റോം: നേപ്പിള്‍സ് ആസ്ഥാനമായി ഇറ്റാലിയന്‍ പോലീസിന് തലവേദന സൃഷ്ടിച്ചുപോന്ന അധോലോക നായിക മരിയ ലിച്ചിയാര്‍ഡി (70) പിടിയിലായി. കമോറ ക്രൈം സിന്‍ഡിക്കേറ്റ് എന്ന മാഫിയക്കു നേതൃത്വം നല്‍കിപ്പോന്ന ഇവരെ സ്‌പെയിനിലേക്കുള്ള വിമാനത്തില്‍ കയറാനെത്തിയപ്പോള്‍ റോമിലെ സിയാമ്പിനോ വിമാനത്താവളത്തില്‍ അര്‍ദ്ധസൈനിക വിഭാഗമായ കാരാബിനിയറിയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.ആഭ്യന്തര മന്ത്രി ലൂസിയാന ലാമോര്‍ഗീസ് നടപടിയെ പ്രശംസിച്ചു.
മാരിയോ പുസോയുടെ വിശ്രുത കഥാപാത്രമായ 'ഗോഡ് ഫാദറി'ന്റെ വനിതാ രൂപമായി ചിത്രീകരിക്കപ്പെട്ടിരുന്ന മരിയ ലിച്ചിയാര്‍ഡി സ്പെയിനിലുള്ള മകളെ കാണാന്‍ പോകുമ്പോഴാണ്, ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ വലയിലായത്. തെക്കന്‍ സ്പെയിനില്‍ ചില ബിനിനസ് ലക്ഷ്യങ്ങളും ഉണ്ടായിരുന്നതായി പോലീസിനു വിവരമുണ്ട്.നേപ്പിള്‍സ് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസില്‍ നിന്ന് ഒപ്പിട്ട വാറന്റ് കാട്ടി ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ അവര്‍ ചെറുത്തതേയില്ല.2001 ല്‍ നേപ്പിള്‍സിന് സമീപം കാര്‍ ഓടിച്ചു പോകുമ്പോള്‍ ആദ്യമായി അറസ്റ്റിലായിരുന്നു. അന്ന് പോലീസ് നോക്കിവച്ചിരുന്ന ഇറ്റലിയിലെ 30 മുന്‍നിര ക്രമിനലുകളില്‍ ഒരാളായിരുന്നു. മാഫിയയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ച ശേഷം 2009 ല്‍ ജയില്‍ മോചിതയായി.തുടര്‍ന്നും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു.
പ്രാദേശിക ബിസിനസ്സ് ഉടമകളില്‍ നിന്നു 'ലെവി ' ഈടാക്കല്‍, മയക്കുമരുന്ന് കടത്ത്, പൊതുമരാമത്ത് കരാറുകളിലെ നുഴഞ്ഞുകയറ്റം എന്നിവ ശൈലിയാക്കിയ പ്രധാന ക്രൈം സിന്‍ഡിക്കേറ്റുകളിലൊന്നാണ് 'മദ്രീന' (ഗോഡ് മദര്‍) എന്നു വിളിക്കപ്പെട്ടുപോന്ന അവരുടേത്. കൊച്ചു ശരീര പ്രകൃതമായതിനാല്‍ മാഫിയ സംഘങ്ങള്‍ക്കിടയില്‍ 'ചെറിയവള്‍' എന്ന വിശേഷണവും അവര്‍ക്കുണ്ട്. 1990കളുടെ തുടക്കത്തില്‍ ഭര്‍ത്താവും രണ്ട് സഹോദരങ്ങളും അറസ്റ്റിലായതോടെയാണ് മരിയ മാഫിയ സംഘത്തിന്റെ തലപ്പത്തെത്തിയത്. മയക്കുമരുന്ന് കടത്ത്, സിഗരറ്റ് കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ റാക്കറ്റുകളില്‍ മരിയ സജീവമായി.പുരുഷന്‍മാര്‍ കൈയടക്കിയിരുന്ന മാഫിയ മേഖലയിലെ പ്രബല നേതാവായി മാറി.
മാഫിയ സംഘങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പരിഹാരത്തിനും മരിയ ശ്രമിച്ചു. പരസ്പരം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമേ ബിസിനസിലെ നഷ്ടം നികത്താന്‍ സാധിക്കുവെന്ന് മറ്റു മാഫിയ നേതാക്കളെ ബോധ്യപ്പെടുത്തി. പിന്നീട് കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടെ പെട്ടെന്നുണ്ടായ ചില ഭിന്നതകളും മയക്കുമരുന്ന് അഴിമതിയും ഗ്രൂപ്പുകള്‍ തമ്മില്‍ വലിയ തര്‍ക്കത്തിലേക്ക് വഴിവെച്ചു.
ആക്രമണത്തില്‍ മരിയയുടെ മരുമക്കളില്‍ ഒരാള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഇതോടെ സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചടിക്കാന്‍ മരിയ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതു വലിയ സംഘര്‍ഷത്തിലേക്കും നിരവധി കൊലപാതകങ്ങളിലേക്കും നയിച്ചു. കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ 1999ല്‍ ഇറ്റാലിയന്‍ പോലീസ് ഇവര്‍ക്കെതിരേ വാറണ്ട് ഇറക്കി. പിന്നീട് രണ്ട് വര്‍ഷത്തോളം മരിയ ഒളിവില്‍ കഴിഞ്ഞു.
ഇതിനിടെ മറ്റുപല മാഫിയ നേതാക്കളും പോലീസ് പിടിയിലായി. എന്നാല്‍ മരിയ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇടയ്ക്കിടെ ഒളിത്താവളം മാറി. കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കവും പോലീസിനെ വട്ടംകറക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.