എന്തുകൊണ്ട് ഡെല്‍റ്റ കോവിഡ് പ്രതിരോധ യജ്ഞങ്ങളുടെ താളം തെറ്റിക്കുന്നു?

എന്തുകൊണ്ട് ഡെല്‍റ്റ കോവിഡ് പ്രതിരോധ യജ്ഞങ്ങളുടെ താളം തെറ്റിക്കുന്നു?

കോവിഡിന്റെ വകഭേദങ്ങളില്‍ ഏറ്റവും തീവ്രതയേറിയ ഡെല്‍റ്റ വൈറസാണ് ഇന്ന് ലോകത്ത് ഏറ്റവുമധികം ആശങ്ക പരത്തുന്നത്. ലോകത്തിലെ 132-ലധികം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലാണ് അവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴവ ലോകമെമ്പാടും ആധിപത്യം സ്ഥാപിച്ചു. കോവിഡ് വിജയകരമായി പ്രതിരോധിച്ച വികസിത രാജ്യങ്ങള്‍ പോലും ഡെല്‍റ്റയുടെ ആക്രമണത്തില്‍ വിയര്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള കോവിഡ് പ്രതിരോധ യജ്ഞങ്ങളുടെ താളംതന്നെ തെറ്റിയ അവസ്ഥയാണ്.

കോവിഡ് കുറഞ്ഞതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഭരണനേതൃത്വങ്ങള്‍ ഡെല്‍റ്റ വകഭേദത്തെ ഭയന്ന് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.

രണ്ട് ജനിതക വ്യതിയാനങ്ങള്‍ ചേര്‍ന്ന കോവിഡ് വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലെയും യു.കെയിലുമൊക്കെ പ്രബല വകഭേദമായി ഇതിനകം മാറിയ ഡെല്‍റ്റ അമേരിക്കയിലെ പുതിയ കോവിഡ് കേസുകളില്‍ 80 ശതമാനത്തിനും കാരണമാകുന്നു.

എന്തു കൊണ്ടാണ് ഡെല്‍റ്റ വകഭേദം ഇത്രയധികം വ്യാപന ശേഷിയുള്ള കൊറോണ വൈറസായി മാറുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആല്‍ഫയേക്കാള്‍ 50 ശതമാനം കൂടുതല്‍ ശക്തിയേറിയ വകഭേദമാണ് ഡെല്‍റ്റ. ഒറിജിനല്‍ കൊറോണ വൈറസിനേക്കാള്‍ 50% തീവ്രത കൂടുതലുള്ള വൈറസാണ് ആല്‍ഫ. അതായത് ഒറിജിനലിനേക്കാള്‍ നൂറുമടങ്ങ് ശക്തിയേറിയ വൈറസാണ് ഡെല്‍റ്റ.

ഡെല്‍റ്റ പിടിപെട്ടവരില്‍ വൈറസ് ബാധിച്ച് നാലു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. യഥാര്‍ഥ കൊറോണ വൈറസ് ബാധിതരില്‍ ഇത് ശരാശരി ഏഴു ദിവസമായിരുന്നു. ഡെല്‍റ്റ ബാധിച്ചാല്‍ അതിവേഗം മറ്റുള്ളവരിലേക്കു പകരും.

യഥാര്‍ഥ കൊറോണ വൈറസിനേക്കാള്‍ 1260 മടങ്ങ് അധികം വൈറല്‍ ലോഡ് രോഗികളില്‍ ഉണ്ടാക്കാന്‍ ഡെല്‍റ്റ വകഭേദത്തിന് സാധിക്കും. രോഗബാധിതരുടെ രക്തത്തില്‍ കാണപ്പെടുന്ന വൈറസ് കണങ്ങളുടെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്.

ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ ഉയര്‍ന്ന വൈറസ് ലോഡ് ഉണ്ടാകുന്നതാണ് ഉയര്‍ന്ന രോഗവ്യാപനത്തിന് കാരണമാകുന്നത്. സാധാരണ വൈറസിനേക്കാള്‍ വേഗത്തില്‍ ഡെല്‍റ്റ വകഭേദം രോഗിയുടെ ശരീരത്തില്‍ പെരുകുമെന്നും ആരോഗ്യവിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരാളുടെ ശ്വസനനാളത്തില്‍ വൈറസ് അധികമുണ്ടെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ ആളുകളിലേക്കു രോഗം പകര്‍ത്താനും വളരെ നേരത്തെ നല്‍കാനും കഴിയും.

ഈ ഉയര്‍ന്ന വൈറല്‍ ലോഡ് രോഗബാധ സങ്കീര്‍ണമാക്കുകയും ലക്ഷണങ്ങള്‍ ഗുരുതരമാക്കുകയും ചെയ്യുന്നു. രണ്ട് ജനിതക വ്യതിയാനങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്നതിനാല്‍ ഡെല്‍റ്റ വകഭേദത്തിന് ആന്റിബോഡികളെ നിര്‍വീര്യമാക്കാന്‍ കഴിയും. വാക്സിന്‍ എടുത്ത ശേഷവും പലര്‍ക്കും കോവിഡ് പിടിപെട്ടതിന് പിന്നില്‍ ഡെല്‍റ്റ വകഭേദമായിരുന്നു.

അതേസമയം, പൂര്‍ണ്ണമായും വാക്സിന്‍ എടുത്തവര്‍ക്ക് വൈറസ് പിടിപെട്ടാലും രോഗം ഗുരുതരമാകില്ലെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ വരാറില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് ഡോസും എടുത്തവര്‍ വൈറസ് പരത്താനുള്ള സാധ്യത കുറയുന്നു.

ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെങ്ങും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിച്ചുണ്ട്. എന്നാല്‍ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ എല്ലാം കോവിഡ് മൂലമുള്ള മരണങ്ങളില്‍നിന്നും ആശുപത്രി വാസത്തില്‍നിന്നും രക്ഷപ്പെടുന്നതിനു 93 ശതമാനം ഫലപ്രദമാണ്. അതുകൊണ്ട് സമൂഹത്തിലെ ദുര്‍ബലരെയും കുട്ടികളെയും പ്രായമായവരെയും രക്ഷിക്കാന്‍ എല്ലാവരും വാക്‌സിനെടുക്കുകയാണ് കോവിഡിനെതിരേയുള്ള യുദ്ധത്തില്‍ ഏറ്റവും നല്ല മാര്‍ഗമെന്നും വിദഗ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.