അഫ്ഗാന്‍ മണ്ണിലുള്ളത് 75 ലക്ഷം കോടിയിലധികം രൂപയുടെ ധാതുക്കള്‍; റഷ്യയുടെയും ചൈനയുടെയും കണ്ണ് ലിഥിയത്തില്‍

അഫ്ഗാന്‍ മണ്ണിലുള്ളത് 75 ലക്ഷം കോടിയിലധികം രൂപയുടെ ധാതുക്കള്‍; റഷ്യയുടെയും ചൈനയുടെയും കണ്ണ് ലിഥിയത്തില്‍

സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവയേക്കാള്‍ റഷ്യയുടെയും ചൈനയുടെയും കണ്ണ് വരും നാളുകളില്‍ ലോകത്തിന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന ലിഥിയത്തിലാണ്. അഫ്ഗാനില്‍ നിന്നും പിന്മാറുന്ന അമേരിക്കയെ ഭയപ്പെടുത്തുന്നതും ഇതാണ്.

കാബൂള്‍: അഫ്ഗാനിലെ കോടികള്‍ വിലമതിക്കുന്ന ചില ധാതുക്കളില്‍ കണ്ണു വച്ചാണ് റഷ്യയും ചൈനയും പാക്കിസ്ഥാനും താലിബാന്‍ ഭീകരര്‍ക്ക് പിന്തുണയുമായി തുടക്കത്തിലേ രംഗത്തെത്തിയതെന്ന് റിപ്പോര്‍ട്ട്.

കുറഞ്ഞത് ഏകദേശം 75 ലക്ഷം കോടി രൂപ മൂല്യമുള്ള പ്രകൃതി വിഭവങ്ങള്‍ അഫ്ഗാന്‍ മണ്ണിനടിയിലുണ്ടെന്നാണ് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ഭൂഗര്‍ഭ ശാസ്ത്രജ്ഞരും വ്യക്തമായ കണക്കുകളുടെ പിന്‍ബലത്തില്‍ വ്യക്തമാക്കുന്നത്.

ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായാണ് യു.എന്‍ അഫ്ഗാനിസ്ഥാനെ കാണുന്നത്. കാര്യമായ വരുമാന മാര്‍ഗങ്ങളില്ലാത്തതും സ്ഥിരതയുള്ള മികച്ച ഭരണകൂടങ്ങള്‍ നാടു ഭരിക്കാത്തതുമാണ് കാരണമായി പറയുന്നത്.

എന്നാല്‍ മണ്ണിനടിയില്‍ കാത്തു സൂക്ഷിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അനന്ത സാധ്യതകളുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. സ്വര്‍ണം, ചെമ്പ്, ഇരുമ്പ്, എന്നിങ്ങനെ പല ഭാഗങ്ങളിലായി ഒളിഞ്ഞുകിടക്കുന്നത് നിരവധി ധാതു വിഭവങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ശേഖരമുള്ള രാജ്യം ഒരുപക്ഷേ അഫ്ഗാനിസ്ഥാനാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. റീചാര്‍ജ് ചെയ്യപ്പെടുന്ന ബാറ്ററികളിലും മറ്റു സാങ്കേതികതകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ലിഥിയം.

ഏറ്റവും കൂടുതല്‍ ലിഥിയം നിക്ഷേപമുള്ള ബൊളീവിയയെ വെല്ലുന്നതാണ് അഫ്ഗാനിസ്ഥാനിലെ നിക്ഷേപമെന്ന് യു.എസ് കണക്കുകള്‍ പറയുന്നു. ഇവ ഖനനം ചെയ്‌തെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചാല്‍ അഫ്ഗാനിസ്ഥാന് അതിവേഗം ദാരിദ്ര്യമകറ്റാനാകുമെന്നാണ് വിലയിരുത്തല്‍.

2020ലെ കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനിലെ 90 ശതമാനം ജനങ്ങളും കടുത്ത പട്ടിണിയിലാണ്. പ്രതിദിനം രണ്ടു ഡോളറില്‍ താഴെയാണ് ജനങ്ങളുടെ വരുമാനം. ഈ രാജ്യത്താണ് മൊത്തം ജനങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ ശേഷിയുളള ധാതുക്കളുടെ വന്‍സമ്പത്ത് മണ്ണിനടിയില്‍ കിടക്കുന്നത്. സോവ്യറ്റ് യൂണിയനാണ്് അഫ്ഗാനിസ്ഥാനിലെ പ്രകൃതി വിഭവങ്ങളെ കുറിച്ച് ആദ്യം പഠനം നടത്തിയിരുന്നത്. അത് പിന്നീട് അമേരിക്കയും ഏറ്റെടുത്തു.

ഫോസില്‍ ഇന്ധനങ്ങളില്‍ ആശ്രയിച്ച് വൈദ്യുതിയിലോടുന്ന വാഹനങ്ങളിലേക്ക് ലോകം മാറാനൊരുങ്ങുമ്പോഴാണ് അഫ്ഗാനിസ്ഥാനിലെ അത്യപൂര്‍വ ലിഥിയം ശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. നിലവില്‍ ചൈന, കോംഗോ റിപ്പബ്ലിക്ക്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ലോകത്തിനാവശ്യമായ ലിഥിയം കൊബാള്‍ട്ട്, മറ്റ് അപൂര്‍വ ധാതുക്കള്‍ എന്നിവയുടെ 75 ശതമാനവും എത്തുന്നത്.

നിലവില്‍ 100 കോടി ഡോളര്‍ മാത്രമാണ് ധാതുഖനനം വഴി അഫ്ഗാന്റെ വാര്‍ഷിക വരുമാനം. താലിബാനുമായി അടുത്ത ബന്ധത്തിന് ശ്രമിക്കുന്ന ചൈനയുടെ മുഖ്യ ലക്ഷ്യം ഈ ധാതു സമ്പത്തിലാണ്. ഒരിക്കല്‍ ഇതേ ഭീകരരുടെ കൈകളാല്‍ തോല്‍വി അറിഞ്ഞിട്ടും റഷ്യ അഫ്ഗാനില്‍ പുതിയ അവസരം തേടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സ്വര്‍ണം, ചെമ്പ്, ഇരുമ്പ് എന്നിവയേക്കാള്‍ റഷ്യയുടെയും ചൈനയുടെയും കണ്ണ് വരും നാളുകളില്‍ ലോകത്തിന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന ലിഥിയത്തിലാണ്. അഫ്ഗാനില്‍ നിന്നും പിന്മാറുന്ന അമേരിക്കയെ ഭയപ്പെടുത്തുന്നതും ഇതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.