ആണവായുധ നിരോധന യത്‌നത്തില്‍ സഭ പങ്കു ചേരണം:നാഗസാക്കി ആര്‍ച്ച്ബിഷപ്പ്

ആണവായുധ നിരോധന യത്‌നത്തില്‍ സഭ പങ്കു ചേരണം:നാഗസാക്കി ആര്‍ച്ച്ബിഷപ്പ്

ടോക്യോ: കത്തോലിക്കാ സഭ ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ആണവായുധ നിരോധനം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്‌നത്തെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് നാഗസാക്കി ആര്‍ച്ച്ബിഷപ്പ് ജോസഫ് മിത്സുവാകി തകാമി. എല്ലാ ജീവജാലങ്ങള്‍ക്കും സമാധാനത്തോടെ പുലരാനുള്ള അവകാശം ചൂണ്ടിക്കാട്ടി 2019 നവംബറില്‍ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു വച്ച പ്രധാന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്് വത്തിക്കാന്‍ ന്യൂസിലെ ആന്‍ഡ്രിയ ഡി ആഞ്ചലിസ് നടത്തിയ അഭിമുഖത്തില്‍ നാഗസാക്കി ആര്‍ച്ച്ബിഷപ്പ് ഈ ആഹ്വാനം നടത്തിയത്.

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കപ്പെട്ടതിന്റെ 76 -ാം വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് ലോകം ആണവായുധ വിമുക്തമാകേണ്ടതിന്റെ അനിവാര്യത ആര്‍ച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടിയത്.'ആണവായുധങ്ങളുള്ള ഒരു ലോകം സ്വയമേവ സമാധാനം ഉണ്ടാക്കില്ലെന്ന് നമുക്കറിയാം. ലോകത്തിന് സമാധാനത്തിലേക്കുള്ള പാതയില്‍ മറികടക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ആണവായുധങ്ങള്‍ '- അദ്ദേഹം പറഞ്ഞു.ബോംബുകള്‍ സൃഷ്ടിച്ച വന്‍ നാശം തലമുറകളിലേക്ക് കൈമാറുന്ന പ്രത്യാഘാതങ്ങള്‍ കണ്ടറിയണം.'യേശുക്രിസ്തു പഠിപ്പിക്കുകയും കാണിക്കുകയും ചെയ്ത സ്‌നേഹം പ്രായോഗികമാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് മനുഷ്യാത്മാവിനെ പുനര്‍നിര്‍മ്മിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.'

ഈ വര്‍ഷം കോവിഡ് -19 കാരണം വാര്‍ഷിക ചടങ്ങില്‍ പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണമുണ്ടായിരുന്നു. പ്രാദേശിക സമയം രാവിലെ 8:15 ന് പൗരന്മാര്‍ ഒരു മിനിറ്റ് നിശബ്ദത പാലിച്ചു; 76 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിരോഷിമയില്‍ ആദ്യത്തെ ബോംബ് പതിച്ച സമയം. 1945 ആഗസ്റ്റ് 6 നാണ് അമേരിക്ക ഹിരോഷിമയില്‍ ലോകത്തിലെ ആദ്യത്തെ ആറ്റംബോംബ് വര്‍ഷിച്ചത്. നഗരം നശിച്ചതോടൊപ്പം ഏകദേശം 140,000 ആളുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നാഗസാക്കിയില്‍ രണ്ടാമത്തെ ബോംബ് വീണു. 70,000 പേരുടെ ജീവന്‍ നഷ്ടമായി. തുടര്‍ന്നാണ് രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച് 1945 ആഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങിയത്.

ആണവായുധങ്ങളുടെ ഉപയോഗത്തിനെതിരായ ഒരേയൊരു ഉറപ്പ് അവയുടെ മൊത്തം ഉന്മൂലനം മാത്രമാണെന്ന് ഒരു വീഡിയോ സന്ദേശത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ പറഞ്ഞു. ആണവ വിമുക്ത ലോകം കൈവരിക്കുന്നതിനുള്ള നീക്കം മന്ദഗതിയിലുള്ള പുരോഗതിയേ കൈവരിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ആണവായുധ രഹിത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കാനുള്ള യുഎന്നിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. ആണവ ബോംബ് സ്‌ഫോടനത്തെ അതിജീവിച്ചവര്‍ക്ക് സര്‍ക്കാര്‍ തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് പറഞ്ഞ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ആണവായുധങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചു.ആഗോള മാനവികതയ്ക്ക് ഭീഷണിയായിട്ടുള്ള മഹമാരിയെ നേരിടുന്നതുപോലെ ആണവ നിരായുധീകരണത്തിന് ലോകനേതാക്കള്‍ ഗൗരവമായി ഇടപെടണമെന്ന് ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ സംസാരിക്കവേ മേയര്‍ കസുമി മാറ്റ്‌സുയി അഭ്യര്‍ത്ഥിച്ചു. 'വിവേചനരഹിതമായ കശാപ്പിന് നിരന്തരം തയ്യാറെടുപ്പിക്കുന്ന ഈ ആയുധങ്ങള്‍ കൊണ്ട് ഒരു സുസ്ഥിര സമൂഹത്തിന്റെ നിലനില്‍പ്പ് സാധ്യമല്ല.'- അവര്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.