മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ കാബൂളില്‍ കുടുങ്ങി കിടക്കുന്നു;പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു

മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ കാബൂളില്‍ കുടുങ്ങി കിടക്കുന്നു;പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ അടിയന്തര യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പല രാജ്യങ്ങളുമായി ഉന്നത തലത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ കാണിക്കുന്ന താല്‍പര്യവും യോഗം വിലയിരുത്തി. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇന്ത്യക്കാരായ 1650 പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

കാബൂളിലെ എംബസിയില്‍നിന്നുള്ള ജീവനക്കാരെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥര്‍, ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിച്ചത്. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനം ഉച്ചക്ക് 12ന് ഗുജറാത്തിലെ ജാംനഗറിലും വൈകുന്നേരം അഞ്ചിന് ഡല്‍ഹിയിലും എത്തി. പാകിസ്ഥാന്റെ വ്യോമ മേഖല ഒഴിവാക്കി ഇറാന്‍ വഴിയാണ് വിമാനം ഡല്‍ഹിയിലെത്തിയത്.

അഫ്ഗാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ മലയാളികള്‍ ഉള്‍പ്പടെ ഇനിയും നിരവധി പേര്‍ കാബൂളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് വ്യക്തമാക്കുന്നു. യാത്രാ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ഉടന്‍ ഇതിനുള്ള നീക്കം തുടങ്ങും. കുടുങ്ങിയ എല്ലാവരും ഇന്ത്യ നല്‍കിയ നമ്പരുകളില്‍ വിളിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കാബൂളിലെ ഇന്ത്യന്‍ എംബസി ഇതുവരെ പൂര്‍ണമായും അടച്ചിട്ടില്ല. അഫ്ഗാന്‍ ജീവനക്കാര്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി വിലയിരുത്തി വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.