താലിബാനുമായി കൈകോര്‍ക്കാന്‍ സന്നദ്ധമായി ചൈന; ഇന്ത്യക്ക് തിരിച്ചടി

താലിബാനുമായി കൈകോര്‍ക്കാന്‍ സന്നദ്ധമായി ചൈന; ഇന്ത്യക്ക് തിരിച്ചടി

ബെയ്ജിംഗ് : അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേറാന്‍ ഒരുങ്ങുന്ന താലിബാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ചൈന. താലിബാനുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെന്ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ നഗരം താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ ചൈനീസ് ഭരണകൂടം അറിയിച്ചു. താലിബാന്‍ ഇത് സ്വാഗതം ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇസ്ലാമിക സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ താലിബാന് സാധിക്കും എന്നും ചൈന നിരീക്ഷിച്ചു.

അഫ്ഗാനിസ്ഥാന്‍ വീണ്ടും കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാണെന്നാണ് ചൈന പറഞ്ഞത്.അഫ്ഗാനുമായി 76 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട് ചൈന.താലിബാനുമായി നേരത്ത തന്നെ അനൗദ്യോഗിക ബന്ധം പുലര്‍ത്തിയിരുന്ന ചൈന, യുഎസ് പിന്മാറ്റത്തിന് പിന്നാലെ അത് ശക്തമാക്കി. അഫ്ഗാന്‍ താലിബാന്റെ കീഴിലാക്കാന്‍ ഭീകര സംഘടനയ്ക്ക് ചൈനയുടേയും പാകിസ്ഥാന്റെയും സഹായം ലഭിച്ചിരുന്നു എന്നാണ് വിവരം.

അഫ്ഗാനിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ചൈന അംഗീകരിക്കുന്നുവെന്നും രാജ്യം വീണ്ടും കെട്ടിപ്പടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. താലിബാന്‍ ഭീകരര്‍ രാജ്യം പിടിച്ചടക്കിയ സാഹചര്യത്തിലും ചൈനീസ് എംബസി കാബൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ ചൈനീസ് വംശജരെ ചൈന തിരിച്ചെത്തിക്കുന്നുണ്ട്.താലിബാന്റെ സൈനികാക്രമണം മൂലം അഫ്ഗാനിസ്ഥാനിലെ സാധാരണ ജനത നേരിടുന്ന മഹാ ദുരിതത്തിനിടെയാണ് ചൈനയുടെ രാഷ്ട്രീയ നീക്കം.



കഴിഞ്ഞ മാസം അവസാനം ചൈനയുടെ വിദേശകാര്യ മന്ത്രി താലിബാന്റെ ഉന്നത തലത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു എസ് പിന്‍വാങ്ങലിന് ശേഷം താലിബാനുമായുള്ള ഊഷ്മളമായ ബന്ധത്തിന്റെ സൂചന നല്‍കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. താലിബാന്റെ മുതിര്‍ന്ന നേതാവ് മുല്ല അബ്ദുല്‍ ഘാനി ബരദാറുമായും സംഘവുമായും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ടിയാന്‍ജിന്‍ നഗരത്തില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. താലിബാന്‍ അഫ്ഗാന്‍ ഭരണം കാംക്ഷിക്കുന്ന അവസരത്തില്‍ നടന്ന ഈ സൗഹൃദ പ്രകടനം ഒരു നയതന്ത്ര ദൗത്യത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെട്ടു. വഖാന്‍ താഴ്വരയില്‍ ചൈന അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഏറെ അസ്ഥിരമായി നിലകൊള്ളുന്ന ഷിന്‍ജിയാങ് മേഖലയില്‍ ഇസ്ലാമിക തീവ്രവാദം വ്യാപിക്കുമോ എന്ന ആശങ്ക ഏറെക്കാലമായി ചൈനയ്ക്കുണ്ട്. ഏറെക്കാലമായി പ്രവര്‍ത്തനരഹിതമാണെങ്കിലും എണ്ണ, വാതകം, ചെമ്പ് എന്നിവയുടെ ഖനനവുമായി ബന്ധപ്പെട്ട കരാറുകളില്‍ ചൈന അഫ്ഗാനിസ്ഥാനുമായി ഒപ്പു വെച്ചിരുന്നു.

പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രിയും ഇന്റലിജന്‍സ് മേധാവിയും ചൈന സന്ദര്‍ശിച്ചതിന് പിന്നാലെയാണ് താലിബാന്‍ നേതൃത്വവും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.താലിബാന്‍ നേതൃത്വത്തിന്റെ ആസ്ഥാനം പാകിസ്ഥാനിലാണ്. സമാധാന ചര്‍ച്ചകള്‍ക്കായി താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പാകിസ്ഥാന്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂലൈ 29-ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താലിബാന്‍ സൈനിക സംഘമല്ലെന്നും അവര്‍ സാധാരണ പൗരന്മാരാണെന്നും പറഞ്ഞിരുന്നു. അഫ്ഗാനില്‍ നിന്നുള്ള മുപ്പത് ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുന്നതായും അവരില്‍ ഭൂരിഭാഗം പേരും താലിബാന്‍ ഉള്‍ക്കൊള്ളുന്ന പഷ്തൂണ്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ആണെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ സമാധാനം കാംക്ഷിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. പുനര്‍നിര്‍മാണ പ്രക്രിയകള്‍ക്കായി ഇതിനകം മൂന്ന് ബില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പു വരുത്തുന്നതിനും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയരംഗത്തെ എല്ലാവരും ഒന്നിച്ച് മുന്നോട്ടുവരണം എന്ന് ഇന്ത്യ ആഹ്വാനം ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അഫ്ഗാനിസ്ഥാനിലെ സാഹചര്യം വഷളായതോടെ ഇന്ത്യ അന്താരാഷ്ട്ര ശക്തികളുമായും അഫ്ഗാന്‍ സര്‍ക്കാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനുള്ള സാധ്യത ആരായാന്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറുമായി സംസാരിച്ചിരുന്നു. നിലവില്‍ യു എന്‍ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്.



കഴിഞ്ഞ ആഴ്ചകളിലെ ആക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി പേര്‍ക്കാണ് അഫ്ഗാനില്‍ ജീവന്‍ നഷ്ടമായത്.72 മണിക്കൂറിനുള്ളില്‍ ദക്ഷിണ പ്രവിശ്യയായ കാണ്ഡഹാറില്‍ മാത്രം 20 കുട്ടികള്‍ മരിച്ചു വീണതായും 130 കുട്ടികള്‍ക്ക് പരിക്ക് പറ്റിയതായും യൂണിസെഫ് പ്രസ്താവനയിലൂടെ അറിയിച്ചു.ഓഗസ്റ്റ് 31 ആകുമ്പോഴേക്കും യു എസ് സൈനികസംഘങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും വിടുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ജോ ബൈഡന്‍ ഭരണകൂടം സൈനിക പിന്മാറ്റത്തിന് വേഗം കൂട്ടി.സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൈനിക സാന്നിധ്യത്തിന് ശേഷമായിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയത്.

അല്‍ ഖ്വെയ്ദ തീവ്രവാദ സംഘത്തെ ഇല്ലാതാക്കുക, അമേരിക്കയ്ക്കെതിരെ അഫ്ഗാന്റെ മണ്ണില്‍ നിന്നുള്ള മറ്റൊരു ആക്രമണത്തിന് അവസരം നല്‍കാതിരിക്കുക എന്നീ ലക്ഷ്യങ്ങള്‍ അമേരിക്ക നിറവേറ്റിയതായി പ്രസിഡന്റ് ജോ ബൈഡന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രനിര്‍മാണം പൂര്‍ണമായും അഫ്ഗാന്‍ ജനതയ്ക്ക് വിട്ടു നല്‍കുക എന്ന ആദര്‍ശമാണ് അമേരിക്ക സൈനിക പിന്മാറ്റത്തിന് ന്യായവാദമായി ഉയര്‍ത്തുന്നത്.'ആ ലക്ഷ്യങ്ങള്‍ ഞങ്ങള്‍ നിറവേറ്റിയിരിക്കുന്നു. അതിന് വേണ്ടിയാണ് ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. രാഷ്ട്രനിര്‍മാണത്തിന് വേണ്ടിയല്ല ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയത്. തങ്ങളുടെ ഭാവി നിര്‍ണയിക്കാനും തങ്ങളുടെ രാജ്യം എങ്ങനെ മുന്നോട്ടു പോകണം എന്ന് നിശ്ചയിക്കാനുമുള്ള പൂര്‍ണമായ അവകാശവും ഉത്തരവാദിത്തവും അഫ്ഗാന്‍ ജനതയ്ക്കുണ്ട്', ജോ ബൈഡന്‍ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.