ദുബായ്: കോവിഡാനന്തരം ദീര്‍ഘകാലമായി ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അവ കുറയ്ക്കാനുള്ള മഹത്തായ സംരംഭമായി ദുബൈയിലെ ശാന്തിഗിരി ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ യുഎഇയില്‍ ആദ്യമായി സമഗ്രവും നൂതനമായ ആയുര്‍വേദ പോസ്റ്റ് കോവിഡ് കെയര്‍ ക്‌ളിനിക് ആരംഭിച്ചു. ഹെല്‍ത്ത് സെന്ററും, പോസ്റ്റ് കോവിഡ് ക്‌ളിനിക്കും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
കോവിഡ്19 ബാധിച്ച ദീര്‍ഘകാല പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ആയുര്‍വേദത്തിന്റെ പുരാതന പുണ്യം അനുഭവിക്കാന്‍ യുഎഇയില്‍ അവസരമൊരുക്കാനായതില്‍ ലൂത്ത ഗ്രൂപ്പിന് അഭിമാനമുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം സഈദ് ലൂത്ത അഭിപ്രായപ്പെട്ടു.
ഇവിടത്തെ പോസ്റ്റ് കോവിഡ് ക്‌ളിനിക്കിലെ ചികില്‍സകള്‍ ആയുര്‍വേദ വിധി പ്രകാരമുള്ളവയാണ്. പ്രത്യേകം തയാറാക്കിയ പഥ്യാഹാര രീതികളിലൂടെയും വ്യായാമത്തിലൂടെയും നിശ്ചിത ജീവിത ക്രമത്തിലൂടെയും പരിചരണങ്ങള്‍ പൂര്‍ത്തിയാക്കുന്നു. രോഗിയുടെ ദീര്‍ഘകാല ലക്ഷണങ്ങള്‍ വിലയിരുത്തിയാണ് മരുന്നു കുറിപ്പുകള്‍ തയാറാക്കുന്നത്'' -പരിചരണ രീതികളെ കുറിച്ച് പ്രതിപാദിക്കവേ, ദുബൈ ശാന്തിഗിരി ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ ആയുര്‍വേദ പ്രാക്റ്റീഷനറും മെഡിക്കല്‍ ഡയറക്ടറുമായ ഡോ.ശുഭ കാവിലെവീട്ടില്‍ പറഞ്ഞു.
ശാന്തിഗിരി കോവിഡ് കെയര്‍ സംരംഭം രോഗമുക്തി നേടുന്ന രോഗികള്‍ക്കായി 7ദിവസത്തെയും 14 ദിവസത്തെയും ഇഷ്ടാനുസൃത പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി, പ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാനും പ്രവര്‍ത്തന ഫലങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുന്നു.
കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുമ്പോള്‍ ആരോഗ്യകരമായ ഒരു ദിനചര്യ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് ചൂടുവെള്ളം കുടിക്കല്‍, പുതുതായി പാകം ചെയ്ത ഭക്ഷണം, ദഹിക്കാന്‍ എളുപ്പമുള്ള സമീകൃത പോഷകാഹാരം, ധ്യാന ശീലനം, ദൈനംദിന വ്യായാമം, ആവശ്യത്തിന് ഉറക്കവും വിശ്രമവും, എന്നിവ ശീലമാക്കാൻ ആയുര്‍വേദ പ്രാക്റ്റീഷണര്‍ ഡോ. അഭിരാമി സന്തോഷ് പറയുന്നു.
കൂടാതെ, മഞ്ഞള്‍, കുരുമുളക്, ജീരകം, വെളുത്തുള്ളി, മല്ലി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. അതേസമയം, കറവപ്പട്ട, തുളസി, ഉണക്ക ഇഞ്ചി തുടങ്ങിയവ അടങ്ങിയ ഹെര്‍ബല്‍ ടീ കഴിക്കുന്നത് ശ്വസന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അണുബാധ പൂര്‍വാവസ്ഥ പ്രാപിച്ച, പ്രതിരോധ ശേഷിയുള്ള രോഗികള്‍ പതിവായി സ്റ്റീം ചെയ്യുന്നത് ഗന്ധ ശക്തിയും രുചി സംവേദനവും മെച്ചപ്പെടുത്താന്‍ ഉപകരിക്കും.
പഥ്യാഹാര ക്രമവുമായി മുന്നോട്ടു പോകുമ്പോള്‍ പ്രോസസ്സ് ചെയ്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും; ഫാസ്റ്റ്ഫുഡ്, അനാരോഗ്യകരമായ ഇടഭക്ഷണങ്ങള്‍, സ്‌പ്രെഡുകളും മറ്റും ഒഴിവാക്കണമെന്നും ഉപ്പും പഞ്ചസാരയും അധിക നിലയിലുമുള്ള ഖര-പാനീയ പദാര്‍ത്ഥങ്ങളും കഴിക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു. പുകവലിയും മദ്യപാനവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നതും നല്ലതാണെന്നും ഡോ. അഭിരാമി സന്തോഷ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.