ശാസ്ത്ര വളര്‍ച്ചയില്‍ സഭാ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഏഴാം ഭാഗം.
നമ്മളെല്ലാവരും ശാസ്ത്രജ്ഞരെപ്പറ്റി ചിന്തിക്കുമ്പോള്‍ പൊതുവില്‍ പുരുഷ കേന്ദ്രീകൃതമായാണ് ചിന്തിക്കുന്നത്. എന്നാല്‍ ശാസ്ത്ര മേഖലയിലെ സ്ത്രീ സാന്നിധ്യത്തിന്റെ തെളിവാണ് മരിയ മൈക്കിള്‍ സ്റ്റിന്‍സണ്‍. മാഡം മേരി ക്യൂറിയെപ്പോലെ ചുരുക്കം ചില സ്ത്രീകള്‍ മാത്രമേ ഈ മേഖലയില്‍ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വന്നിട്ടുള്ളൂ. അമേരിക്കയില്‍ ജനിച്ച മരിയ മൈക്കിള്‍ സ്ത്രീകള്‍ക്കിടയില്‍ നിന്നും ശാസ്ത്രത്തില്‍ നിസ്തുല സംഭവനകള്‍ നടത്തിയിട്ടുള്ള ഒരാളാണ്. 1913 ഡിസംബര്‍ 24 നാണ് ജനനം.
മരിയന്‍ എമ്മ എന്നായിരുന്നു മഠത്തില്‍ ചേരുന്നത് വരെ അവരുടെ പേര്. ചിക്കാഗോയിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് മരിയ മൈക്കിള്‍ ജനിക്കുന്നത്. മിഷിഗണിലുള്ള സിയന്നാ ഹൈറ്റ്‌സ് എന്ന സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. 1935 ല്‍ അഡ്രിയാന്‍ ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് എന്ന സഭയില്‍ ചേര്‍ന്നു. 1936 ല്‍ അവര്‍ രസതന്ത്രത്തില്‍ ബി.എസ് പാസായി. തുടര്‍ന്ന് പഠനം സിന്‍സിനാറ്റിയിലേക്ക് മാറ്റുകയും 1939 ല്‍ അവിടെ നിന്ന് എം.എസ് പാസാവുകയും ചെയ്തു.
1948 ല്‍ രസതന്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. 1948 മുതല്‍ 1968 വരെ രസതന്ത്ര വിഭാഗത്തിന്റെ നേതൃസ്ഥാനം മരിയ മൈക്കിള്‍ വഹിച്ചു. 1953 ല്‍ മേരി ക്യൂറിക്ക് ശേഷം സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുക്കുന്ന ആദ്യ സ്ത്രീയായി മാറി. കോശങ്ങളുടെ പഠനത്തില്‍ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ചതിനാണ് ആദ്യ കാലങ്ങളില്‍ അവര്‍ അംഗീകരിക്കപ്പെട്ടത്. ഇതാണ് സോര്‍ബോണില്‍ ക്ലാസെടുക്കാനുള്ള ക്ഷണം അവര്‍ക്ക് ലഭിക്കാനിടയാക്കിയത്. ഫ്രാന്‍സിലെ പ്രശസ്തമായ നോത്രെദം യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുക്കുന്ന ആദ്യ വനിത മരിയ മൈക്കിള്‍ ആണ്.
മുതിര്‍ന്ന സഹോദരന്റെ പോളിയോ രോഗവും സഹോദരന്റെ ഹൃദയ സംബന്ധമായ രോഗവും അമ്മയുടെ രക്തസമ്മര്‍ദം മൂലമുള്ള പ്രശ്‌നങ്ങളും ചെറുപ്പം മുതലേ കണ്ടു വളര്‍ന്നതിനാല്‍ രോഗങ്ങളുടെ മേഖലയില്‍ മനുഷ്യരാശിയെ സഹായിക്കുക എന്നത് ജീവിത നിയോഗമായി അവര്‍ തിരഞ്ഞെടുത്തു. അര്‍ബുദത്തിന്റെയും രക്തം കട്ടിപിടിപ്പിക്കുന്ന ചികിത്സയുടെയും മേഖലയിലാണ് ആദ്യം ശ്രദ്ധ പതിപ്പിച്ചത്. ഇന്നത്തെ Preparation H എന്ന മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത് ഈ മേഖലയില്‍ മരിയ മൈക്കിള്‍ നടത്തിയ പഠനങ്ങളാണ്.
അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് രാസ പദാര്‍ത്ഥങ്ങളെ പഠിച്ച മരിയ മൈക്കിളിന്റെ രീതി ശാസ്ത്രമാണ് പിന്നീട് ഡിഎന്‍എയുടെ വിശദമായ പഠനത്തിലേക്ക് നയിച്ചത്. ഒരു മോളിക്യൂളിലെ ആറ്റം എപ്പോഴും സഞ്ചാരത്തിലാണ്. ഓരോരോ ആറ്റവും വ്യത്യസ്തമായ രീതിയിലാണ് ഈ സഞ്ചാരം നടത്തുന്നത്. കാര്‍ബണ്‍, ഹൈഡ്രജന്‍ എന്നിവ സംയോജിക്കുമ്പോഴുള്ള ബോണ്ട് കാര്‍ബണ്‍, ഓക്‌സിജന്‍ എന്നിവ സംയോജിക്കുമ്പോഴുള്ളതില്‍നിന്നും വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള 'രാസവിരലടയാളം' കണ്ടുപിടിക്കുക അവരുടെ പരിശ്രമമായിരുന്നു.
അന്നുവരെ നിലവിലുണ്ടായിരുന്ന രീതികള്‍ ഇതിനു പര്യാപ്തമായിരുന്നില്ല. അതിനാല്‍ മരിയ മൈക്കിള്‍ പുതിയൊരു രീതി അവലംബിച്ചു. പഠന വിധേയമായ രാസപദാര്‍ത്ഥം പൊട്ടാസിയം ബ്രോമൈഡിനോട് ചേര്‍ത്തതിനു ശേഷം സുതാര്യമായ ഒരു പെല്ലെറ്റിന് മുകളില്‍ വെച്ചു പരിശോധിക്കുക എന്നതായിരുന്നു അവര്‍ അവലംബിച്ച മാര്‍ഗം. പോസിറ്റീവ് ചാര്‍ജുള്ള പൊട്ടാസിയം അയോണും നെഗറ്റീവ് ചാര്‍ജുള്ള ബ്രോമൈഡ് അയോണും തമ്മിലുള്ള ബന്ധത്തില്‍ വലിവുകളോ (Stretch) വളയ്ക്കലുകളോ (Bend) ഇല്ല. അതിനാല്‍ ഈ രാസവസ്തു മറ്റു പദാര്‍ത്ഥങ്ങളുടെ ഘടനാ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ല.
പൊട്ടാസിയം ബ്രോമൈഡ് ഉപയോഗിക്കുന്നതിനു മുന്‍പ് എണ്ണ കലര്‍ന്ന പദാര്‍ഥങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇവ സൂക്ഷ്മ നിരീക്ഷണത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ലളിതവും ഋജുവുമായ രാസ പദാര്‍ത്ഥങ്ങളുടെ ഘടനാ പഠനത്തില്‍ നിര്‍ണായകമായ ഒരു ചുവടുവെയ്പായിരുന്നു ഈ കണ്ടുപിടുത്തം. ഇത് പിന്നീട് ഡിഎന്‍എയുടെ പഠനത്തില്‍ ഉപയോഗിക്കപ്പെട്ടു.
മരിയ മൈക്കിള്‍ ഡിഎന്‍എ പഠനത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ന്യൂക്ളിയോറ്റൈഡുകള്‍ (Nucleotide) ഡിഎന്‍എയുടെ പുറത്താണ് എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവരുടെ പഠനം ന്യൂക്ളിയോറ്റൈഡുകള്‍ ഡിഎന്‍എ യുടെ അകത്താണ് എന്ന് തെളിയിച്ചു. ഈ നിരീക്ഷണമാണ് ഇന്നും നിലവിലിരിക്കുന്ന ഇരട്ട ഹെലിക്കല്‍ ശ്രേണി (Double Helical Ladder) എന്ന മാതൃകയിലേക്ക് നയിച്ചത്.
ഈ ശ്രേണിയുടെ കണ്ടുപിടുത്തം ഫ്രാന്‍സിസ് ക്രിക്ക്, മൗറിസ് വില്‍കിന്‍സ്, ജെയിംസ് വാട്‌സണ്‍ എന്നീ ശാസ്ത്രജ്ഞര്‍ക്ക് 1962 ല്‍ നോബല്‍ സമ്മാനം നേടിക്കൊടുത്തു. എന്നാല്‍ ഇവരുടെ പുരസ്‌കാരലബ്ധിക്കു പിന്നില്‍ വില്‍കിന്‍സിന്റെ സഹായിയായിരുന്ന റോസലിന്‍ഡ് ഫ്രാങ്ക്ളിന്‍, മരിയ മൈക്കിള്‍ സ്റ്റിന്‍സണ്‍ എന്നിവരുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ഇവരുടെ സംഭാവനകള്‍ അവഗണിച്ചാല്‍ മറ്റു മൂവരും ഈ പുരസ്‌കാരത്തിന് അര്‍ഹരാകുമായിരുന്നില്ല.
തന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളും പഠനങ്ങളും നിത്യമായ സത്യത്തിലേക്ക് തന്നെ കൂടുതലായി അടുപ്പിക്കുന്നതാണെന്നും അതുവഴിയായി ദൈവത്തോട് കൂടുതല്‍ യോജിപ്പിക്കുന്നതാണെന്നും ഒരു ലേഖനത്തില്‍ മരിയ മൈക്കിള്‍ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തെയും മനുഷ്യവര്‍ഗത്തെയും കൂടുതലായി മനസിലാക്കാനും മനുഷ്യന്റെ പരിതസ്ഥിതിയില്‍ അവനെ കൂടുതല്‍ സഹായിക്കാനുമാണ് പഠനങ്ങളിലൂടെ അവര്‍ പരിശ്രമിച്ചത്.
ഡൊമിനിക്കന്‍ സഭക്കാര്‍ക്ക് സഹജമായ സത്യത്തോടുള്ള തുറവി അവരുടെയുള്ളില്‍ രൂഢമൂലമായ ഒരു മൂല്യമായിരുന്നുവെന്നും ഈ മൂല്യം അവരെ ദൈവത്തോട് കൂടുതലായി അടുക്കാന്‍ സഹായിച്ചെന്നും അവരുടെ സഹപ്രവര്‍ത്തകരും ശിഷ്യരും അവരെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു. 2002 ജൂണ്‍ 15 ന് ഈ ലോകത്തോട് മരിയ മൈക്കിള്‍ സ്റ്റിന്‍സണ്‍ വിടപറഞ്ഞു. ഇന്നും ശാസ്ത്ര ലോകത്ത് പ്രതിഭ തെളിയിച്ച പ്രഗത്ഭയായ വനിതയായി ഈ കാതോലിക്കാ സന്യാസിനി രാജിക്കുന്നു.
അടുത്ത ലക്കം: റോജര്‍ ജെ ബോസ്‌കോവിച്ച്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.