കാണ്ഡഹാര്‍ കീഴടക്കി താലിബാന്‍:സമവായ നിര്‍ദ്ദേശത്തില്‍ പ്രതികരണമില്ല

കാണ്ഡഹാര്‍ കീഴടക്കി താലിബാന്‍:സമവായ നിര്‍ദ്ദേശത്തില്‍ പ്രതികരണമില്ല

കാബൂള്‍/ന്യൂഡല്‍ഹി :അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ താലിബാന്റെ പിടിയിലായി.3500 പേര്‍ പാര്‍ത്തിരുന്ന ഇവിടത്തെ സെന്‍ട്രല്‍ ജയില്‍ നേരത്തെ തന്നെ തകര്‍ത്ത് താലിബാന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കി താലിബാന്‍ നിര്‍ണ്ണായക ആധിപത്യത്തിലേക്ക് നീങ്ങുന്നതായാണ് വിവരമെന്ന് കാബൂളിലെ യുഎസ് എംബസി അറിയിച്ചു.ഗസ്‌നി, ഹെറാത് നഗരങ്ങള്‍ കൂടി പിടിച്ചതോടെ ഒരാഴ്ചയ്ക്കകം താലിബാന്‍ നിയന്ത്രണത്തിലായ പ്രവിശ്യാതലസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ രാജ്യാന്തര പ്രതിനിധികള്‍ പങ്കെടുത്ത മൂന്നു ദിവസത്തെ സമാധാന ചര്‍ച്ചകള്‍ തീരുമാനമില്ലാതെ അവസാനിച്ചു.താലിബാനുമായി ഭരണം പങ്കിടാമെന്ന നിര്‍ദേശം ഖത്തര്‍ ഭരണകൂടം അഫ്ഗാന്‍ സര്‍ക്കാര്‍ വഴി മുന്നോട്ടുവച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പക്ഷേ, താലിബാന്‍ പ്രതികരിച്ചില്ല.പ്രതിരോധ സേനയ്ക്ക് ഇനിയും ചെറുത്തു നില്‍ക്കാന്‍ പ്രയാസമായതിനാലാണ് താലിബാനുമായി സന്ധി സംഭാഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രസിഡന്റ് അഷ്റഫ് ഘാനി മാറാതെ ഇത്തരമൊരു നിര്‍ദ്ദേശം താലിബാന്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്‌ളാമാബാദില്‍ പറഞ്ഞു.

താലിബാന്‍ ഭീകരാക്രമണം കാരണം രാജ്യത്ത് കഷ്ടപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ കൂടി കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ സമവായ നീക്കം നടത്തിയത്.കാബൂള്‍ കൂടി പിടിച്ചടക്കിയാല്‍ അഫ്ഗാന്‍ ഭരണം താലിബാന്റെ കയ്യിലാകുമെന്നത് വ്യക്തമാണ്. തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോമീറ്റര്‍ മാത്രമാണ് താലിബാന്‍ പിടിച്ചടക്കിയ ഗസ്‌നിയിലേക്കുള്ള ദൂരം. ഇവിടത്തെ ഗവര്‍ണര്‍ ദാവൂദ് ലഗ്മാനി സുരക്ഷ തേടി സ്ഥലം വിടുന്നതിന്റെയും കാബൂള്‍ അതിര്‍ത്തിയില്‍വച്ചു പിടിയിലാകുന്നതിന്റെയും വിഡിയോ പ്രചരിച്ചിരുന്നു. താലിബാന്റെ മുന്നേറ്റം ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ 90 ദിവസത്തിനകം അവര്‍ കാബൂള്‍ പിടിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍, അമേരിക്കയും കാനഡയും ബ്രിട്ടനും തങ്ങളുടെ ജീവനക്കാരെയും സാധാരണക്കാരെയും ഒഴിപ്പിക്കാന്‍ സൈന്യ വിഭാഗങ്ങളെ രാജ്യത്തേക്ക് തിരികെ അയയ്ക്കാന്‍ തീരുമാനിച്ചു.
ഓസ്‌ട്രേലിയക്കാര്‍ക്ക് രക്ഷപ്പെട്ടു പോരാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നയതന്ത്ര സഹായം നല്‍കും.യുഎസ് സൈനികരുടെ ആദ്യ വിന്യാസം ഉടന്‍ ഉണ്ടാവുമെന്ന പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.അതേസമയം, കാബൂളില്‍ യുഎസ് എംബസി പ്രവര്‍ത്തനം തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് അഫ്ഗാന്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി.തങ്ങളുടെ പൗരന്മാരെയും പ്രാദേശിക പരിഭാഷകരെയും പുറത്തെത്തിക്കാന്‍ 600 സൈനികരെ വിന്യസിക്കുമെന്ന് ബ്രിട്ടന്‍ പറഞ്ഞു.

ഇതിനിടെ, അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിനു തടസ്സമാകുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ആശാസ്യമല്ലെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയും താലിബാനും തമ്മില്‍ ചര്‍ച്ചയുണ്ടോയെന്നതിനു വക്താവ് വ്യക്തമായ ഉത്തരം നല്‍കിയില്ല. അഫ്ഗാനിലെ സമാധാന ശ്രമങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരുമായും ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പാക്കിസ്ഥാന്‍ നടത്തുന്ന ഇടപെടലുകളെയും ഭീകരരുമായി പാക്കിസ്ഥാനുള്ള ബന്ധത്തെയും കുറിച്ചു ലോകത്തിന് അറിയാമെന്നു വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.