പുതിയ വൈറസ് വകഭേദം കേരളത്തിലില്ല: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ പരിഷ്‌കാരങ്ങള്‍ ബുധനാഴ്ച മുതല്‍

പുതിയ വൈറസ് വകഭേദം കേരളത്തിലില്ല: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ പരിഷ്‌കാരങ്ങള്‍ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും മാറ്റം വരുത്തുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച വിദഗ്ധ സമിതി നല്‍കുന്ന ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് ഇന്ന് മുഖ്യമന്ത്രിക്കു കൈമാറിയേക്കും. നാളത്തെ അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

പുതിയ പരിഷ്‌കാരങ്ങള്‍ ബുധനാഴ്ച മുതല്‍ നടപ്പില്‍ വരുത്താനാണ് തീരുമാനം. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഏതാനും ദിവസം പൂര്‍ണ അടച്ചിടലും മറ്റു ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതും ആള്‍ക്കൂട്ടം കൂടുന്നതിന് കാരണമാകുന്നതായി ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, അടച്ചിടല്‍ മൂലം ജനം ദുരിതത്തിലാണെന്നതും കണക്കിലെടുത്താണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

അതിനിടെ കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര്‍ പഠന സംഘത്തിന്റെ റിപ്പോര്‍ട്ട് ആശ്വാസകരമാണ്. ഇന്ത്യയില്‍ ഉദ്ഭവിച്ച് മറ്റുരാജ്യങ്ങളിലുള്‍പ്പെടെ വ്യാപിച്ച ഡെല്‍റ്റ വകഭേദം തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കി.

ഝൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 835 സാംപിളുകള്‍ പരിശോധിച്ചതില്‍ 753-ഉം ഡെല്‍റ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്. ഈയിടെ പെറു, ചിലി എന്നിവിടങ്ങളിലും (സി.37) യു.എസിലും (എ.വൈ.3) ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി കൂടിയതാണോ എന്ന താരതമ്യം എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.