കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ ആൾക്കൂട്ടകൊലപാതകങ്ങൾ വർധിച്ചുവരികയാണ്. ഇത്തരം കൊലപാതങ്ങൾ 2010 ൽ 5% ആയിരുന്നത് 2019 ആയപ്പോഴേക്കും 20% ആയി ഉയർന്നു. അതായത് ആൾക്കൂട്ടകൊലപാതകങ്ങൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി വർധിച്ചുവെന്ന് വ്യക്തം. ദേശീയതലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 27 ആൾക്കൂട്ടകൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോരക്ഷയുടെയും, മതമൂല്യസംരക്ഷണങ്ങളുടെയും സദാചാര മൂല്യങ്ങളുടെയും പേരിലാണ് ഈ കൊലപാതകങ്ങൾ അധികവും നടന്നിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും മതത്തിൻറെ പേരിൽ ഉള്ളവയാണ് എന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതരത്വത്തിന്റെ സൂചനയാണ്.
2002 ലെ ഗോദ്ര കലാപവും 2015 ലെ ദാദ്രി കൂട്ടകൊലപാതകവും 2017 ഏപ്രിലിൽ രാജസ്ഥാനിൽ പെഹലുവാൻ എന്നയാൾ കൊല്ലപ്പെട്ടതും, ജാർഖണ്ഡിൽ 22കാരനായ തബ്രീസ് അൻസാരി മരണപ്പെട്ടതും, കഴിഞ്ഞ വർഷങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ നിരവധി ആൾക്കൂട്ട കൊലപാതകങ്ങളുമെല്ലാം മതതീവ്രവാദത്തിന്റെയും ഭൂരിപക്ഷ വർഗീയതയുടെയും നേർക്കാഴ്ചകൾ ആയിരുന്നു.
2019- ഇന്ത്യയിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ആക്രമണങ്ങളുടെ വെളിച്ചത്തിൽ ലോകരാഷ്ട്രങ്ങളിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടനയായ യുഎസ് കമ്മീഷൻ ഫോർ ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിങ് ‘സവിശേഷ ആശങ്കയോടെ പരിഗണിക്കേണ്ട രാജ്യങ്ങൾ’ (CPC - Country of Particular Concern) എന്ന വിഭാഗത്തിലേക്ക് തരം താഴ്ത്തണം എന്ന് അഭിപ്രായപ്പെട്ടു. നിലവിൽ നിക്കരാഗ്വ, നൈജീരിയ, ചൈന എന്നിവയാണ് ഈ കാറ്റഗറിയിൽ ഉള്ള രാജ്യങ്ങൾ എന്നതും കൂടി നാം ചേർത്തു ചേർത്തുവായിക്കുമ്പോൾ മതേതര ഇന്ത്യയുടെ മുഖം എത്രമാത്രം വികൃതമായി കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയണം. ആവർത്തിക്കപ്പെടുന്ന ആൾക്കൂട്ടകൊലപാതകങ്ങൾ രാജ്യാന്തര തലത്തിൽ നമ്മുടെ രാജ്യത്തിൻറെ വികസിതഭാവത്തെയും, മതേതര സ്വഭാവത്തെയും, സാംസ്കാരിക സമ്പന്നതയെയും തകർക്കുകയും, ലോകത്തിന് മുൻപിൽ ഇന്ത്യൻ ജനത ‘അപരിഷ്കൃതർ’ എന്ന് മുദ്രകുത്തപ്പെടാൻ ഇടയാവുകയും ചെയ്യുന്നു.
ആൾക്കൂട്ടകൊലപാതകങ്ങൾക്ക് നിയമപാലകരുടെ മൗനാനുവാദമോ
നിയമപാലകരെ സാക്ഷിയാക്കിയാണ് പല ആൾക്കൂട്ടകൊലപാതകങ്ങളും നടന്നത് എന്ന വസ്തുത വർഗീയതയെ അനുകൂലിക്കുന്ന ഭരണ വർഗ്ഗത്തിൻറെ കപട മുഖം വെളിവാക്കുന്നുണ്ട്. നാനാജാതിമതസ്ഥരെയും ഉൾക്കൊണ്ടു പോവുക എന്നതിനുപകരം വൈവിധ്യങ്ങളെ അടിച്ചമർത്തുക എന്ന പ്രവണത മതേതര ഇന്ത്യയുടെ ഉന്മൂലനാശം ആഗ്രഹിക്കുന്നവരുടെ ഗൂഢലക്ഷ്യമാണ്.
സമൂഹത്തിൽ അധീശത്വം ഉള്ള വിഭാഗം അവരുടെ നിക്ഷിപ്തതാൽപര്യങ്ങൾക്കായി വ്യത്യസ്ത നിലപാടുകളുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള ഒരു ഉപാധിയാക്കി ആൾക്കൂട്ടകൊലപാതകങ്ങളെ മാറ്റിയിരിക്കുന്നു. തീവ്ര മതവികാരങ്ങളും ജാതിയതയും നിരക്ഷരരായവരുടെ തലച്ചോറുകളിൽ കുത്തിവെച്ച് ഗോരക്ഷയുടെയും, ജാതിയുടെയും പേരിൽ ആസൂത്രണം ചെയ്യുന്ന ആൾക്കൂട്ടകൊലപാതകങ്ങൾ കൃത്യമായ ഗൂഢാലോചനയുടെയും രാഷ്ട്രീയ മുതലെടുപ്പിൻറെയും ഭാഗമാണ്. നിയമപാലകരുടെ നിഷ്ക്രിയത്വവും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസ്സംഗത കലർന്ന പിന്തുണയും ഇതിൻറ സൂചനകളാണ്.
കുടുംബങ്ങളുടെ അഭിമാനം സംരക്ഷിക്കുന്നവരായും മത വികാരങ്ങള്ളൂടെ സംരക്ഷകരായും മുഖംമൂടി ധരിച്ചെത്തുന്ന ഇത്തരം മനുഷ്യർ സമൂഹത്തിന് ബാധിച്ചു കൊണ്ടിരിക്കുന്ന മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളാണ്. കൊലപാതകങ്ങളിലെ പ്രതികളെ പഠന വിധേയമാക്കുമ്പോൾ, അവരിൽ ഭൂരിഭാഗം പേരും ഒറ്റയ്ക്കാകുമ്പോൾ പ്രതികരണം ഇല്ലാത്തവരും, സംഘം ചേരുമ്പോൾ ഏത് തരത്തിലുള്ള ക്രൂരകൃത്യം ചെയ്യാൻ മനക്കട്ടി ഉള്ളവരായി മാറുന്നവരുമാണ് എന്നുള്ള വസ്തുതയും, കൗമാരക്കാരും, പ്രായപൂർത്തിയാകാത്തവരും ഇത്തരത്തിലുള്ള സംഘങ്ങളിൽ ചേരുന്നു എന്നുള്ളതും നാം ഗൗരവത്തോടെ കാണേണ്ട യാഥാർത്ഥ്യങ്ങളാണ്.
ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലും
2019 ഫെബ്രുവരി 22 ന മോഷണക്കുറ്റം ആരോപിക്കപ്പെട് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവ് കേരളത്തിൻറെ മനസാക്ഷിക്ക് ഏറ്റ കനത്ത മുറിവാണ്. 2020ൽ ആൾക്കൂട്ടം അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശി അജീഷ്, സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ച കൊട്ടാരക്കരയിലെ അനിൽകുമാർ എന്നിങ്ങനെ കേരളത്തിൽ അടുത്ത കാലത്തായി ആൾക്കൂട്ടകൊലപാതകങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിലെ ആൾക്കൂട്ടകൊലപാതകങ്ങൾക്ക് കാരണം സദാചാര വാദവും, വ്യക്തി പരവും കുടുംബപരവുമായ കാരണങ്ങളും, തെറ്റിദ്ധാരണകളുമൊക്കെയാണെങ്കിലും ഇവയൊക്കെ മനുഷ്യമനസ്സാക്ഷിയെ ബാധിച്ച തുടങ്ങിയിരിക്കുന്ന അക്രമ മനോഭാവത്തിലാണ് വിരൽചൂണ്ടുന്നത്.
മനുഷ്യത്വം മരവിക്കുന്ന ആൾക്കൂട്ടങ്ങൾ
മാനുഷികമൂല്യങ്ങൾക്കെതിരായ കടന്നുകയറ്റമാണ് ആൾക്കൂട്ടകൊലപാതകങ്ങൾ. മതസ്പർദ്ധയും, രാഷ്ട്രീയ ഗൂഢാലോചനകളും, ക്രമസമാധാനപാലനത്തിൻറ തകർച്ചയുമൊക്കെ, ആൾക്കൂട്ടകൊലപാതകങ്ങളുടെ കാരണമായി ചൂണ്ടി കാണിക്കുമ്പോഴും, നഷ്ടപ്പെട്ട തുടങ്ങുന്ന മാനുഷികമൂല്യങ്ങളിലേക്കാണ് ആത്യന്തികമായി ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. എതിരാളികളെ കൂട്ടംചേർന്ന് ആക്രമിച്ച് കീഴടക്കിയിരുന്ന പ്രാചീന മനുഷ്യനിലേക്കുള്ളരിച്ചുനടപ്പാണിത് .
ആൾക്കൂട്ടകൊലപാതകങ്ങൾ തിരുത്തപ്പെടേണ്ട മനസാക്ഷിയുടെ ഭാവം
ആൾക്കൂട്ട കുറ്റകൃത്യങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഒറ്റയ്ക്ക് നടപ്പാക്കപ്പെടുന്ന കുറ്റകൃത്യം പോലെയല്ല ഇത്. ഒരു ഒരുകൂട്ടം ആളുകൾ ആകുമ്പോൾ ആക്രമണം ആഘോഷം ആയിമാറുകയാണ്. സമൂഹ മനസ്സാക്ഷിയുടെ അപചയത്തിൻറെ ദൃഷ്ടാന്തങ്ങളാണ്. ആത്മീയത നഷ്ടപ്പെട്ടത്തിന്റെ, മനുഷ്യമനസ്സുകളെ പൈശാചികത കീഴടക്കി തുടങ്ങുന്നതിന്റെ സൂചനയാണിത്. സഹോദര സ്നേഹവും പരിഗണന മനോഭാവവും ജീവിതങ്ങളിൽ നിന്ന് പടിയിറങ്ങി തുടങ്ങുന്നതിന്റെ പ്രകടമായ സൂചനകളാണ് ആൾക്കൂട്ടകൊലപാതകങ്ങൾ. അതിനാൽ ആദ്യം മാറ്റം വരേണ്ടത് വ്യക്തികളുടെ മനഃസാക്ഷിയിലാണ്
എല്ലാ മനുഷ്യരും സഹോദരന്മാരാണ് എന്ന ചിന്ത ഊട്ടി ഉറപ്പിച്ചു കൊണ്ട് മാത്രമേ വർഗീയ വിദ്വേഷതെയും അത് സൃഷ്ടിക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങ ളേയും ഇല്ലാതാക്കാനാകൂ . ഇതിന് മത-രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മനുഷ്യമനസ്സുകളെ സഹോദര സ്നേഹം കൊണ്ട് നിറച്ചില്ലെങ്കിൽ ആൾക്കൂട്ട കൊലപാതകങ്ങൾ തുടർക്കഥയാകും. ഇന്ത്യയുടെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുവാനും, രാജ്യത്തിലെ പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനും ആൾക്കൂട്ട കൊലപാതകങ്ങൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനുമുള്ള ഉത്തരവാദിത്വം ഭരണകർത്താക്കളിൽ നിക്ഷിപ്തമാണ്. ഇതു മനസ്സിലാക്കാത്ത ഭരണകർത്താക്കൾ രാജ്യസ്നേഹികൾ അല്ല എന്ന് നാം തിരിച്ചറിയണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.