കനേഡിയന്‍ പൗരന്റെ വധശിക്ഷ ശരിവച്ച് ചൈന; അപലപിച്ച് ജസ്റ്റിന്‍ ട്രൂഡോ

കനേഡിയന്‍ പൗരന്റെ വധശിക്ഷ ശരിവച്ച് ചൈന; അപലപിച്ച് ജസ്റ്റിന്‍ ട്രൂഡോ



ബീജിംഗ്: മയക്കുമരുന്ന് കള്ളക്കടത്തു നടത്തിയെന്ന കുറ്റം ആരോപിച്ച് കനേഡിയന്‍ പൗരന് വിധിക്കപ്പെട്ട വധശിക്ഷ ഉന്നത ചൈനീസ് കോടതി ശരിവച്ചു. ഒട്ടാവയും ബീജിംഗും തമ്മിലുള്ള ബന്ധം ഏറെ വഷളാക്കിയ നിരവധി കേസുകളില്‍ ഒന്നാണിത്. ചൈനയിലെ കനേഡിയന്‍ അംബാസഡര്‍ കോടതി വിധിക്കെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഷെല്ലന്‍ബെര്‍ഗിന് ചൈന 'ഏകപക്ഷീയമായി' വധശിക്ഷ ചുമത്തിയതില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 'അങ്ങേയറ്റം ആശങ്ക' പ്രകടിപ്പിച്ചു.

2018 അവസാനത്തോടെ റോബര്‍ട്ട് ലോയ്ഡ് ഷെല്ലന്‍ബെര്‍ഗിനെ 15 വര്‍ഷം തടവിനാണ് ആദ്യം ശിക്ഷിച്ചത്. ഷെല്ലന്‍ബെര്‍ഗ് നല്‍കിയ അപ്പീലില്‍ മാസങ്ങള്‍ക്ക് ശേഷം അത് വധശിക്ഷയാക്കി മാറ്റി. ലിയോണിംഗ് പ്രവിശ്യ ഹയര്‍ പീപ്പിള്‍സ് കോടതിയാണ് ശിക്ഷ സ്ഥിരീകരിച്ചത്. 'വിചാരണയില്‍ കണ്ടെത്തിയ വസ്തുതകള്‍ വ്യക്തമായിരുന്നു.തെളിവുകള്‍ വിശ്വസനീയവും പര്യാപ്തവുമായിരുന്നു. ശിക്ഷ കൃത്യവും ഉചിതവുമാണ് - വിധിന്യായത്തില്‍ പറഞ്ഞതിങ്ങനെ.'വിധിയെ ഏറ്റവും ശക്തമായി അപലപിക്കുന്നു. ദയാഹര്‍ജിയിലൂടെ ശിക്ഷ ഒഴിവാക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിക്കുന്നു'-അംബാസഡര്‍ ഡൊമിനിക് ബാര്‍ട്ടണ്‍ പറഞ്ഞു. ' ഈ ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷയോടുള്ള ശക്തമായ എതിര്‍പ്പ് ചൈനയോട് പ്രകടിപ്പിച്ചിട്ടുണ്ട്, ഞങ്ങള്‍ അത് തുടരും' - വടക്കുകിഴക്കന്‍ നഗരമായ ഷെന്യാങ്ങില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ പങ്കെടുത്ത ബാര്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

2018 ഡിസംബറില്‍ യുഎസ് വാറന്റില്‍ ചൈനീസ് ടെലികോം കമ്പനിയായ വാവേയിലെ ഉന്നത ഉദ്യോഗസ്ഥയായ മെങ് വാന്‍ഷൗവിനെ കാനഡ അറസ്റ്റ് ചെയ്തതോടെ വഷളായ ഉഭയ കക്ഷി ബന്ധത്തിന്റെ ഫലമാണ് ഷെല്ലന്‍ബെര്‍ഗിനെതിരെ വന്ന കടുത്ത കോടതി വിധിയെന്ന നിരീക്ഷണം ശക്തമായിരുന്നു. ചാരവൃത്തി ആരോപിച്ച് മറ്റ് രണ്ട് കനേഡിയന്‍ പൗരന്മാരെയും ചൈന അറസ്റ്റ് ചെയ്തിരുന്നു.മുന്‍ നയതന്ത്രജ്ഞരായ സ്പാവറിനെയും മൈക്കല്‍ കോവ്രിഗിനെയും മാര്‍ച്ചില്‍ വിചാരണ ചെയ്തുവെങ്കിലും ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല.

വാവേ കമ്പനിയുടെ സാമ്പത്തികകാര്യ വിഭാഗം മേധാവിയായ മെങ് വാന്‍ഷൗ എന്ന നാല്‍പ്പത്തിയേഴുകാരിയാണ് ചൈനയുടെ കാനഡയോടുള്ള വിരോധം ആളിക്കത്താന്‍ കാരണക്കാരിയെന്ന അഭിപ്രായം അന്താരാഷ്ട്ര നിരീക്ഷകര്‍ പങ്കു വയ്ക്കുന്നു. കാനഡയില്‍വച്ച് അറസ്റ്റിലായി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ് മെങ്്. ഇവരെ അമേരിക്കയ്ക്ക് കൈമാറുന്നതു പരിഗണിക്കാന്‍ കാനഡ തയാറായതാണ് ചൈനയെ പ്രകോപിപ്പിച്ചത്. മെംഗിനെ അറസ്റ്റ് ചെയത കാനഡയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ചൈനീസ് അതിക്രമമത്രേ. മെംഗിനെതിരായ കോടതി നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചതോടെ കാനഡ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണങ്ങളുമായി ചൈന രംഗത്തെത്തി. ചൈനീസ് ടെലികോം ഭീമന്‍ വാവെ കമ്പനിയുടെ സ്ഥാപകന്‍ റെങ്ങിന്റെ മകളാണ് മെംഗ്.2018 ഡിസംബര്‍ ഒന്നിനാണ് അവരെ വാന്‍കൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. നിലവിലിരുന്ന ഉപരോധങ്ങള്‍ ലംഘിച്ച് വാവെ കമ്പനി ഇറാനുമായി നടത്തിയ ഇടപാടുകള്‍ മെംഗ് ബാങ്ക് അധികൃതരില്‍നിന്നു മറച്ചുവച്ചു എന്നതാണ് അവര്‍ നേരിടുന്ന പ്രധാന കുറ്റാരോപണം. ഇതിന്റെ പേരില്‍ അമേരിക്ക ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കനേഡിയന്‍ അധികൃതര്‍ മെംഗിനെ അറസ്റ്റ് ചെയ്തതും ചൈനീസ് സമ്മര്‍ദം പരിഗണിക്കാതെ അമേരിക്കയ്ക്കു വിട്ടുകൊടുക്കാന്‍ നിയമനടപടി തുടങ്ങിയതും.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.