോഷ്ടിക്കപ്പെട്ടതോ നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്ന് കടത്തിയതോ ആണെന്നു തെളിഞ്ഞതായി ഗാലറി ഡയറക്ടര്‍ നിക്ക് മിറ്റ്സെവിച്ച് പറഞ്ഞു.
എല്ലാം മോഷ്ടിക്കപ്പെട്ടവയാണെന്നതിനു തെളിവുകളില്ല. എങ്കിലും സുഭാഷ് കപൂറില്‍നിന്നു വാങ്ങിയ കലാസൃഷ്ടികള്‍ ഇന്ത്യയ്ക്കു കൈമാറാനാണു തീരുമാനം. കപൂറിന്റെ ധാര്‍മ്മികതയില്‍ തങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടതായി മിറ്റ്സെവിച്ച് പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നുള്ള ചിത്രം. 2009 ല്‍ വാങ്ങിയത്.
പുരാവസ്തുക്കള്‍ കൈമാറുന്നതു സംബന്ധിച്ച് അടുത്ത രണ്ട് മാസങ്ങളില്‍ ചര്‍ച്ചചെയ്യും. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീങ്ങി യാത്ര സുഗമമാകുമ്പോള്‍ കൈമാറാനാണു തീരുമാനം. നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയയില്‍നിന്ന് തിരിച്ചുനല്‍കുന്ന ഏറ്റവും വലിയ ശേഖരമാണിത്. കൂടുതല്‍ പുരാവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടവയല്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് ഗാലറി അധികൃതര്‍.
പതിനൊന്നാം നൂറ്റാണ്ടിലെ ശില്‍പം
മോഷ്ടിച്ചു കടത്തിയ പുരാവസ്തുക്കള്‍ തങ്ങളുടെ കൈവശമെത്തിയത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇക്കാര്യത്തില്‍ സ്ഥാപനത്തിനു ഖേദമുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മിറ്റ്സെവിച്ച് പറഞ്ഞു. ചരിത്രവുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നമാണിത്. രാജ്യാന്തര തലത്തില്‍ നടന്ന തട്ടിപ്പിന്റെ ഇരയായി എന്‍.ജി.എ മാറുകയായിരുന്നു. ലോകത്തിലെ ഒരു ഡസനിലധികം സ്ഥാപനങ്ങള്‍ തട്ടിപ്പു സംഘത്തിന്റെ കെണയില്‍പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടരാജ ശില്‍പം
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ 'ആര്‍ട്ട് ഓഫ് പാസ്റ്റ്' ഗാലറിയില്‍നിന്ന് 22 കലാസൃഷ്ടികളാണ് 10.7 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് എന്‍.ജി.എ വാങ്ങിയത്. അതില്‍ പതിനൊന്നാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ വെങ്കല ശില്‍പം, നടരാജ ശില്‍പം ഉള്‍പ്പെടെ അമൂല്യ ശേഖരവുമുണ്ട്.
ആര്‍ട്ട് ഓഫ് പാസ്റ്റില്‍ നിന്ന് വാങ്ങിയ നൃത്തം ചെയ്യുന്ന നടരാജ ശില്‍പം തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നു 2014-ല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗാലറിയിലെ ശേഖരങ്ങളുടെ ഉറവിടം സംബന്ധിച്ച് സംശയങ്ങള്‍ ജനിച്ചത്.
2008 ല്‍ 5.6 മില്യണ്‍ ഡോളറിന് വാങ്ങിയ ചോള കാലഘട്ടത്തിലെ വെങ്കല ശില്‍പം 2014 സെപ്റ്റംബറില്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് മുന്‍കൈയെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചുനല്‍കിയിരുന്നു. ഒപ്പം കപൂര്‍ ന്യൂ സൗത്ത് വെയില്‍സിലെ ആര്‍ട്ട് ഗ്യാലറിക്ക് വിറ്റ ശില്‍പവും കൈമാറി.
ഇന്ത്യയിലും യുഎസിലും ഇരട്ട പൗരത്വമുള്ള കപൂര്‍ 1974 ലാണ് അമേരിക്കയില്‍ ആര്‍ട്ട് ഓഫ് ദ പാസ്റ്റ് സ്ഥാപിച്ചത്. ആഗോള കലാ വിപണിയില്‍ വലിയ സ്വാധീനശക്തിയായി ഇതോടെ കപൂർ മാറി. നിരവധി പ്രശസ്ത സ്ഥാപനങ്ങള്‍ക്ക് കലാസൃഷ്ടികള്‍ വില്‍ക്കുകയും സംഭാവന നല്‍കുകയും ചെയ്തു.
ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം, ലോസ് ഏഞ്ചല്‍സ് കൗണ്ടി മ്യൂസിയം, ബോസ്റ്റണിലെ ഫൈന്‍ ആര്‍ട്‌സ് മ്യൂസിയം, മസാച്യുസെറ്റ്‌സിലെ സേലത്തെ പീബോഡി എസെക്‌സ് മ്യൂസിയം, സിംഗപ്പൂരിലെ ഏഷ്യന്‍ നാഗരിക മ്യൂസിയം, നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയില്‍സിലെ ആര്‍ട്ട് ഗ്യാലറി തുടങ്ങിയ സ്ഥാപനങ്ങള്‍ കപൂറില്‍നിന്ന് കലാസൃഷ്ടികള്‍ വാങ്ങിയിട്ടുണ്ട്.
പുരാതന വസ്തുക്കള്‍ മോഷ്ടിച്ചതിനും അനധികൃതമായി കടത്തിയതിനും 2012 ജൂലൈയില്‍ ഇന്റര്‍പോള്‍ അദ്ദേഹത്തെ ജര്‍മ്മനിയില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. കുറ്റം തെളിഞ്ഞാല്‍ 14 വര്‍ഷം വരെ ജയിലില്‍ അടയ്ക്കാം.
അഫ്ഗാനിസ്ഥാന്‍, കംബോഡിയ, ഇന്ത്യ, ഇന്തോനേഷ്യ, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുരാതന വസ്തുക്കള്‍ കൊള്ളയടിക്കുന്ന ഒരു രാജ്യാന്തര ശൃംഖലയാണ് സുഭാഷ് കപൂറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പുരാതന വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന ആരോപണമുണ്ട്.
1986 നും 2016 നും ഇടയില്‍ 145 മില്യണ്‍ യുഎസ് ഡോളര്‍ വിലവരുന്ന 2,600 ലധികം വസ്തുക്കള്‍ യുഎസിലേക്കു കടത്തിയതായി കപൂറിനെതിരേ ആരോപണമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.