ലീഗിനെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കി; ശിഹാബ് തങ്ങളെ മറയാക്കി മാഫിയ പ്രവര്‍ത്തനം: കെ.ടി ജലീൽ

ലീഗിനെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കി; ശിഹാബ് തങ്ങളെ മറയാക്കി മാഫിയ പ്രവര്‍ത്തനം: കെ.ടി ജലീൽ

തിരുവനന്തപുരം: മുസ്ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പി.കെ കുഞ്ഞാലിക്കുട്ടി മാറ്റിയെന്ന് കെ.ടി ജലീൽ. അതിന് ഒത്താശ ചെയ്തത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്ന്
ജലീൽ കൂട്ടിച്ചേർത്തു.

കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതായി കെ ടി ജലീല്‍ പറഞ്ഞു. കേസില്‍ ജൂലൈ 24 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പാണക്കാട്ടെത്തി ഇഡി ഉദ്യോഗസ്ഥര്‍ തങ്ങളെ ചോദ്യം ചെയ്തുവെന്ന് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇഡി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ അയച്ച നോട്ടിസിന്റെ പകർപ്പും പുറത്തുവിട്ടു.

പാർട്ടി പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച 10 കോടി രൂപ നിക്ഷേപിച്ചു എന്ന കേസിലാണ് തങ്ങളെ ചോദ്യം ചെയ്തത്. ആദായനികുതി രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഇഡി നോട്ടീസിന്റെ രേഖകൾ ജലീല്‍ പുറത്തുവിട്ടു.

പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വി.കെ ഇബ്രാഹിം കുഞ്ഞിനെ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് പത്രത്തിന്റെ ചുമതലയുള്ള ആളെന്ന നിലയിൽ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തത്. എന്നാൽ പത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്ന മറുപടിയാണ് തങ്ങൾ നൽകിയത്.

കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണ് നോട്ടീസില്‍ ആദ്യത്തേതെന്നും കെ ടി ജലീല്‍ പറഞ്ഞു. തങ്ങളെ മറയാക്കി കുറേ കാലങ്ങളായി ഒരുതരം മാഫിയ പ്രവര്‍ത്തനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത്. അതിനെതിരെ ലീഗിനുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് രൂക്ഷമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പക്കലുള്ള പണം അടക്കം 110 കോടി രൂപ ഏജൻസികൾ കണ്ടുകെട്ടി. ഇതിൽ ഏഴ് കോടി രൂപയ്ക്കു മാത്രമാണ് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡിക്കു പരാതി നൽകുമെന്നും ജലീൽ പറ‍ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.