ടോക്കിയോ: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തെയും കായികാധികാരികളെയും വിമര്‍ശിച്ചതിന് ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കാതെ നാട്ടിലേക്ക് മടക്കിയയച്ച ബെലാറൂസ് താരം ക്രിസ്റ്റ്‌സിനാ സിമാനുസ്‌ക്കായയ്ക്ക് പോളണ്ട് രാഷ്ട്രീയ അഭയം നല്‍കി; ഓസ്ട്രിയ വഴി വാര്‍സോയിലെത്തിയ അവരെ വിമാനത്താവളത്തില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി.
'ക്ഷീണിതയായ ക്രിസ്റ്റ്‌സിനായ്ക്ക് വിശ്രമം ആവശ്യമാണ്. പോളണ്ടില്‍ കഴിയുന്നതില്‍ സന്തോഷവതിയാണിപ്പോള്‍. സുരക്ഷിതമായ സ്ഥലത്ത് പോളണ്ടില്‍ തുടരും'- പോളിഷ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാര്‍സിന്‍ പ്രിസിഡാക്‌സ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.ക്രിസ്റ്റ്‌സിനായോട് അനുഭാവമുള്ള ബെലാറൂസ് വംശജരായ ഏതാനും പ്രവാസികള്‍ സൗഹൃദ അഭിവാദ്യം നല്‍കാന്‍ വാര്‍സോ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു.
ക്രിസ്റ്റ്‌സിനാ മത്സരിക്കാനിരുന്ന 200 മീറ്റര്‍ ഹീറ്റ്‌സ് തുടങ്ങുന്നതിന്റെ തലേന്ന് രാത്രിയാണ് താരത്തെ ബെലാറൂസിലേക്ക് മടക്കി അയയ്ക്കാന്‍ ടീം അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച ക്രിസ്റ്റീനാ വിമാനത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.തുടര്‍ന്ന് ക്രിസ്റ്റ്‌സിനായ്ക്ക് മാനുഷിക വിസ നല്‍കാന്‍ പോളണ്ട് തീരുമാനിച്ചു.ക്രിസ്റ്റ്‌സിനായ്ക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കളത്തില്‍ ബാക്കിയുണ്ടെന്നും അതിനു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ബെലാറൂസിയന്‍ സ്‌പോര്‍ട്‌സ് സോളിഡാരിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലക്‌സാന്ദര്‍ ഔപെയ്കിന്‍ പറഞ്ഞത് വിഫലമായി.
ക്രിസ്റ്റ്‌സിനായ്ക്ക് വിസ അനുവദിച്ച പോളണ്ടിന്റെ നടപടിയെ പുകഴ്ത്തിയ യൂറോപ്യന്‍ യൂണിയന്‍, ബെലാറൂസില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ നേതൃത്വത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളുടെ ഇരയാണ് കായികതാരമെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലുക്കാഷെങ്കോ അധികാരത്തില്‍ എത്താന്‍ കാരണമായ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബെലാറൂസില്‍ ഉടനീളം പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.പാശ്ചാത്യ ഉപരോധം നേരിടുന്ന ലുക്കാഷെങ്കോയ്ക്ക് 24-കാരിയായ കായിക താരത്തിന്റെ നടപടി പുതിയ ആഘാതമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.