തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷം പാര്‍ട്ടി പരിപാടിയായി ഏറ്റെടുത്ത് പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തി സിപിഎം. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. പാര്‍ട്ടി നേതാക്കളായ എം വിജയകുമാര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയര്‍ത്തി. സമാനമായി മറ്റു ജില്ലകളിലും ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി. സിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.
പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു ഇതുവരെ സി.പി.എം നിലപാട്. അതിനാല്‍, സ്വാതന്ത്ര്യദിനം ഔദ്യോഗികമായി ആചരിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. 'ദേശീയതാവാദം' ആര്‍.എസ്.എസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അതിനെ പ്രതിരോധിക്കാന്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്താനും സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്ക് വിശദീകരിച്ച് പ്രചാരണം നടത്താനും സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.
സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതും ജനാധിപത്യ മതേതര ഇന്ത്യയെന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിനെ തുറന്നു കാട്ടുകയും ചെയ്യണമെന്നാണ് സി.പി.എം തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.