തിരുപ്പിറവി ദൈവാലയത്തിലെ പുരാതന ഓര്‍ഗന്‍ നിദ്ര മറന്നു; വീണ്ടുമുയരും വിശുദ്ധ വീചികള്‍

തിരുപ്പിറവി ദൈവാലയത്തിലെ പുരാതന ഓര്‍ഗന്‍ നിദ്ര മറന്നു; വീണ്ടുമുയരും വിശുദ്ധ വീചികള്‍


ജെറുസലേം:ബെത്‌ലഹേമിലെ തിരുപ്പിറവി ദൈവാലയത്തില്‍ കുരിശുയുദ്ധ കാലം മുതല്‍ വിശുദ്ധ ഗീതികള്‍ക്കു സാന്ദ്ര ലയം പകര്‍ന്ന ശേഷം മൂന്ന് നൂറ്റാണ്ടായി മൂകനിദ്രയിലായ പൈപ്പ് ഓര്‍ഗന്റെ മധുര മനോജ്ഞ സ്വരം വീണ്ടെടുക്കാനുള്ള യത്‌നത്തിനു തുടക്കമായി. സംഗീത ചരിത്രത്തിന്റെ സാങ്കേതിക വിദ്യയില്‍ ഗവേഷണം നടത്തിവരുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലാ മ്യൂസിക്കോളജി പ്രൊഫസറായ ജര്‍മ്മന്‍കാരന്‍ ഡേവിഡ് കാറ്റലുന്യയാണ് 800 വയസുള്ള ഈ അതിവിശിഷ്ട ഫ്രഞ്ച് വാദ്യോപകരണത്തിനു പുനര്‍ ജന്മമേകാന്‍ മുന്‍കയ്യെടുത്തിട്ടുള്ളത്.

പാട്ടു മറന്നെങ്കിലും 221 പൈപ്പുകള്‍ ഓര്‍ഗനില്‍ അവശേഷിക്കുന്നുണ്ട്. പൈപ്പ് ഓര്‍ഗന്റെ ചരിത്രം, മധ്യകാലഘട്ടത്തിലെ സഭാ സംസ്‌കാരം, സംഗീത ശൈലികള്‍, സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ചെല്ലാം അതുല്യ വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്കു കഴിയുമെന്ന് ഡേവിഡ് പറയുന്നു. ലോഹ വിശകലനം, 3 ഡി സ്‌കാനിംഗ്, സിടി സ്‌കാന്‍ എന്നിവ ഇതിനു സഹായകമാകും.തുടര്‍ന്നാകും യഥാര്‍ത്ഥ പൈപ്പുകളുടെ പകര്‍പ്പുണ്ടാക്കി ഓര്‍ഗന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത്.വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡിയിലുള്ള ഈ അമൂല്യ നിധി കഴിഞ്ഞ ഒരു നൂറ്റാണ്ടായി 'സ്റ്റഡിയം ബിബ്ലിക്കം ഫ്രാന്‍സിസ്‌ക്കാന'ത്തില്‍ സൂക്ഷിച്ചു വരികയായിരുന്നു.

ക്രിസ്ത്യന്‍ സംസ്‌കാരത്തിലെ വാദ്യോപകരണ വികാസത്തിന്റെ ആദ്യഘട്ടങ്ങള്‍ മനസ്സിലാക്കാനുള്ള അതുല്യ അവസരമാണ് ബത്ലഹേമിലെ ഓര്‍ഗന്‍ പൈപ്പുകള്‍ തുറന്നുതരുന്നത്. പള്ളിയുടെ പുതിയ വാസ്തുവിദ്യാ ചട്ടക്കൂടുകളും ആചാരത്തിലെ വ്യതിയാനങ്ങളും അനുസരിച്ച് ഭീമാകര ഓര്‍ഗനുകള്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായെന്ന് കാറ്റലൂന്യ അഭിപ്രായപ്പെട്ടു. ഓരോ പൈപ്പിന്റെയും പിച്ച് നിര്‍ണ്ണയിക്കുന്നത് മധ്യകാല പാഠങ്ങളില്‍ നല്‍കിയിട്ടുള്ള ഗണിതശാസ്ത്ര കണക്കുകൂട്ടലുകള്‍ ഉപയോഗിച്ചാണ്.'ഈ പൈപ്പുകള്‍ ആദ്യമായി കണ്ടപ്പോള്‍ എനിക്കുണ്ടായ വികാരം വാക്കുകളില്‍ വിവരിക്കാനാകില്ല. ആവേശമടക്കാനാകാതെ പൈപ്പുകള്‍ വലുപ്പത്തിനനുസരിച്ച് തറയില്‍ നിരത്തി യഥാര്‍ത്ഥ ഘടന പ്രകാരം വിന്യസിച്ചു.'-അദ്ദേഹം പറഞ്ഞു.

'എന്റെ ജോലിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ വളരെയധികം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു, ഒരു ഗവേഷകനെന്ന നിലയിലുള്ള വൈദഗ്ദ്ധ്യത്തിനപ്പുറമായി ആശ്ചര്യപ്പെടുത്തുന്ന ഘടകങ്ങളും ഇതിനു പിന്നിലുണ്ട്. വളരെ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നതിനാല്‍ അവ ഈ ദിവസം നിര്‍മ്മിച്ചതായി തോന്നി. എന്നാല്‍ വാസ്തവത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണവ.'-ജറുസലേം ഓള്‍ഡ് സിറ്റിയിലെ സെന്റ് സേവ്യര്‍ ഇടവകയില്‍ 12 ാം നൂറ്റാണ്ടില്‍ ഘടിപ്പിച്ച സപ്തസ്വരം പൊഴിക്കുന്ന കാരിലോണ്‍ മണികളുടെ നാദം പരിശോധിക്കവേ ഡേവിഡ് കാറ്റലൂന്യയുടെ വാക്കുകള്‍. 1906 -ല്‍ വെസ്റ്റ് ബാങ്കിലെ ബേത്‌ലഹേമില്‍ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയോടനുബന്ധിച്ചുള്ള ഫ്രാന്‍സിസ്‌കന്‍ മഠത്തില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ഈ മണി സഞ്ചയവും ലഭിച്ചത്.ജറുസലേമിലെ പുതിയ ടെറ സാന്റാ മ്യൂസിയത്തില്‍ ഇനി ഇവ പ്രദര്‍ശിപ്പിക്കും.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഫ്രഞ്ച് കുരിശുയുദ്ധക്കാര്‍ ആകാം കൂറ്റന്‍ പൈപ്പ് ഓര്‍ഗന്‍ വിശുദ്ധ ഭൂമിയിലേക്ക് കൊണ്ടുവന്നതെന്ന് കാറ്റലൂന്യ പറഞ്ഞു. കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ ഈജിപ്തിലെ സുല്‍ത്താന്‍ സലാഹുദ്ദീന്റെ 1187 അധിനിവേശത്തെ ഇത് അതിജീവിച്ചു. സലാഹുദ്ദീന്റെ സൈന്യം ക്രിസ്ത്യന്‍ മതത്തിന്റെ പൊതു പ്രതീകമായി കാണപ്പെട്ടിരുന്ന പള്ളി മണികള്‍ നശിപ്പിച്ചെങ്കിലും, സൈനികര്‍ 'ഒരു ഫര്‍ണിച്ചര്‍' മാത്രമായി കരുതിയതിനാലാകണം അത്ഭുത സംഗീതോപകരണം രക്ഷപ്പെട്ടത്.

1244 -ല്‍ ഖ്വാര്‍സ്മിയന്‍ തുര്‍ക്കികളുടെ ആക്രമണത്തിന്റെ തലേന്ന് ഓര്‍ഗന്‍ പൈപ്പുകളും മണികളും മറ്റ് വസ്തുക്കളും മണ്ണിനടിയില്‍ ഒളിപ്പിച്ചിരിക്കാമെന്ന് കാറ്റലൂന്യ വിശ്വസിക്കുന്നു.' ഈ പൈപ്പുകളുടെ അതിജീവനം വിധിയുടെ ഭാഗ്യകരമായ വഴിയിലൂടെയാണ്.ഈ ഗവേഷണം നടത്താന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം ഭാഗ്യവാനാണ്.കൗതുകകരമായ കഥയാണിത്'-അദ്ദേഹം പറഞ്ഞു. ഹെലനിസ്റ്റിക് ഗ്രീസിലെ ഒരു സംഗീത ഉപകരണമായി ആദ്യം പ്രത്യക്ഷപ്പെട്ട പൈപ്പ് ഓര്‍ഗന്‍ പത്താം നൂറ്റാണ്ടില്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ പള്ളികളിലെത്തി.ഗ്രീസിലും ഹംഗറിയിലും ഇതിന്റെ ചില അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും 15 -ാം നൂറ്റാണ്ടോടെ പള്ളികളില്‍ നിന്ന് അപ്രത്യക്ഷമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26