കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. അഫ്ഗാന്‍ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാന്‍ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും [email protected] എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.
അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വന്‍ ഭീതിയില്‍ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്റെ താവളമാക്കി മാറ്റാതിരിക്കാന്‍ ഇത് അവസരം കൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.
മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തില്‍ ഉയര്‍ന്നത്. താലിബാന്‍ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു. ചൈന മൃതു നിലപാട് സ്വീകരിച്ചു. യോഗത്തില്‍ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിയതിലെ അതൃപ്തിയും ചൈന പ്രകടിപ്പിച്ചു. നേരത്തെ ചൈനയും പാകിസ്ഥാനും താലിബാനെ സ്വാഗതം ചെയ്തിരുന്നു.
അതിനിടെ കാബൂളിലെ ഇന്ത്യന്‍ ഏംബസി അടച്ച് ഉദ്യോഗസ്ഥരെ ഒഴുപ്പിക്കാന്‍ ഇന്ത്യ നടപടി ഊര്‍ജിതമാക്കി. ഇന്ത്യന്‍ ഏംബസിയിലുള്ള ഇരുനൂറിലധികം പേരെ ഒഴുപ്പിക്കാന്‍ രണ്ട് വ്യോമസേന വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇതില്‍ ഒരു വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. ഒഴുപ്പിക്കല്‍ ഇന്നും തുടരും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.