കേരള കത്തോലിക്കാസഭയുടെ പൊന്‍താരകമായി ഈ നൂറ്റാണ്ടിന്റെ ആത്മീയ പ്രേഷിതനായി വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് അനേകര്‍ക്ക് മാതൃകയും പ്രചോദനവും പ്രേരണയും പ്രേഷിതാഭിമുഖ്യവുമൊക്കെ നല്‍കിയ വ്യക്തിത്വമാണ് "കുഞ്ഞേട്ടന്‍" എന്ന് സ്നേഹപൂര്‍വ്വം നമ്മള്‍ വിളിച്ചിരുന്ന പി.സി എബ്രാഹം പല്ലാട്ടുകുന്നേൽ.
കേരള കത്തോലിക്കാ സഭ ഇന്ന് അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാർഷികം ആഘോഷിക്കുന്നു. അദ്ദേഹത്തെ ഒരുകാലത്തും മറന്നുകളയാന്‍ ഭാരത കത്തോലിക്കാസഭക്കാവുമെന്ന് കരുതുന്നില്ല കാരണം അദ്ദേഹം കത്തോലിക്കാ സഭയ്ക്ക് നൽകിയ സംഭാവന അത്രയ്ക്ക് വലുതാണ്.
2009 ആഗസ്റ്റ് രണ്ടിന് ചങ്ങനാശേരി പാറേല്‍ പള്ളിയുടെ മുന്‍പില്‍ വച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്നു അദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും. 11ന് കുഞ്ഞേട്ടനെ ദൈവം തന്റെ സ്വര്‍ഗീയ ആരാമാത്തിലേക്ക് വിളിക്കപ്പെടുകയും ചെയ്തു.
2009 ഓഗസ്റ്റ് 13-ന് പതിനായിരങ്ങളുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ മൃത സംസ്കാര ശുശ്രൂഷ കേരളത്തില്‍ നടന്നു. പൊട്ടിക്കരയുന്നവരും കണ്ണുനിറഞ്ഞൊഴുകുന്നവരും ദുഖം കടിച്ചമര്‍ത്തിനടക്കുന്നവരുമായ അനേകം സാധാരണക്കാരും വൈദികരും സന്ന്യാസിനികളും യുവാക്കളും കുട്ടികളുമൊക്കെ ആ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പല മെത്രാന്‍മാരും രാഷ്ട്രീയനേതാക്കളും ജഡ്ജിമാരുമൊക്കെ വെറും സാധാരണക്കാരനായി നമ്മുടെ ഇടയില്‍ ജീവിച്ച ആ പാവം വയോധികന്റെ മുന്‍പില്‍ ശിരസ് നമിച്ചു നിന്നു.
1925 മാര്‍ച്ച് 19ന് ഭരണങ്ങാനം അമ്പാറ പല്ലാട്ടുകുന്നേല്‍ ഭവനത്തില്‍ എട്ടാം മാസത്തില്‍ പിറന്നു വീണ എബ്രാഹം പന്ത്രണ്ടുവയസുവരെ വളരെയധികം സഹനങ്ങളിലൂടെയാണ് കടന്നു പോയത്. ആ ബാല്യം മുഴുവന്‍ സ്കൂളില്‍ പോകാതെ അമ്മയുടെ പിന്നാലെ നടന്നിരുന്ന എബ്രാഹാമിന്, ലിസ്യുവിലെ വി.കൊച്ചുത്രേസ്യായുടെ കഥ പതിവായി അമ്മ പറഞ്ഞു കൊടുത്തിരുന്നു.13 വയസുമുതല്‍ വി.അല്‍ഫോന്‍സാമ്മയെ അദ്ദേഹം അടുത്തറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചേച്ചി അല്‍ഫോന്‍സാമ്മയുടെ ബാച്ചുകാരിയായിരുന്ന സി.റീത്തായെ കാണാന്‍ വരുമ്പോഴൊക്കെ അല്‍ഫോന്‍സാമ്മയെ കണ്ടിട്ടേ എബ്രാഹം പോകുമായിരുന്നുള്ളൂ.
1946-ല്‍ അല്‍ഫോന്‍സാമ്മ മരിക്കുന്നതുവരെയുള്ള സൗഹൃദം യുവാവായ എബ്രാഹത്തിന്റെ ഉള്ളില്‍ ഒരു വലിയ മിഷണറിയെ രൂപപ്പെടുത്തിയിരുന്നു. മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവരെ സഹായിക്കണമെന്നും എപ്പോഴും അല്‍ഫോന്‍സാമ്മ പറയുമായിരുന്നു. ആ പ്രചോദനം ഏറ്റുവാങ്ങി 1947 ഒക്ടോബര്‍ മൂന്നാം തീയതി വെറും ഏഴു പേര്‍ ചേർന്ന് അദ്ദേഹം രൂപികരിച്ച ആത്മീയ പ്രേഷിത സംഘടനയാണ് ചെറുപുഷ്പ മിഷൻ ലീഗ്. ഇന്ന് ലോകം മുഴുവന്‍ വളര്‍ന്ന് പന്തലിച്ച് ഫലം നല്‍കി നില്‍ക്കുകയാണ് ഈ പ്രേഷിത സംഘടന. ഏറ്റവും വലിയ കത്തോലികാ അല്‍മായ സംഘടനയായ മിഷന്‍ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദൈവവിളി സ്വീകരിച്ച 40 മെത്രാന്മാരും, 4500 വൈദികരും, 36000 സന്ന്യാസിനികളും മിഷന്‍ലീഗ് സംഘടനയില്‍ നിന്നും സമര്‍പ്പിതജീവിതത്തിലേക്ക് കടന്നുവന്നവരാണ്.
നരച്ച താടിയും തോളില്‍ തുണി സഞ്ചിയും വെറും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ടു നഗ്നപാദനായി, നമ്മുടെ ഇടയിലൂടെ കഥകള്‍ പറഞ്ഞ്, പാട്ടുപാടി, ഉപദേശങ്ങള്‍ നല്‍കി കടന്നുപോയ കുഞ്ഞേട്ടന്‍ തെരഞ്ഞെടുത്തത് വേറിട്ട വഴിയായിരുന്നു. കാണുന്നവരോടൊക്കെ കുഞ്ഞേട്ടന്‍ ഇപ്പോഴും പറയുമാരുന്നു "ഒരു വിശുദ്ധയാകണം വിശുദ്ധനാകണം" എന്ന്.
സ്നേഹം ,ത്യാഗം, സേവാ സഹനം, എന്ന സ്വന്തം ജീവിത ദര്‍ശനത്തെ മിഷന്‍ലീഗിന്‍റെ മുദ്രാവാക്യമായി മാറ്റിയ വ്യക്തിയാണ് കുഞ്ഞേട്ടൻ.
അദ്ദേഹത്തിന്റെ മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍നിന്നുവന്ന ഒരു വൈദികന്റെ കാര്‍ ഡ്രൈവര്‍ അവിടെ അന്ന് കൂടിയിരുന്ന ജനത്തിരക്ക് കണ്ട് അത്ഭുതപ്പെട്ടു. മലബാറിലെങ്ങും ഒരു മൃതസംസ്കാരത്തിനും ഇത്രയും വലിയ ജനകൂട്ടത്തെ കണ്ടിരുന്നില്ല. ഏതോ സന്യാസിവര്യനാണ് മരിച്ചുകിടക്കുന്നതെന്ന ബോധ്യത്തില്‍ ഈ മനുഷ്യന്‍ കുഞ്ഞേട്ടനോട്, ശരീരം മുഴുവന്‍ വ്രണം ബാധിച്ച മൂന്നു വയസുള്ള തന്‍റെ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുപറഞ്ഞു. പിറ്റെ ദിവസം ഇയാള്‍ തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു വര്‍ഷമായി അയാളുടെ കുട്ടിയെ ബാധിച്ചിരുന്ന അലര്‍ജിരോഗം പൂര്‍ണമായി മാറി. രണ്ടുമൂന്നുദിവസത്തിനകം വ്രണബാധിതശരീരത്തിലെ പാടുകള്‍പോലും അപ്രത്യക്ഷമായി.
ഭാരത ലിസ്യു റാണി വി. അല്‍ഫോന്‍സാമ്മയുടെ സ്നേഹ സാമിപ്യങ്ങള്‍ ഏറ്റുവാങ്ങി ജീവിതത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ കുഞ്ഞേട്ടന്‍ ഇന്ന് അല്‍ഫോന്‍സാമ്മക്കൊപ്പം നമുക്കോരോരുത്തർക്കുമായി പ്രാര്‍ത്ഥിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.