ലണ്ടന്‍: സിഗററ്റ് വലിക്കുന്നതിനെ അപേക്ഷിച്ച് ചെറിയ അളവിലുള്ള മദ്യപാനം കൂടുതല്‍ സുരക്ഷിതമാണെന്നു കരുതുന്നവര്‍ ഏറെയാണ്. സിഗരറ്റ് വലി ഉപേക്ഷിക്കുന്നവര്‍ മദ്യത്തെ കൂടുതല്‍ ആശ്രയിക്കുന്നതും കണ്ടുവരാറുണ്ട്. ലോകത്ത് മദ്യപരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.
മദ്യപാനം മൂലം കരള്‍, കുടല്‍, സ്തനം തുടങ്ങിയ അവയവങ്ങളില്‍ കാന്‍സര്‍ വരാനുള്ള സാധ്യതയാണ് ഇതുവരെ കൂടുതല്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ മദ്യപാനത്തിന് എല്ലാ കാന്‍സറുകളുമായും നേരിട്ടു ബന്ധമുണ്ടെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. തലയ്ക്കും കഴുത്തിനും വായ്, ശ്വാസനാളം, അന്നനാളം, കുടല്‍ എന്നിവയെ ബാധിക്കുന്ന നിരവധി അര്‍ബുദങ്ങളുമായി മദ്യപാനം ബന്ധപ്പെട്ടിരിക്കുന്നു.
അതേസമയം കാപ്പി കുടിക്കുന്നത് കരള്‍ അര്‍ബുദത്തില്‍നിന്ന് സംരക്ഷണമേകുന്നുവെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളജിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘത്തിന്റെ പഠനത്തില്‍ പറയുന്നു. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നത് കരളിലെ അര്‍ബുദം, ചര്‍മത്തെ ബാധിക്കുന്ന കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത കുറയ്്ക്കുന്നു. പാല്‍ ഉല്‍പന്നങ്ങളും ധാന്യങ്ങളും കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. കാപ്പിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി പ്രോപ്പര്‍ട്ടി എന്നിവയ്ക്കു കാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
പുതിയ പഠനം കാന്‍സറുമായി മദ്യത്തിനും കാപ്പിക്കും േനരിട്ടുള്ള ബന്ധം തെളിയിക്കുന്നതായി ഗവേഷണത്തിന് ധനസഹായം നല്‍കിയ വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിലെ (ഡബ്ല്യു.സി.ആര്‍.എഫ്) റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ഡയറക്ടര്‍ ജിയോട്ട മിത്രൂ പറഞ്ഞു.
കാപ്പി കാന്‍സര്‍ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമുണ്ട്. മദ്യവും വ്യത്യസ്ത തരം കാന്‍സറുമായുള്ള ബന്ധവും ഗവേഷണത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യം വിവിധ തരം കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മദ്യത്തിലെ രാസവസ്തുക്കള്‍ ഡിഎ.എയുമായി കലര്‍ന്ന് കോശങ്ങളില്‍ ജനിതക പരിണാമത്തിനു കാരണമാകുന്നു. ഇത് കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ വ്യതിയാനത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ മദ്യത്തിന് കഴിയും.
മദ്യത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ നയങ്ങള്‍ രൂപപ്പെടുത്തണമെന്നു ഗവേഷക സംഘം ആവശ്യപ്പെടുന്നു. മദ്യപാനം വിവിധ തരം കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജനങ്ങളെ ബോധവല്‍കരിക്കുകയും ഉപഭോഗം പരിമിതപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പഠനത്തില്‍ ശിപാര്‍ശ ചെയ്യുന്നു.
അതേസമയം, ഭക്ഷണപാനീയങ്ങള്‍ കാന്‍സറിനു നേരിട്ടു കാരണമാകുന്നതായി കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ കാപ്പിയും പാലുല്‍പ്പന്നങ്ങളും അപകടസാധ്യത കുറയ്ക്കുന്നു. 11 തരത്തിലുള്ള കാന്‍സറുകള്‍ പരിശോധിച്ചപ്പോള്‍ മദ്യപാനത്തിന് അവയെല്ലാമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.