മെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് തട്ടി ഗുരുതരമായി പരിക്കേറ്റ 17 കാരനായ ബെൻ ഓസ്റ്റിൻ മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് ബെൻ ഓസ്റ്റിന് പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഓസ്റ്റിൻ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഓട്ടോമാറ്റിക് ബോളിംഗ് മെഷീനിൽ നിന്നെത്തിയ പന്ത് തലയുടെയും കഴുത്തിന്റെയും ഇടയിലായി തട്ടി. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും പന്ത് കഴുത്തിന് സമീപം തട്ടിയതോടെ ഓസ്റ്റിൻ ബോധരഹിതനായി വീണു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർചികിത്സ ഫലം കണ്ടില്ല.
ബെൻ ഓസ്റ്റിന്റെ അകാലവിയോഗത്തിൽ ഫെർൻട്രീ ഗല്ലി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. “ബെന്നിന്റെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഖിതരാണ്. ഈ നഷ്ടം ക്രിക്കറ്റ് സമൂഹമൊട്ടുക്കും അനുഭവപ്പെടുന്ന ഒന്നാണ്. അദേഹത്തിന്റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും ഉണ്ട്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന അഭ്യർഥനയും പിന്തുണ നൽകിയ എല്ലാവരോടും നന്ദിയും രേഖപ്പെടുത്തുന്നു,” – ക്ലബ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ലോകം മുഴുവൻ ബെന്നിന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി. 2014 ൽ ന്യൂ സൗത്ത് വെയിൽസും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ കഴുത്തിൽ പന്ത് തട്ടി ഫിലിപ്പ് ഹ്യൂസ് മരണപ്പെട്ടിരുന്നു. 11 വർഷങ്ങൾക്ക് ശേഷം സമാനമായ അപകടത്തിൽ മറ്റൊരു യുവ താരത്തിന്റെ ജീവിതമാണ് നഷ്ടമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.