ലോക്ക്ഡൗണ്‍ തുടങ്ങിയ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് 10 വയസുള്ള മകനില്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അധികം ആയപ്പോള്‍ ഡോക്ടറെ കണ്ടു, മരുന്ന് തുടങ്ങി. കോവിഡ് രോഗഭീതിയുള്ളതിനാല്‍ രക്തപരിശോധനയടക്കം പ്രധാന ടെസ്റ്റുകളും നടത്തി. എന്നിട്ടും ചൊറിച്ചിലിന് കുറവൊന്നും ഉണ്ടായില്ല. ഒപ്പം പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അമിതമായി ഭക്ഷണം കഴിക്കുന്നു. അമ്മയെ അനുസരിക്കാതെയായി. അമ്മയോട് വൈരാഗ്യമുള്ളപോലെയായി പിന്നീട് പെരുമാറ്റം. രാത്രി പേടിച്ച് നിലവിളിക്കുന്നതും പതിവായി. ഡോക്ടര്‍ വീണ്ടും പരിശോധിച്ചെങ്കിലും ശാരീരിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. മകന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും ഭയചകിതരായി. അതിനാല്‍ ആ ഡോക്ടര്‍ തന്നെയാണ് ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന് നിര്‍ബന്ധിച്ച് അവരെ അയക്കുന്നത്.
ആണായും പെണ്ണായും മാതാപിതാക്കള്‍ക്ക് അവന്‍ ഒരാള്‍ മാത്രമേ ഉള്ളു. അച്ഛന്‍ വിദേശത്താണ്. അമ്മ ഐടി കമ്പനിയിലാണ്. കോവിഡ് ആയതിനാല്‍ വീട്ടിലിരുന്നാണ് ജോലി. എല്ലാവര്‍ക്കും തിരക്ക് അവന്‍ ആ വീട്ടില്‍ തനിച്ച്. അമ്മ എപ്പോഴും തിരക്ക്. ലോക്ക്ഡൗണ്‍ ആയതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ആയി. ആ വീട്ടില്‍ അമ്മയും മകനും തനിച്ചായി ജീവിതം. കൂട്ടുകാര്‍ക്കൊപ്പം കളിച്ച്, സ്‌ക്കൂളില്‍ എല്ലാക്കാര്യങ്ങളിലും മിടുക്കനായിരുന്ന അവന് ഒറ്റപ്പെടല്‍ മാത്രമായി കൂട്ട്. പിന്നീടാണ് അവനില്‍ അസ്വസ്ഥതയുളവാക്കുന്ന ചൊറിച്ചില്‍ അനുഭവപ്പെട്ടു തുടങ്ങിയത്.
കുട്ടികളുടെ ശീലങ്ങളിലും അവര്‍ സുരക്ഷിതമെന്ന് കരുതുന്ന ജീവിത രീതികളിലും പെട്ടെന്നുണ്ടാകുന്ന മാറ്റം അവരില്‍ വലിയ മാനസിക ആഘാതമുണ്ടാക്കും. സെപറേഷന്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ എന്നാണ് ഇതിന് പറയുക. 4 ശതമാനം കുട്ടികളിലും 1.6 ശതമാനം മുതിര്‍ന്നവരിലും ഇതുണ്ടാകാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ കുട്ടിക്കും സംഭവിച്ചത് അതുതന്നെയാണ്. ആരും ഇല്ല താന്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ അരക്ഷിത ബോധമായി വളരുകയായിരുന്നു. അച്ഛനും അമ്മക്കും അവരുടെ കുടുംബ ജീവിതത്തിന് ആവശ്യമായ ക്വാളിറ്റി ടൈം അനിവാര്യമാണ്. എന്നാല്‍ അത് മക്കളുടെ മാനസിക നലയെ ബാധിക്കാത്ത തരത്തില്‍ ക്രമീകരിക്കാന്‍ കഴിയണം. ലോക്ക്ഡൗണ്‍, കുടുംബങ്ങള്‍ക്കകത്തെ ജീവിതക്രമത്തെയും ശീലങ്ങളെയും കുടുംബാംഗങ്ങള്‍ തമ്മിലെ പെരുമാറ്റ രീതികളെയുമെല്ലാം വലിയതോതില്‍ മാറ്റിമറിക്കും. അത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൈവിട്ടുപോകും എന്നു കൂടി ഓര്‍ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.