ഈ വര്‍ഷം 3,000 അഫ്ഗാനികള്‍ക്ക് വിസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
കാബൂള്‍: താലിബാന്റെ അധീനതയിലായ അഫ്ഗാനിസ്ഥാനില്‍നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ രക്ഷിച്ചുകൊണ്ടുള്ള ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആദ്യ വിമാനം യു.എ.ഇയുടെ സൈനിക വിമാനത്താവളത്തില്‍ ഇറങ്ങി. ഓസ്‌ട്രേലിയക്കാരും ഓസ്‌ട്രേലിയന്‍ വിസയുള്ള അഫ്ഗാന്‍ പൗരന്മാരും അടക്കം 26 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നു രാവിലെ 10:45നാണ് വിമാനം യു.എ.ഇയില്‍ ലാന്‍ഡ് ചെയ്തത്.
അഫ്ഗാനില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രക്ഷാ ദൗത്യമുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇത് ഒട്ടും ലളിതമായ പ്രക്രിയയല്ല. കാബൂള്‍ വിമാനത്താവളത്തിലെ സാഹചര്യം, ക്ലിയറന്‍സ്, കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചു മാത്രമേ വിമാനങ്ങള്‍ക്ക് ദൗത്യം പൂര്‍ത്തിയാക്കാനാകൂ. കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും കൂടുതല്‍ ആളുകളെ കൊണ്ടുവരാനാണു ശ്രമിക്കുന്നത്.
ഓസ്ട്രേലിയന്‍ പൗരന്മാര്‍, വിസയുള്ള അഫ്ഗാന്‍ പൗരന്മാര്‍, അന്താരാഷ്ട്ര ഏജന്‍സിയില്‍ ജോലി ചെയ്യുന്ന വിദേശ ഉദ്യോഗസ്ഥന്‍ എന്നിവരാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റ്സിലെ തങ്ങളുടെ സൈനിക താവളത്തിലേക്ക് അവരെ മാറ്റി. അവിടെ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലേക്കുള്ള കൊണ്ടുവരുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കാബൂളിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് യു.എസ്, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കാബൂളിലെ സുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കാനും വിദേശ പൗരന്മാരെ അവരവരുടെ നാടുകളിലേക്കു തിരികെ കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍.
മാനുഷികമായ പരിഗണനയുടെ ഭാഗമായി ഈ വര്‍ഷം 3,000 അഫ്ഗാനികള്‍ക്ക് വിസ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മോറിസണ്‍ പറഞ്ഞു. അതേസമയം, ഔദ്യോഗികവും നിയമാനുസൃതവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ അഫ്ഗാനിസ്ഥാന്‍കാരെ സര്‍ക്കാര്‍ പുനഃരധിവസിപ്പിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാന്‍ വംശജരായ ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ കുടുംബാംഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യ പരിഗണനയെന്ന് ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക്ക് പറഞ്ഞു.
കാബൂളില്‍ കുടുങ്ങിയ ഓസ്ട്രേലിയക്കാരെയും സേനയെ സഹായിച്ച അഫ്ഗാനികളെയും അടിയന്തരമായി രക്ഷിക്കാന്‍ റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ ഹെര്‍ക്കുലീസ് വിമാനം കാബൂളിലേക്കു തിരിച്ചു. 120 യാത്രക്കാരെ ഇതിനു വഹിക്കാനാകും. സി -17 ഗ്ലോബ്മാസ്റ്റര്‍ എന്ന വിമാനവും ഉടനെ കാബൂളിലേക്ക് പറക്കും. 134 പേരെ ഈ വിമാനത്തിന് വഹിക്കാന്‍ കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.