യുഎഇയിലേക്കെത്താന്‍ പ്രവാസികള്‍; നിബന്ധനകളിലെ അവ്യക്തത നീങ്ങുമെന്ന് പ്രതീക്ഷ

യുഎഇയിലേക്കെത്താന്‍ പ്രവാസികള്‍;  നിബന്ധനകളിലെ അവ്യക്തത നീങ്ങുമെന്ന് പ്രതീക്ഷ

ദുബായ്: നിബന്ധനകളോടെ ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്കും യുഎഇയിലേക്ക് എത്താമെന്നുളള രാജ്യത്തിന്‍റെ തീരുമാനം ഏറെ ആശ്വാസത്തോടെയാണ് കേരളമടക്കമുളള സംസ്ഥാനങ്ങളിലെ പ്രവാസികള്‍ കേട്ടത്. യുഎഇയുടെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതനുസരിച്ച് വ്യാഴാഴ്ചയോടെ പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കും.

യുഎഇയില്‍ നിന്ന് വാക്സിനെടുത്തവരോ യുഎഇ അംഗീകൃത വാക്സിനെടുത്തവരോ സിനോഫാം, സ്പുട്നിക്, ഫൈസർ, മൊഡേണ, അസ്ട്രസെനക്ക (ഇന്ത്യയില്‍ കോവിഷീല്‍ഡ് )യുഎഇ നിലവില്‍ അംഗീകരിച്ചിട്ടുളള വാക്സിനുകള്‍. ഈ വാക്സിനുകള്‍ എടുത്തിട്ടുളളവർക്ക് യുഎഇ പ്രവേശന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് യുഎഇയില്‍ നിന്നും വാക്സിനെടുത്തവരെന്നുളള തരത്തിലാണ് പുറത്തുവന്നിട്ടുളളത്. നാട്ടില്‍ നിന്നും യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് തിരികെ വരാനാകുമോയെന്നുളള കാര്യത്തിലുളള വ്യക്തത വരും മണിക്കൂറുകളിലുണ്ടായേക്കും. അതുമാത്രമല്ല, തിരിച്ചുവരാനാഗ്രഹിക്കുന്നവർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പിന്‍റെ വെബ്സൈറ്റിലൂടെ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഐസിഎ വെബ്സൈറ്റില്‍ 8 വാക്സിനുകളില്‍ ഏത് വാക്സിനാണ് എടുത്തതെന്ന് രേഖപ്പെടുത്തുകയും വേണം. അതില്‍ യുഎഇയില്‍ വിതരണം ഇല്ലാത്ത ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, നോവ വാക്സ്, സിനോവാക് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്സിനെടുത്തവർക്ക് തിരിച്ചുവരുന്നതില്‍ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം വിമാനകമ്പനികള്‍ യാത്രാ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയോ ചെയ്താല്‍ മാത്രമെ ഇത് സംബന്ധിച്ച ആശയകുഴപ്പം മാറുകയുളളൂ.

ഐസിഎ അനുമതി നിർബന്ധം

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവർ ഐസിഎ വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കി അനുമതി വാങ്ങിയിരിക്കണം. വാക്സിന്‍റെ വിവരങ്ങളും, പാസ്പോർട്ട് വിവരങ്ങളും,പിസിആർ പരിശോധനാ വിവരങ്ങളുമൊക്കെ ഐസിഎ വെബ്സൈറ്റില്‍ നല‍്കിയിരിക്കണമെന്നുളളതാണ് നിർദ്ദേശം.

ഐസിഎ അനുമതി എങ്ങനെ?

പേരും,ജനനതിയതിയും ജനനസ്ഥലവും എന്നാണ് തിരിച്ചുവരുന്നത് എന്നതും,എവിടെ നിന്നാണ് വരുന്നത് എന്നതും ഇമെയിലും നല്കുകയെന്നുളളതാണ് ആദ്യപടി. 

നല്‍കിയ ഇ മെയിലിലേക്ക് ഒരു ക്യൂ ആർ കോഡ് വരും. അതുകൊണ്ടുതന്നെ നല്‍കുന്ന ഇമെയില്‍ ശരിയാണോയെന്നുളളത് ഉറപ്പുവരുത്തണം.

പാസ്പോർട്ട് വിവരങ്ങള്‍, സാധുത കാലാവധി, പാസ്പോർട്ട് ഇഷ്യൂ ചെയ്ത തിയതി, ഇഷ്യൂ ചെയ്ത രാജ്യം എന്നീ വിവരങ്ങള്‍ നല്കണം

യുഎഇയിലെ അഡ്രസ് , യുഎഇയിലെ ഫോണ്‍ നമ്പർ ഉള്‍പ്പടെ നല്‍കുക.

8 വാക്സിനുകളുടെ ലിസ്റ്റ് ഐസിഎ നല്‍കിയിട്ടുണ്ട്. അതിലേത് വാക്സിനാണ് എടുത്തതെന്ന് വ്യക്തമാക്കണം.

ആദ്യ ഡോസ് , രണ്ടാം ഡോസ് വാക്സിനുകള്‍ എടുത്ത തിയതിയും നല്‍കണം.

പാസ്പോർട്ട്, പിസിആർ ടെസ്റ്റിന്‍റെ പരിശോധാഫലം എന്നിവയും അപ് ലോഡ് ചെയ്യണം.

നല്‍കിയ വിവരങ്ങളെല്ലാം കൃത്യമാണെന്ന് ബോധ്യപ്പെടുത്തണം.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് യുഎഇ അനുമതി നല്‍കിയിട്ടുളളത്.ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ,നഴ്സുമാർ, ടെക്നീഷ്യന്‍മാർ, വിദ്യാ‍ർത്ഥികള്‍, അധ്യാപകർ,മാനുഷിക പരിഗണന അർഹിക്കുന്നവർ, തുടങ്ങിയ വിഭാഗങ്ങള്‍, വാക്സിനെടുത്തില്ലെങ്കിലും പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്.ട്രാന്‍സിറ്റ് യാത്രാക്കാർക്കും അനുമതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.