ഓസ്‌ട്രേലിയയില്‍നിന്ന് പി.എന്‍.ജിയിലേക്ക് പാരാഗ്ലൈഡറില്‍ അതിസാഹസിക യാത്ര; കോവിഡ് നിയന്ത്രണം മൂലം പറന്നിറങ്ങിയത് മറ്റൊരിടത്ത്

ഓസ്‌ട്രേലിയയില്‍നിന്ന് പി.എന്‍.ജിയിലേക്ക് പാരാഗ്ലൈഡറില്‍ അതിസാഹസിക യാത്ര; കോവിഡ് നിയന്ത്രണം മൂലം പറന്നിറങ്ങിയത് മറ്റൊരിടത്ത്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍നിന്ന് അയല്‍രാജ്യമായ പപ്പുവ ന്യൂ ഗിനിയയിലേക്ക് പാരാഗ്ലൈഡറില്‍ ആദ്യമായി അന്താരാഷ്ട്ര യാത്ര നടത്താനുള്ള യുവാവിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. ടിം റൗളിന്‍സണ്‍ എന്ന യുവാവിനാണ് ലക്ഷ്യസ്ഥാനത്തിനു നാലു കിലോമീറ്റര്‍ മുന്‍പ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയിലെ കേപ് യോര്‍ക്ക് ഉപദ്വീപിന്റെ വടക്കേ അറ്റത്തു നിന്ന് ജൂലൈ 16-ന് പുലര്‍ച്ചെയാണ് ഇദ്ദേഹം പാരാഗ്ലൈഡറില്‍ പപ്പുവ ന്യൂ ഗിനിയയിലേക്കു യാത്ര തിരിച്ചത്. മൂന്ന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്ത റൗളിന്‍സണ്‍, ഓസ്ട്രേലിയയും ന്യൂ ഗിനിയയും തമ്മിലുള്ള കടലിടുക്കായ ടോറസ് കടലിടുക്കിലെ സായിബായ് ദ്വീപില്‍ ഇറങ്ങി.

പപ്പുവ ന്യൂ ഗിനിയയിലേക്കു പറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം അവിടെ ഇറങ്ങാനായില്ല. മൂന്ന് വര്‍ഷമായി പാരാഗ്ലൈഡിംഗ് നടത്തുന്ന റൗളിന്‍സണ്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ഓസ്ട്രേലിയയില്‍നിന്നു ന്യൂ ഗിനിയയിലേക്കു സാഹസിക യാത്ര നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് ആരും പാരാഗ്ലൈഡറില്‍ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു പറന്നിട്ടില്ല. പാരാഗ്ലൈഡറില്‍ മറ്റൊരു രാജ്യത്തേക്ക് പറക്കുന്ന ആദ്യ വ്യക്തിയാകാനുള്ള അവസരമാണ് കോവിഡ് തകര്‍ത്തത്.


സായ്ബായ് ദ്വീപിലെ പോലീസിനൊപ്പം ടിം റൗളിന്‍സണ്‍.

പപ്പുവ ന്യൂ ഗിനിയയ്ക്കു സമീപമുള്ള ഓസ്ട്രേലിയന്‍ ദ്വീപായ സായിബായിലാണ് റൗളിന്‍സണ്‍ ഇറങ്ങിയത്. അതേസമയം അപ്രതീക്ഷിതമായി ആകാശത്തുനിന്ന് ഒരാള്‍ പറന്നിറങ്ങിയത് ദ്വീപുവാസികളെ അമ്പരിപ്പിച്ചു. ഒരാള്‍ വിമാനത്തില്‍ നിന്ന് ചാടിയതാണെന്നാണ് നാട്ടുകാര്‍ കരുതിയത്. ആകാശത്ത് നിന്ന് ഒരാള്‍ പറന്നിറങ്ങിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് റൗളിന്‍സണിനെ പോലീസ് ചോദ്യം ചെയ്തു. യാത്രാരേഖകള്‍ കാണിച്ചതോടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പോലീസിനു മനസിലായതായി റൗളിന്‍സണ്‍ പറഞ്ഞു. യാത്രയ്ക്കായി ടോറസ് കടലിടുക്ക് റീജണല്‍ അതോറിറ്റിയുടെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെയും അനുമതി വാങ്ങിയിരുന്നു.


ടോറസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോള്‍ ടിം റൗളിന്‍സണ്‍ പാരാഗ്ലൈഡറില്‍നിന്നെടുത്ത ചിത്രം

വെള്ളത്തിനു മുകളിലൂടെ പാരാഗ്ലൈഡറില്‍ ആരും ഇത്രയും ദൂരം സഞ്ചരിച്ചിട്ടില്ലെന്നു റൗളിന്‍സണ്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, പപ്പുവ ന്യൂ ഗിനിയയില്‍ ഇറങ്ങാമായിരുന്നു. അതിന് രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. സുരക്ഷാ ജാക്കറ്റുകള്‍ അടക്കം, വെള്ളത്തില്‍ വീണ് അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സംവിധാനങ്ങളുമായാണ് റൗളിന്‍സണ്‍ യാത്ര ചെയ്ത്. 60 കിലോ ഭാരമുള്ള മോട്ടോര്‍ ശരീരത്തില്‍ ഘടിപ്പിച്ചാണ് റൗളിന്‍സണ്‍ പറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26