ടോക്കിയോ : ഒളിമ്പിക്സിൽ ഖത്തറിൻറെ ബർഷിം മുതാസിനൊപ്പം ഇറ്റലിയുടെ ജിയാൻമാർകോ ടംബേറി സ്വർണ മെഡൽ പങ്കുവെച്ച് ഗ്രൗണ്ടിൽ ആഹ്‌ളാദപ്രകടനം നടത്തുമ്പോൾ, ടംബേരി തൻറെ, 2016ലെ പരുക്കിനെത്തുടർന്ന് ധരിച്ച ലെഗ്പ്ലാസ്റ്റർ കാസ്റ്റ് ഉയർത്തി കാണിച്ചിരുന്നു.. താൻ കടന്നുപോയ വേദനയുടെ ഓർമ്മപ്പെടുത്തലും നിശ്ചയദാർഢ്യത്തിന്റെ പ്രതീകവുമായി അതിന്മേൽ റോഡ് ടു ടോക്കിയോ 2020. എന്നെഴുതിയിരുന്നത് വെട്ടി 2021 എന്ന് തിരുത്തിയിരുന്നു.
ഈ ഉജ്ജ്വല വിജയത്തിനു പിന്നിൽ വേദനയുടെ, കണ്ണുനീരിൻറെ, കളങ്കമില്ലാത്ത സൗഹൃദത്തിൻറെ ഒരു കഥകൂടെ ഉണ്ട്. 2016 ൽ റിയോ ഡി ജനീറോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ്, മോണകോയിൽ നടന്ന ഒരു മീറ്റിനിടെ തൻറെ തന്നെ പേരിലുള്ള ദേശീയ റെക്കോഡ്, 2.41 മീറ്ററാക്കി തിരുത്താനുള്ള ശ്രമത്തിനിടെ, നിർഭാഗ്യവശാൽ ചാട്ടം പിഴച്ച് നിലത്തുവീണ ടംബേറിയുടെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റു.
പരിക്കിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചെത്തിയെങ്കിലും ടംബേരിക്ക് തൻറെ പ്രകടനങ്ങൾ മെച്ചപ്പെടുത്താനായില്ല. ഒരു ടൂർണമെന്റിലെ മോശം പ്രകടനത്തിനു ശേഷം, നിരാശനായി റൂമിൽ തന്നെ ഒതുങ്ങികൂടിയ തൻറെ ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തെ കുറിച്ച് ടംബേറി 2018 ജനുവരിയിൽ spikes.worldathletics.org- ൽ എഴുതിയിരുന്നത് ഇപ്രകാരമാണ് . ഒരു ദിവസം വാതിലിൽ മുട്ടുകേട്ടു. ''അത് ബർഷിമായിരുന്നു. എന്നോട് സംസാരിക്കണമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അവൻ ഉറക്കെ വിളിച്ചുപറഞ്ഞു : "ജിംബോ, ജിംബോ, ദയവായി എനിക്ക് നിങ്ങളോട് സംസാരിക്കണം”. ഒടുവിൽ ഞാൻ വഴങ്ങി അവനെ സംസാരിക്കുവാൻ അനുവദിച്ചു, ഞങ്ങൾ കുറെ നേരം സംസാരിച്ചു. ഞാൻ അവന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു. അവൻ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. "തിരക്കുകൂട്ടാൻ ശ്രമിക്കരുത് , നിനക്ക് ഒരു വലിയ പരിക്ക് ഉണ്ടായിരുന്നു, എന്നാൽ അതിനെ അതിജീവിച്ച് നീ ഇതിനകം ഡയമണ്ട് ലീഗിൽ തിരിച്ചെത്തി. ആരും അത് പ്രതീക്ഷിച്ചതല്ല.” ബർഷിംമിൻറെ വാക്കുകൾ തനിക്ക് പുതിയ ഊർജ്ജം പകർന്നുവെന്നും തുടർന്നുവന്ന ബുഡാപെസ്റ്റ് ടൂർണമെന്റിൽ തൻറെ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞതും അദ്ദേഹം അവിടെ കുറിച്ചു. ഈ തിരിച്ചുവരവിലെ തുടർച്ചയാണ് ടോക്കിയോ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ നാം കണ്ടത്.
കഴിഞ്ഞദിവസങ്ങളിൽ സാമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്, ഫൈനലിനിടെ പരിക്കേറ്റ ടംബേരിക്ക് പിന്നീട് ചാടാൻ സാധിക്കാത്തതിനാലാണ് ബർഷിം സ്വർണം പങ്കുവെക്കാം എന്ന നിർദേശം മുൻപോട്ടുവെച്ചത് എന്നായിരുന്നു. എന്നാൽ, ഫൈനലിനിടെ ടംബേരിക്ക് പരിക്കേറ്റിരുന്നില്ല.
2.39 മീറ്റർ ഉയരം ക്ലിയർ ചെയ്യാനുള്ള മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ, വിജയിയെ തീരുമാനിക്കുവാൻ, റഫറി ഒരു ജമ്പ് ഓഫ് വാഗ്ദാനം ചെയ്തു. എന്നാൽ പെട്ടെന്നാണ് ബർഷിം അദ്ദേഹത്തോട് ചോദിച്ചത് "ഞങ്ങള്ക്ക് രണ്ട് സ്വർണം കിട്ടുമോ?". നിയമപ്രകാരം അത് സാധ്യമായതിനാൽ ‘കിട്ടും’, എന്ന റഫറിയുടെ മറുപടികേട്ട്, രണ്ട് കായികതാരങ്ങളും കൈകോർത്ത് സന്തോഷത്തോടെ ആർത്തുവിളിച്ചു.
അഞ്ചു വർഷങ്ങൾക്കിപ്പുറം, 2021ൽ. ജിയാൻമാർക്കോ ടംബേറി, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ മികച്ച ഹൈജംപർമാരിൽ ഒരാളായ, തൻറെ പ്രിയ സുഹൃത്ത് ബർഷിം മുതാസ് ബർഷിമിനൊപ്പം സംയുക്ത ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായി തൻറെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ, ഇരുവരുടെയും ആ വിജയത്തിൽ ഒരു നിസ്വാർത്ഥ സൗഹൃദത്തിൻറെ സ്വർണ്ണനൂലിഴകൂടെ ചേർക്കപ്പെട്ടിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.