മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ലോക്ഡൗണിനെതിരേ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം. കോവിഡ് ഡെല്‍റ്റ വൈറസ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് ഇന്നലെ വിക്ടോറിയന്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തലസ്ഥാന നഗരിയായ മെല്‍ബണില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസാണ് രാത്രി എട്ടിന് ഏഴു ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ആറാം തവണയാണ് മെല്‍ബണ്‍ ലോക്ഡൗണിലൂടെ കടന്നുപോകുന്നത്.
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ രാത്രിയോടെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനു സമീപമാണ് ആദ്യം ഒത്തുകൂടിയത്. പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റിലേക്കു മാറി. പ്രതിഷേധക്കാര്‍ റോഡില്‍ തീ കത്തിക്കുകയും സ്വാതന്ത്ര്യം വേണം ലോക്ക്ഡൗണ്‍ വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുകയും ചെയ്തു.
ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എന്നു വിശേഷിപ്പിച്ചാണ് ഡാനിയല്‍ ആന്‍ഡ്രൂസ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വളരെ കുറച്ചുപേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്കു മറ്റ് മാര്‍ഗമില്ല. ജനങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സുപ്രധാന തീരുമാനം ഞങ്ങള്‍ കൂട്ടായി എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരേ കഴിഞ്ഞ 24-ന് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍ തുടങ്ങി പ്രധാന നഗരങ്ങളിലാണ് അന്ന് മൂവായിരത്തിലേറെ പേര്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനം തെരുവിലിറങ്ങിയത്. പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ഇത്തരം തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.