ദുരിതക്കയത്തില്‍ നിന്ന് തിരുക്കുടുംബത്തിന്റെ തുണ തേടി ലെബനന്‍

ദുരിതക്കയത്തില്‍ നിന്ന് തിരുക്കുടുംബത്തിന്റെ തുണ തേടി ലെബനന്‍

വിശുദ്ധ നാടിന് സമാശ്വാസവും പ്രതീക്ഷയും പകരുന്നതിന് തിരുക്കുടുംബ ചിത്രം വഹിച്ചുള്ള തീര്‍ത്ഥാടനം ലെബനനില്‍

ബെയ്റൂട്ട്: സംഘര്‍ഷങ്ങളുടെയും അക്രമങ്ങളുടെയും നടുവില്‍ സദാ അശാന്തമായ വിശുദ്ധ നാടിന് തിരുക്കുടുംബത്തില്‍ നിന്ന് സമാശ്വാസവും പ്രതീക്ഷയും പകരുന്നതിനുള്ള തീര്‍ത്ഥാടനം ലെബനനിലെത്തി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദൈവിക ഇച്ഛാശക്തിയുടെയും പ്രതീകമായി പ്രശസ്ത മെല്‍ക്കൈറ്റ് വൈദികന്‍ സമീര്‍ റൂഹാന വരച്ച തിരുക്കുടുംബ ചിത്രം തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് ലെബനനില്‍ ഉണ്ടാകും.

നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ നിന്നുള്ള തിരുശേഷിപ്പ് പതിപ്പിച്ചിട്ടുള്ളതാണ്, മധ്യപൂര്‍വ രാജ്യങ്ങളെ വിശുദ്ധ കുടുംബത്തിലേക്ക് സമര്‍പ്പിച്ചു പ്രതിഷ്ഠിതമായ ഈ മനോഹര ചിത്രം. ഇക്കഴിഞ്ഞ ജൂണ്‍ 27 ന് ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസ്സബല്ലയാണ് ആശിര്‍വാദവും സമര്‍പ്പണവും നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും ജൂണിലെ അവസാന ഞായറാഴ്ച സമാധാനത്തിനായി കുര്‍ബാന ആഘോഷിച്ചു വരുന്ന മിഡില്‍ ഈസ്റ്റിലെ വിവിധ സഭാ മേലധ്യക്ഷന്മാര്‍ ഇക്കൊല്ലം ഇതു പ്രമാണിച്ച് പ്രത്യേകമായി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയിരുന്നു.


പ്രശസ്ത മെല്‍ക്കൈറ്റ് വൈദികന്‍ സമീര്‍ റൂഹാന വരച്ച, നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ നിന്നുള്ള തിരുശേഷിപ്പ് പതിപ്പിച്ച തിരുക്കുടുംബ ചിത്രം.

ലെബനനിലെ തീര്‍ത്ഥാടനത്തിനു ശേഷം ദിവ്യ ചിത്രം സിറിയ, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് വിശുദ്ധ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നശേഷം ഡിസംബര്‍ 8 ന് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണ സമാപന കുര്‍ബാനയ്ക്കായി വത്തിക്കാനിലെത്തിക്കും. തുടര്‍ന്ന് വിശുദ്ധ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും. വിശുദ്ധ നാട്ടിലെ ലാറ്റിന്‍ കമ്മീഷന്‍, മിഡില്‍ ഈസ്റ്റ് കാത്തലിക്ക് പാത്രിയര്‍ക്കീസ് കൗണ്‍സില്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ്, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവയുടെ സംയുക്ത സംരംഭമാണ് തീര്‍ത്ഥാടനം.

'ഈ ചെറിയ രാജ്യം വര്‍ഷങ്ങളായി എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന ബോധ്യവുമായി ഈ ദിവ്യ ചിത്രം ഞങ്ങള്‍ സ്വീകരിക്കുന്നു'- കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നാസ് ജോസഫ് മൂന്നാം യൂനാന്‍ പറഞ്ഞു. ലെബനന്‍ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അക്കാരണത്താല്‍ മുമ്പത്തേക്കാളും കൂടുതല്‍, ഈ രാജ്യത്തിന് വിശുദ്ധ കുടുംബത്തിന്റെ അനുഗ്രഹം ആവശ്യമാണ്. ഞങ്ങള്‍ തിരുക്കുടുംബത്തെ ആശ്രയിക്കുകയും ഞങ്ങളുടെ വേദനകള്‍, ഉത്കണ്ഠ, ബലഹീനത, പ്രതീക്ഷകള്‍ എന്നിവ തിരുക്കുടുംബാംഗങ്ങളുടെ കാല്‍ക്കീഴില്‍ വയ്ക്കുകയും ചെയ്യുന്നു.- പാത്രിയര്‍ക്കീസിന്റെ വാക്കുകള്‍.

ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് നാലിന് ദുരന്ത സ്ഥലത്തെ സ്മാരക കുര്‍ബാന അര്‍പ്പിക്കുന്ന അള്‍ത്താരയില്‍ ദിവ്യചിത്രം ഉണ്ടാകും. രാസവസ്തു സ്ഫോടനത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെടുകയും 6,000 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 300,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ലെബനന്‍ അഭൂതപൂര്‍വമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍. 2019 അവസാനത്തോടെ ദേശീയ കറന്‍സിക്ക് 90 ശതമാനത്തിലധികമായി മൂല്യനഷ്ടമുണ്ടായി. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ദാരിദ്ര്യത്തിലാണ്. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനു ശേഷമുള്ള ഏറ്റവും ആഴത്തിലുള്ള മാന്ദ്യങ്ങളിലൊന്നാണ് ലെബനന്‍ നേരിടുന്നതെന്ന് ലോക ബാങ്ക് കണക്കാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.