ഇന്ത്യയ്ക്ക് അഭിമാനം: ചരിത്ര നേട്ടത്തിന് മലയാളിയുടെ കൈയൊപ്പ്

ഇന്ത്യയ്ക്ക് അഭിമാനം: ചരിത്ര നേട്ടത്തിന് മലയാളിയുടെ കൈയൊപ്പ്

നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിംപിക്സില്‍ വെങ്കലം. വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളിയായ പി.ആര്‍ ശ്രീജേഷ്. ഇന്ത്യയുടെ വന്‍മതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് രാഹുല്‍ ദ്രാവിഡാണ് വന്‍മതിലെങ്കില്‍ ഇന്ത്യന്‍ ഹോക്കിക്ക് അത് പി.ആര്‍ ശ്രീജേഷാണ്.

ജര്‍മ്മനിയോടുള്ള വെങ്കലത്തിനായുള്ള മത്സരത്തില്‍ മത്സരം അവസാനിക്കാന്‍ വെറും ആറ് സെക്കന്റ് ബാക്കിയുള്ളപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 5-4. അവസാന നിമിഷങ്ങളില്‍ ഗോളിയെ പോലും പുറത്തിരുത്തി, ആക്രമണത്തിലേക്ക് ഗിയര്‍മാറ്റി പഞ്ഞെത്തിയ ജര്‍മ്മന്‍ സംഘത്തിന് ആ നിര്‍ണ്ണായക നിമിഷത്തില്‍ പെനാള്‍ട്ടി കോര്‍ണല്‍ ലഭിക്കുന്നു. സൈഡ് ലൈനില്‍ നിന്ന ജര്‍മ്മന്‍ കളിക്കാര്‍ ഗോള്‍ ലഭിച്ചതിന് തുല്യമായ സന്തോഷത്തിലായിരുന്നു.


എന്നാല്‍ ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹോക്കി പടയോട്ടത്തില്‍ പലപ്പോഴും കണ്ട കാഴ്ച അവിടെ ആവര്‍ത്തിക്കുകയായിരുന്നു.  ബര്‍ലിന്‍ മതിലിന്റെ നാട്ടുകാരായ ജര്‍മ്മനിക്ക് ഇന്ത്യന്‍ വന്‍ മതിലായ പിആര്‍ ശ്രീജേഷിനെ ഭേദിക്കാന്‍ സാധിച്ചില്ല. ശ്രീജേഷിന്റെ സേവില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നു എന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്ക് അത് വന്നെത്തി. പത്തിലേറെ പെനാല്‍റ്റി കോര്‍ണറുകളാണ് ജര്‍മ്മനിക്ക് ലഭിച്ചത്. അതില്‍ പലതും ശ്രീജേഷിന്റെ പ്രതിരോധത്തിലാണ് ഗോളാകാതിരുന്നത്.

ഇന്ത്യയുടെ 41 വര്‍ഷത്തെ ഹോക്കി മെഡലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച ഹീറോകളില്‍ ഏറ്റവും മുന്നില്‍ തന്നെ ശ്രീജേഷ് ഉണ്ടാകും എന്നാണ് മത്സരശേഷം സോഷ്യല്‍ മീഡിയ അടയാളപ്പെടുത്തുന്നത്. ശ്രീജേഷിന്റെ ബയോപിക് എപ്പോള്‍ വരും എന്നുവരെ ചര്‍ച്ച ഉയര്‍ത്തുകയാണ് ട്വിറ്റര്‍. ശ്രീജേഷാണ് ശരിക്കും രക്ഷകന്‍ എന്നാണ് ചിലരുടെ അഭിപ്രായം. കേരളത്തിന് അഭിമാനനിമിഷം എന്ന രീതിയിലും പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.


1972 ല്‍ മാനുവല്‍ ഫെഡ്രിക്കിന് ശേഷം ഒളിംപിക് വിജയപദത്തില്‍ കയറുന്ന ആദ്യത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. ശ്രീജേഷിന് കേരള ഹോക്കി ഫെഡറേഷന്‍ അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സിന്റെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ നടത്തിയ തകര്‍പ്പന്‍ സേവുകള്‍ മുതല്‍ ഇന്ത്യയുടെ വിജയ മത്സരങ്ങളില്‍ എല്ലാം പിആര്‍ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമാണ് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്.

എട്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യയെ സംബന്ധിച്ച് ഈ നേട്ടം പഴയ നല്ല ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചു പോക്കു കൂടിയാണ്. 1980ലെ മോസ്‌കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമാല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്‌സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം.


ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഹോക്കി ടീമിലെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. നായകനായും യുവതാരങ്ങള്‍ക്ക് മെന്ററായുമെല്ലാം ഗോള്‍പോസ്റ്റിന് മുന്നിലെന്ന പോലെ നിറഞ്ഞു നില്‍ക്കുകയാണ് ഈ മലയാളി താരം. ടീം ഇന്ത്യയുടെ ചരിത്രവിജയത്തില്‍ ശ്രീജേഷ് ഒരിക്കല്‍ക്കൂടി ഒരു രക്ഷകന്റെ കുപ്പായം അണിഞ്ഞു. കളിക്കിടെ ഇന്ത്യന്‍ കീപ്പര്‍ക്ക് എട്ട് പെനാല്‍റ്റി കോര്‍ണറുകള്‍ പ്രതിരോധിക്കേണ്ടി വന്നു.

ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടില്‍ ആവേശത്തോടെയും പിരിമുറക്കത്തോടെയുമാണ് ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം മത്സരം കണ്ടത്. ശ്രീജേഷും ടീമും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. മത്സരം ആരംഭിച്ച രാവിലെ മുതല്‍ തന്നെ ആവേശത്തിലായിരുന്നു കുടുംബം.


നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യന്‍ ടീം ഫൈനലിനായി കളിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. മുന്‍ ലോങ്ജംപ് താരം കൂടിയായ ശ്രീജേഷിന്റെ ഭാര്യ ഡോ. അനീഷ്യയും മാതാപിതാക്കളായ രവീന്ദ്രനും ഉഷയും പ്രാര്‍ഥനയോടെയാണ് മത്സരം തത്സമയം ടിവിയില്‍ കണ്ടത്. കുടുംബത്തിന്റെ ഓരോ വൈകാരിക നിമിഷങ്ങളും ഒപ്പിയെടുക്കാന്‍ വലിയ മാധ്യമപ്പട തന്നെ വീടിനുള്ളില്‍ ഉണ്ടായിരുന്നു. മത്സരം 2-2 എന്ന നിലയിലേക്ക് നീങ്ങിയതോടെ വീട്ടില്‍ കയ്യടിയും ആവേശവുമായിരുന്നു. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.