പാമ്പുകളില്ലാത്ത ന്യൂസീലന്‍ഡ് ബീച്ചുകളില്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യം; അത്ഭുതത്തോടെ പ്രദേശവാസികള്‍

പാമ്പുകളില്ലാത്ത ന്യൂസീലന്‍ഡ് ബീച്ചുകളില്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യം; അത്ഭുതത്തോടെ പ്രദേശവാസികള്‍

ഒട്ടാവ: ലോകത്ത് പാമ്പുകളില്ലാത്ത രണ്ടു രാജ്യങ്ങളാണ് അയര്‍ലന്‍ഡും ന്യൂസീലന്‍ഡും. എന്നാല്‍ അടുത്തിടെയായി ക്ഷണിക്കെപ്പടാത്ത അതിഥികളായി ന്യൂസീലന്‍ഡിലേക്ക് പാമ്പുകള്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ ബീച്ചുകളുടെ പരിസരത്താണ് കടല്‍ പാമ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മഞ്ഞയും കറുപ്പും നിറത്തിലുള്ള, വിഷമുള്ള ഇനത്തിലെ പാമ്പുകളെയാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്.

അതേസമയം, ഇവിടുത്തെ ജനങ്ങള്‍ക്ക് പാമ്പുകളെ ഒട്ടും പരിചിതമല്ല. വിഷമുള്ളവയെ തിരിച്ചറിയാനോ ഇവയെ കൈകാര്യം ചെയ്യാനോ അറിയില്ല. അതിനാല്‍തന്നെ പാമ്പുകളെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷിക്കുന്നുണ്ട്. മാത്രമല്ല പാമ്പ് കടിയേറ്റാല്‍ നല്‍കുന്ന ചികിത്സയ്ക്കുപയോഗിക്കുന്ന ആന്റി വെനം രാജ്യത്തു ലഭ്യവുമല്ല.

ന്യൂസീലന്‍ഡിലെ നോര്‍ത്ത് ലാന്‍ഡില്‍ ഒരു പതിനൊന്നു വയസുകാരന്‍ അടുത്തിടെ ബീച്ചില്‍ ഒരു പാമ്പിനെ കണ്ടെത്തി. പാമ്പാണെന്നു തിരിച്ചറിയാതെ അതിനെ പിടിച്ച് ഒരു ബാഗിലാക്കി സമീപമുള്ള കടയിലേക്കു കൊണ്ടുപോയി. കടല്‍ പാമ്പാണെന്ന് കടയുടമ കുട്ടിയോടു പറഞ്ഞു. അവന്‍ അത് ബക്കറ്റില്‍ ഇട്ടു വീട്ടിലേക്കു കൊണ്ടുപോയി. എന്നാല്‍ പാമ്പ് വൈകാതെ ചത്തു.


ന്യൂസീലന്‍ഡിലെ ബീച്ചുകളില്‍ കണ്ടെത്തിയ വിഷപ്പാമ്പ്

നോര്‍ത്ത് ഐലന്‍ഡിനു ചുറ്റുമുള്ള വിവിധ ബീച്ചുകളില്‍ താമസിക്കുന്നവര്‍ ഈ പ്രദേശത്തെത്തിയ പാമ്പുകളുടെ വീഡിയോയും ഫോട്ടോയും എടുത്തിട്ടുണ്ട്. ഈല്‍ (ഒരിനം മീന്‍) ആണെന്നു തെറ്റിദ്ധരിച്ചാണ് പലരും അതിനെ കൈകാര്യം ചെയ്യുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ സ്‌പെഷ്യലിസ്റ്റ് ക്ലിന്റണ്‍ ഡഫി പറഞ്ഞു.

നോര്‍ത്ത്ലാന്‍ഡിലെ പാമ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇവയെ കാണാന്‍ കാഴ്ചക്കാരുടെ പ്രവാഹമാണ്. ഒരു വിദ്യാര്‍ഥി പാമ്പിനെ കഴുത്തില്‍ ചുറ്റി സ്‌കൂളില്‍ കൊണ്ടുപോയി. ഭാഗ്യത്തിന് അത് ചത്തതായിരുന്നു. കാണുന്നവര്‍ക്കെല്ലാം വലിയ കൗതുകമായിരിക്കുകയാണ് പാമ്പുകള്‍. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ന്യൂസീലാന്‍ഡില്‍ പാമ്പുകളില്ലാത്തതിനാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവയെ നേരിട്ടു കണ്ടിട്ടില്ലാത്തവരുണ്ട്-സമീപവാസികയായ ഒരാള്‍ പറഞ്ഞു.

ന്യൂസിലന്‍ഡില്‍ മാത്രമല്ല, ജപ്പാന്‍, ദക്ഷിണ കൊറിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും മുന്‍പ് കണ്ടെത്തിയിട്ടില്ലാത്ത മറ്റ് പ്രദേശങ്ങളിലും അടുത്തിടെയായി കടല്‍ പാമ്പുകളുടെ ഇനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കടല്‍ പാമ്പുകളുടെ എണ്ണം വര്‍ധിക്കുകയും ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ മനുഷ്യരുമായി അവ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുവെന്നാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പഠനം നടത്തുന്ന ഗവേഷകര്‍ പറയുന്നത്.



ആഗോള താപനമാണ് കടല്‍ പാമ്പുകള്‍ അപ്രതീക്ഷിതമായ സ്ഥലങ്ങളിലേക്കു വരുന്നതിനു പിന്നിലെ ഒരു കാരണം. സമുദ്ര താപനിലയിലുണ്ടായ വര്‍ധനയും കൊടുങ്കാറ്റുകളും വര്‍ധിക്കുന്നത് ന്യൂസിലാന്‍ഡില്‍ കടല്‍ പാമ്പുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

ന്യൂസിലന്‍ഡില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായെത്തുന്നത് മഞ്ഞ വയറുള്ള കടല്‍ പാമ്പാണ്. കൊടിയ വിഷമുള്ളതാണെങ്കിലും ആക്രമണകാരിയല്ല. ചൂടു താപനിലയുള്ള സമുദ്രങ്ങളില്‍ ഇവ സാധാരണമാണ്. കടലില്‍ താമസിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നതെങ്കിലും കൊടുങ്കാറ്റിലോ വലിയ തിരമാലകളിലോ അകപ്പെട്ടാണ് ഇവ കരയിലേക്കു വരുന്നത്. ഏകദേശം 20 ഡിഗ്രി ജല താപനിലയിലാണ് ഈ പാമ്പുകള്‍ കഴിയാന്‍ ഏറെ ഇഷ്ടപ്പെടുന്നത്. ഇവയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ന്യൂസിലന്‍ഡിലുള്ളത്. വേനല്‍ക്കാലത്ത് നോര്‍ത്ത്ലാന്‍ഡിലെ ശരാശരി സമുദ്ര താപനില 20 ഡിഗ്രിയിലെത്തുമെങ്കിലും ശൈത്യകാലത്ത് 16 ഡിഗ്രി സെല്‍ഷ്യസായി കുറയും.

പാമ്പുകള്‍ ഒരു സംരക്ഷിത ജീവിയാണെന്ന് ആളുകള്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നു ക്ലിന്റണ്‍ ഡഫി പറയുന്നു. പാമ്പിനെ കണ്ടാല്‍, വിവരം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സര്‍വേഷന് കൈമാറണം. അവയെ ഉപദ്രവിക്കുകയോ മനപ്പൂര്‍വ്വം കൊല്ലുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകരമാണ്.

മറ്റു രാജ്യങ്ങളില്‍ ഉള്ളതു പോലെ മനുഷ്യരെ ആക്രമിക്കുന്ന പല ജീവികളും ന്യൂസീലന്‍ഡില്‍ ഇല്ല. രാജ്യത്ത് മുതലകളോ കരടികളോ ചെന്നായ്ക്കളോ തേളുകളോ ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.