ഓസ്ട്രേലിയയില്‍ മലയാളി കുടുംബത്തിന്റെ വാഹനാപകടം: ചികിത്സയിലായിരുന്ന എട്ടു വയസുകാരനും മരിച്ചു

ഓസ്ട്രേലിയയില്‍ മലയാളി കുടുംബത്തിന്റെ വാഹനാപകടം: ചികിത്സയിലായിരുന്ന എട്ടു വയസുകാരനും മരിച്ചു

ബ്രിസ്ബന്‍: ഓസ്ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ വീട്ടില്‍ ബിബിന്‍-ലോട്സി ദമ്പതികളുടെ മകന്‍ എട്ടു വയസുകാരന്‍ ക്രിസ് ആണു മരിച്ചത്. ക്വീന്‍സ് ലാന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഇന്ന് പുലര്‍ച്ചെ 4.59-നാണ് മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ മാസം 22-നു രാവിലെ 7.20-നാണ് ഓസ്ട്രേലിയന്‍ മലയാളികളെയാകെ നടുക്കിയ വാഹനാപകടമുണ്ടായത്. ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍നിന്നും ക്വാന്‍സ് ലാന്‍ഡിലെ ബ്രിസ്ബനിലേക്കു പോകുന്ന വഴിയാണ് മില്ലര്‍മാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ലോട്സിയും ഇളയ മകള്‍ കാറ്റ്‌ലിന്‍ ബിബിനും തല്‍ക്ഷണം മരിച്ചിരുന്നു. ബിബിനും മറ്റു രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ക്രിസിനെ അന്നുതന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് കുടുംബം ഓസ്ട്രേലിയയില്‍ എത്തിയത്. ആദ്യം ഓറഞ്ചിലാണു ജോലി ചെയ്തത്. നഴ്സായി ജോലി ചെയ്തിരുന്ന ലോട്സി പുതിയ ജോലിക്കു പ്രവേശിക്കുന്നതിനായി ബ്രിസ്ബനിലേക്കു താമസം മാറുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.