പാരിസ്:പടിഞ്ഞാറന്‍ ഫ്രാന്‍സിലെ വെന്‍ഡിയില്‍ പ്രശസ്ത വചന പ്രഘോഷകനും മോണ്ട്‌ഫോര്‍ട്ട് സന്യാസസഭയുടെ പ്രവിശ്യാ സുപ്പീരിയറുമായ ഫാ. ഒലിവര്‍ മെയര്‍ (60) ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് കസ്്റ്റഡിയിലായ റുവാണ്ടന്‍ അഭയാര്‍ത്ഥി താമസിച്ചിരുന്നത് ഫാ. ഒലിവര്‍ മെയറുടെ സന്യാസ സഭാശ്രമത്തില്‍ തന്നെ. 2020 ല്‍ നാന്റസ് കത്തീഡ്രലിന് തീയിട്ടതുള്‍പ്പെടെ ചില കേസുകളിലെ പ്രതിയായ ഇയാള്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ കഴിയവേയാണ് അഭയം നല്‍കിയ മനുഷ്യ സ്നേഹിയുടെ ജീവനെടുത്തെന്ന് സ്വയം സമ്മതിച്ചിരിക്കുന്നത്.
ഫാ. മെയര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നതിന്റെ വിശദാംശങ്ങള്‍ പോലീസ് നല്‍കിയിട്ടില്ലെങ്കിലും പ്രാഥമികാന്വേഷണത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാല്‍പ്പതു വയസുള്ള ഇമ്മാനുവേല്‍ അബൈസെന്‍ഗ എന്ന റുവാണ്ടന്‍ അഭയാര്‍ത്ഥി മോര്‍ട്ടെയ്ന്‍-സുര്‍-സാവ്രെയിലെ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി, താന്‍ വൈദികനെ വധിച്ച വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി സന്യാസ സഭാശ്രമത്തില്‍ ഇയാള്‍ പറഞ്ഞ മുറിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു.സന്യാസ സഭയുടെ കീഴില്‍ സന്നദ്ധ സേവകനായി കുറച്ചു കാലം പ്രവര്‍ത്തിച്ചയാളാണ് കൊലയാളി.ഇയാളെ ചോദ്യം ചെയതുവരുന്നു. രണ്ട് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയതെന്ന് ലാ റോച്ചെസര്‍യോണ്‍ പ്രോസിക്യൂട്ടര്‍ യാനിക് ലെ ഗോട്ടര്‍ പറഞ്ഞു. വിചാരണ കാത്തു കഴിയവേ താമസിക്കാന്‍ ഇടമില്ലെന്ന അയാളുടെ സങ്കടം അറിഞ്ഞാണ് സന്യാസ വൈദികള്‍ ആശ്രമത്തില്‍ അഭയമേകിയത്.
ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ വെന്‍ഡിയാണ് കൊലപാതക വിവരം ട്വിറ്റിലൂടെ ആദ്യം ലോകത്തെ അറിയിച്ചത്. വൈകാതെ തന്നെ അദ്ദേഹം സംഭവസ്ഥലത്തെത്തി. ഫാ. ഷാക് ഹാമിലിന്റെ ദാരുണ വധത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ഫ്രാന്‍സില്‍ മറ്റൊരു കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ട വിവരം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് വെന്‍ഡിയിലെ കത്തോലിക്കര്‍.പ്രതിപക്ഷത്തെ ലെസ് റിപ്പബ്ലിക്കന്‍സ് പാര്‍ട്ടിയുടെ തലവനായ ബ്രൂണോ റിട്ടെയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.എനിക്ക് നന്നായി അറിയാവുന്ന വൈദിക ശ്രേഷ്ഠനാണ് വധിക്കപ്പെട്ടത്.അദ്ദേഹത്തിലെ വിശ്വാസത്തിന്റെ ആഴം ഞാന്‍ വിലമതിക്കുന്നു. ഈ പുരോഹിതന്റെ നന്മയുടെ തെളിവാണ് ഈ മരണം. അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ്- ഫാ. ഒലിവര്‍ മെയറിന്റെ ഫോട്ടോ സഹിതം റിട്ടെയില്‍ ട്വീറ്റ് ചെയ്തു.
'ആഴത്തിലുള്ള ആത്മീയത' സ്വന്തമായിരുന്ന വൈദിക ശ്രേഷ്ഠനെന്ന നിലയിലും പ്രമുഖ വചന പ്രഘോഷകനെന്ന നിലയിലും മോണ്ട്ഫൊര്‍ട്ടൈന്‍ സമൂഹത്തിന്റെ അറിയപ്പെടുന്ന മുഖമായിരുന്നു ഫാ. ഒലിവര്‍ മെയറെന്ന് മോണ്ട്ഫോര്‍ട്ടൈന്‍ മിഷനറി ഓര്‍ഡറിന്റെ സുപ്പീരിയര്‍ ജനറലും ഫാ. മെയറിന്റെ ഉറ്റ സുഹൃത്തുമായ ഫാ. സാന്റിനോ ബ്രെംബില്ല വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
'സഹായിക്കേണ്ടവരും കൂടെയുള്ളവരുമായ ആളുകളെ അദ്ദേഹം എപ്പോഴും കൂടെക്കൂട്ടി. മോണ്ട്ഫോര്‍ട്ടെയ്ന്‍ സമൂഹത്തിന് വലിയ മൂല്യമുള്ള ഒരു വ്യക്തിയെ നഷ്ടമായി. ഇത് ഒരു ദുരന്തമാണ്.' - അദ്ദേഹത്തിന്റെ വാക്കുകള്‍.
x
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.