ഷൂവില്‍ സാത്താനിക മുദ്ര: ജനരോഷത്തില്‍ മുങ്ങി കോണ്‍വേഴ്സ്

ഷൂവില്‍ സാത്താനിക മുദ്ര: ജനരോഷത്തില്‍ മുങ്ങി കോണ്‍വേഴ്സ്

ഉപഭോക്താക്കളുടെ ബഹിഷ്‌കരണാഹ്വാനം സോഷ്യല്‍ മീഡിയയില്‍

ന്യൂയോര്‍ക്ക്: സാത്താനിക മുദ്രയായ പെന്റഗ്രാം ആലേഖനം ചെയ്ത പ്രത്യേക മോഡല്‍ ഷൂ അവതരിപ്പിച്ച് അന്താരാഷ്ട്ര വിപണി പിടിക്കാനിറങ്ങിയതിലൂടെ ഉപഭോക്താക്കളുടെ വന്‍ രോഷം ഏറ്റുവാങ്ങി അമേരിക്കന്‍ കമ്പനിയായ കോണ്‍വേഴ്സ്. 'നാണക്കേട്! സാത്താനെയോ നിങ്ങളെയോ ഒരിക്കലും പിന്തുണയ്ക്കരുത്!' എന്നു രേഖപ്പെടുത്തിയാണ് ആയിരക്കണക്കിന് പേര്‍ കോണ്‍വേഴ്സിനെതിരെ നെഗറ്റീവ് കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തു വന്നിട്ടുള്ളത്.

ലോകത്തെങ്ങും വന്‍ ഡിമാന്‍ഡുള്ള ഏതാനും മോഡലുകളിലൂടെ ശ്രദ്ധേയമായ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡ് ആണ് കോണ്‍വേഴ്സ്.
എക്കാലത്തെയും ജനപ്രിയ ഇനമായ കോണ്‍വേഴ്സ് സ്‌നീക്കറിന്റെ പുതിയ പതിപ്പായ ചക്ക് 70 ആണ് കമ്പനിക്കു തിരിച്ചടിയായിരിക്കുന്നത്. പെന്റഗ്രാമിനെ ബ്രാന്‍ഡ് ലോഗോയാക്കിയിട്ടുള്ള ഫാഷന്‍ ഡിസൈനറായ റിക്ക് ഓവന്‍സിന്റെ കൂടി സഹകരണത്തോടെയുള്ളതാണ് ഡിസൈന്‍. പുതിയ ഷൂ പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പൊടുന്നനെ കോണ്‍വേഴ്സിന്റെ സ്ഥിരം ഉപഭോക്താക്കളുടേതുള്‍പ്പെടെ പ്രതിഷേധം വ്യാപകമായി. പൈശാചിക ബന്ധമുള്ളതിനാലാണ് താന്‍ പെന്റഗ്രാം ഉപയോഗിക്കുന്നതെന്ന റിക്ക് ഓവന്‍സിന്റെ കുറിപ്പുംഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രവാദം നടത്തുന്നവര്‍ക്കു പുറമേ സാത്താന്‍ ബന്ധം ആരോപിക്കപ്പെടുന്ന രഹസ്യ സംഘടനയായ ഫ്രീമേസണ്‍സും ഈ മുദ്ര ഉപയോഗിച്ചുവരുന്നു.

'കമ്പനിയുടെ യഥാര്‍ത്ഥ മുഖം എന്താണെന്ന് വെളിപ്പെടുത്തിയതിന് നന്ദി; ഇനി ഒരിക്കലും കോണ്‍വേഴ്സ് ഷൂ വാങ്ങില്ലെ'ന്ന് പലരും കമന്റ് ചെയ്തു. ഇത് മനോവിഷമമുണ്ടാക്കുന്നു. കോണ്‍വേഴ്സ് ഷൂ ധരിച്ചാണ് വളര്‍ന്നുവന്നത്. എന്നാല്‍ ഷൂവിലൂടെ സാത്താന് നല്‍കുന്ന പ്രചാരണം കണ്ടപ്പോള്‍ ഇനി ഇത് വാങ്ങില്ല എന്ന് തീരുമാനിച്ചു. ദൈവം നിങ്ങളെ സഹായിക്കട്ടെ - ഒരു ഉപഭോക്താവ് രേഖപ്പെടുത്തിയതിങ്ങനെ. കോണ്‍വേഴ്സിന്റെ നടപടിയെ കത്തോലിക്ക വൈദികനും ഭൂതോച്ചാടകനുമായ ഫാ. വിന്‍സെന്റ് ലാംബര്‍ട്ട് ശക്തിയുക്തം അപലപിച്ചു. ജനങ്ങളെ പൈശാചികതയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം ദുഷ്‌കൃത്യങ്ങള്‍ ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൈശാചിക ബന്ധമുള്ള വസ്തുക്കളോടു താല്‍പര്യം വന്നാല്‍ ആളുകളുടെ ജീവിതത്തിലേക്ക് സാത്താന് പ്രവേശിക്കാന്‍ സാധിക്കുമെന്ന് ഫാ. ലാംബര്‍ട്ട് മുന്നറിയിപ്പ് നല്‍കി. പൈശാചികതയോടുള്ള താല്‍പ്പര്യമല്ല ആവശ്യം. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന ചിന്തയാണുണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ ബ്രാന്‍ഡായ നൈക്കിന്റെ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കരാറുള്ള എം.എസി.എച്ച്.എഫ് പ്രൊഡക്റ്റ് സ്റ്റുഡിയോ എന്ന കമ്പനി എയര്‍ മാക്സ് 97 സ്‌നീക്കറുകളില്‍ മാറ്റങ്ങള്‍ വരുത്തി സാത്താന്‍ ഷൂ നിര്‍മ്മിച്ച് നേരത്തെ വിവാദത്തിലായിരുന്നു. 666 ജോടി ഷൂ മാത്രമാണ് നിര്‍മ്മിച്ചത്. കറുപ്പും ചുവപ്പും നിറമുള്ള സാത്താന്‍ തീം ഷൂഓണ്‍ലൈനില്‍ വില്‍പ്പനയ്‌ക്കെത്തി ഒരു മിനിറ്റിനുള്ളില്‍ വിറ്റുപോയി. പെന്റഗ്രാം പെന്‍ഡന്റും സാത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് വീഴുന്നതിനെക്കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 10:18 ബൈബിള്‍ വചനവും കൊണ്ട് അലങ്കരിച്ചിരുന്നു ഈ വിവാദ ഷൂ കൂടാതെ എം.എസി.എച്ച്.എഫ് ടീമിലെ അംഗങ്ങളില്‍ നിന്ന് എടുത്ത ഒരു തുള്ളി മനുഷ്യ രക്തവും സ്‌നീക്കറുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

അതേസമയം, നൈക്ക് കമ്പനി അതിന്റെ വ്യാപാരകരാര്‍ ലംഘിച്ചു എന്ന് ആരോപിച്ച് എം.എസി.എച്ച്.എഫ് പ്രൊഡക്റ്റ് സ്റ്റുഡിയോക്കെതിരെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച വ്യവഹാരത്തില്‍, നൈക്കിന്റെ അംഗീകാരമില്ലാതെയാണ് ഈ ഷൂ ് നിര്‍മ്മിച്ചതെന്നും കമ്പനി ഈ പ്രോജക്റ്റുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കി.

വിശുദ്ധ വാരത്തിലിറങ്ങിയ ഷൂസിന്റെ വാര്‍ത്ത വിശാസികള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സാത്താന്‍ ഷൂവിനെതിരെ പ്രതികരണങ്ങള്‍ ഉണ്ടായി. ദൈവം നല്‍കിയ നിത്യാത്മാവ് നിലനിര്‍ത്താന്‍ പോരാടുകയാണ് തങ്ങള്‍ എന്ന് അമേരിക്കയിലെ സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോയിം ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ആയിരക്കണക്കിനു പേര്‍ ശരിവച്ചു. നൈക്കിന്റെ ഉപ കമ്പനിയാണ് 2003 മുതല്‍ കോണ്‍വേഴ്സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.