ദുബായ് : തലസ്ഥാനം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകൾ താലിബാന്റെ കൈകളിൽ കൈകളിലെത്തിയെങ്കിലും കാബൂളിൽ നിന്ന് നൂറ് കിലോമീറ്റർ വടക്കുള്ള പഞ്ച്ഷീർ പ്രവിശ്യയും അതിന്റെ താഴ് വരയും താലിബാൻ ആക്രമണത്തെ ചെറുത്ത് നിന്നുകൊണ്ട് താലിബാനെതിരായ പ്രധാന ശക്തികേന്ദ്രമായി മാറി.
മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ്, അഫ്‌ഗാൻ നേതാവും ഗൊറില്ല യുദ്ധതന്ത്രജ്ഞനുമായിരുന്ന അഹ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ്, മുൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി എന്നിവർ പഞ്ച്ഷീർ താഴ് വരയിൽ താലിബാനെതിരെ പ്രതിരോധ സേന രൂപീകരിക്കുന്നായി വാർത്തകൾ പുറത്തുവരുന്നു. ഇപ്പോഴും സുരക്ഷിതമായി തുടരുന്ന പ്രവിശ്യയിൽ എല്ലാ സർക്കാർ സംവിധാനങ്ങളും സജീവമായി തുടരുന്നു. താലിബാൻ നടത്തുന്ന ഏത് ആക്രമണത്തെയും നേരിടാൻ ജനങ്ങൾ തയ്യാറാണ്. പഞ്ച്ഷീർ ഇക്കണോമി ഡിപ്പാർട്ട്മെന്റ് മേധാവിയായ അബ്ദുൽ റഹ്മാൻ പറഞ്ഞു.
1996 നും 2001 നും ഇടയിലെ മുൻ താലിബാൻ ഭരണകാലത്ത്, അഫ്ഗാനിൽ താലിബാൻ അധിനിവേശം ഒഴിവാക്കിയ ഒരേയൊരു പ്രദേശം പഞ്ച്ഷിർ താഴ് വരയായിരുന്നു. അന്നത്തെ ചെറുത്തുനിൽപ്പിന്റെ മുൻനിരയിൽ പഞ്ച്ഷീറിന്റെ സിംഹം എന്നറിയപ്പെടുന്ന ഗറില്ലാ നേതാവ് അഹ്മദ് ഷാ മസൂദ് ഉണ്ടായിരുന്നു. താഴ് വരയുടെ പ്രത്യേകതകൾ അറിയുന്ന അദ്ദേഹത്തിന്റെ മികച്ച യുദ്ധ തന്ത്രജ്ഞതയിൽ താലിബാന്റെ മുന്നേറ്റത്തെ തടുത്തുനിറുത്തി. അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശക്കാലത്തും അദ്ദേഹം റഷ്യൻപടയോട് ചെറുത്തുനിന്നിരുന്നു.
എന്നാൽ ഇരുപത് വർഷം മുമ്പ് 9/11 ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് അറബ് വംശജരായ രണ്ട് മാധ്യമപ്രവർത്തകരുടെ കൈയിൽ ഉണ്ടായിരുന്ന വ്യാജ ക്യാമറയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് അദ്ദേഹം മരണപ്പെട്ടു. അൽ ഖ്വയ്ദയയായിരുന്നു ഈ കൊലപാതകത്തിനുപിന്നിൽ. എന്നാൽ പഞ്ച് ഷീർ താഴ് വര തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ മറക്കാൻ തയ്യാറായില്ല. പ്രവശ്യയിലെങ്ങും അദ്ദേഹത്തിന്റെ രൂപങ്ങളും ചിത്രങ്ങളും കാണാം.
അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദ് ജൂനിയർ ,പിതാവിന്റെ മരണശേഷം അമ്മയ്ക്കും അഞ്ച് സഹോദരിമാർക്കുമൊപ്പം ഇറാനിൽ വർഷങ്ങളോളം പ്രവാസജീവിതം നയിക്കുകയും പിന്നീട് ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നേടുകയും ചെയ്തു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി, വൈസ് പ്രസിഡന്റ് സാലിഹ് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ രാജ്യം വിട്ടതിന് ശേഷം, വിമതരെ അവസാനം വരെ നേരിടുമെന്ന് അഹ്മദ് മസൂദ് തന്റെ സന്ദേശത്തിൽ ഉറപ്പ് നൽകി.
ഒരിക്കലും, ഒരു സാഹചര്യത്തിലും ഭീകരരായ താലിബാനെ വണങ്ങില്ല. കമാൻഡറും ഇതിഹാസവും ഗൈഡുമായ എന്റെ ഹീറോ അഹ്മദ് ഷാ മസൂദിന്റെ ആത്മാവിനെയും പാരമ്പര്യത്തെയും ഒരിക്കലും ഒറ്റിക്കൊടുക്കില്ല ... താലിബാനുമായി ഒരിക്കലും ഒരേ മേൽക്കൂരയിൽ ആയിരിക്കില്ല. അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
താലിബാൻ അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ വിജയവും ഒരു പുതിയ യുഗത്തിന്റെ ജനനവും പ്രഖ്യാപിക്കുമ്പോൾ പഞ്ച് ഷീർ താഴ് വരയിൽ താലിബാനെതിരെ അണിയറ നീക്കങ്ങൾ നടക്കുന്നു. പ്രതീക്ഷയോടെ ലോകരാജ്യങ്ങളും !
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.