വേറിട്ട വഴികളിലൂടെ : ജിലു മാരിയറ്റ് തോമസ്

വേറിട്ട വഴികളിലൂടെ : ജിലു മാരിയറ്റ് തോമസ്

പരിമിതികളിലേക്ക് നോക്കി നിരാശയുടെ നെടുവീർപ്പുകൾ ഉയർത്തുന്ന നമ്മുടെയൊക്കെ ചുറ്റുവട്ടങ്ങളിൽ പരിമിതികളിൽ ചവിട്ടി അതിജീവനത്തിന്റെ പാതകളിൽ നിന്ന് വിജയത്തിന്റെ സോപാനങ്ങളിലേക്ക് ചവിട്ടി കയറിയ കുറച്ച് പേരെങ്കിലും ഉണ്ടെന്നുള്ളത് നമുക്ക് നമ്മുടെ കുറവുകളെ നിറവുകളാക്കി മാറ്റാൻ സഹായിക്കും.

സാധാരണ മനുഷ്യർ കൈകൾകൊണ്ട് ചെയ്യുന്നതൊക്കെ കാലുകൾ കൊണ്ട് ചെയ്യുന്ന ജിലുമോളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
ജനിച്ചപ്പോൾത്തന്നെ രണ്ട് കൈകളും ഇല്ലായിരുന്നു തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് വീട്ടിൽ തോമസ് വർക്കിയുടെയും, അന്നകുട്ടിയുടെയും മകൾ ജിലുമോൾക്ക്. പക്ഷെ ഈ പരിമിതികൾ അവളെ തളർത്തുകയല്ല ചെയ്തത്. അതവളെ ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും എന്തും ചെയ്യാൻ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് പ്രാപ്തയാക്കുകയാണ് ചെയ്തത്.

ജനിച്ച് വീണപ്പോൾ അവളുടെ പരിമിതികളിലേക്ക് നോക്കി സങ്കടപ്പെട്ടിരുന്ന അവളുടെ പപ്പയോടും മമ്മിയോടും പ്രസവമെടുക്കാൻ സഹായിച്ച ഡോക്ടർ, ഈ കുട്ടിയെ നിങ്ങൾക്ക് വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവളെ എനിക്ക് തന്നേക്കു, അവളെ ഞാൻ വളർത്തിക്കൊള്ളാം എന്ന് പറഞ്ഞിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവളുടെ പപ്പാ വളരെ പെട്ടന്ന് അത് നിരസിക്കുകയും അവളെ സ്നേഹത്തോടെ വളർത്തുകയും ചെയ്തു.അമ്മ അവളുടെ നാലാമത്തെ വയസ്സിൽത്തന്നെ ക്യാൻസർ മൂലം മരിച്ചു.

അതിനുശേഷം ചങ്ങനാശ്ശേരിയ്ക്കടുത്തുള്ള ചെത്തിപ്പുഴ മേഴ്‌സി നഴ്സിംഗ് ഹോമിലാണ് വളർന്നത്. അവളിൽ ഉറങ്ങിക്കിടന്ന കഴിവുകളെ പ്രത്യേകിച്ച് ചിത്രകലയെ അടുത്തറിഞ്ഞു വളർത്തുന്നതിൽ അവിടുത്തെ കന്യാസ്ത്രീകളോട് അവൾ എന്നും കടപ്പെട്ടിരിക്കുന്നു. അവൾ അമ്മമാർ എന്ന് വിളിച്ചിരുന്ന ചെത്തിപ്പുഴയിലെ നിരാലംബരുടെ സഹോദരിമാർ എന്നറിയപ്പെടുന്ന കന്യാസ്ത്രികളാണ് അവളുടെ ജീവിതത്തിന്റെ പരിമിതകളേ മാറ്റി ജീവിതത്തിന്റെ വിജയത്തിലേക്ക് ചവിട്ടിക്കയറാൻ സഹായിച്ചത്.

ചങ്ങനാശ്ശേരി മീഡയ വില്ലേജിൽ നിന്ന് ഗ്രാഫിക് ഡിസൈനിൽ ഡിഗ്രി സമ്പാദിച്ച അവൾ ഇന്‍റര്‍നാഷണല്‍ മൗത്ത് ആന്‍ഡ് ഫുട്ട് പെയിന്‍റിംഗ് അസോസിയേഷനില്‍ അംഗത്വമുണ്ട്. അതിന്‍റെ ഭാഗമായി ഗോവയിലും ബാംഗ്ലൂരിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വന്തമായ ഒരു എക്സിബിഷന്‍ രണ്ടു മാസം മുമ്പ് എറണാകുളം, വളഞ്ഞമ്പലത്തുള്ള “എന്‍റെ ഭൂമി” ആര്‍ട് ഗ്യാലറിയില്‍ നടത്തി. കൊച്ചി ബിനാലെയിലും പങ്കെടുത്തു. വലിയ ആസ്വാദകശ്രദ്ധ നേടിയവയാണ് ജിലുവിന്‍റെ രചനകള്‍.

സ്വന്തമായി കാറുള്ള, ഡ്രൈവിംഗ് അറിയാവുന്ന (കാറിന്റെ രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസൻസും ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ഉത്തരവ് വാങ്ങി ശരിയാക്കാൻ സാധിക്കും എന്ന് ജിലുമോൾ ഉറച്ച് വിശ്വസിക്കുന്നു),ലൈസൻസുള്ള ഏഷ്യയിലെ ഇരു കൈകളും ഇല്ലാത്ത വനിതയാണ് നമ്മുടെ കൊച്ചുകേരളത്തിന്റെ സ്വന്തം ജിലുമോൾ. കാലുകൾ കൊണ്ട് കാർ ഓടിക്കാനും, ചിത്രം വരയ്ക്കാനും, കമ്പ്യൂട്ടർ ചലിപ്പിക്കാനും, മൊബൈൽ ഫോൺ ഉപയോഗിക്കാനും വളരെ അനായാസം ഈ പെൺകുട്ടിക്ക് സാധിക്കുന്നു എന്നത് മറ്റുള്ളവരെഅത്ഭുതപ്പെടുത്തുമ്പോൾ, അവൾ അത് ദൈവാനുഗ്രമായി മാത്രം കരുതുന്നു.

എന്നെ ഈ ഭൂമിയിലേക്ക് അയച്ച ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് എന്നവൾക്ക് നല്ല ഉറപ്പുണ്ട്. “എനിക്കുള്ള ഇടം പൂരിപ്പിക്കാന്‍ എനിക്കു മാത്രമേ സാധിക്കൂ. അത് എത്ര കഴിവുള്ള വേറെ ആരു വന്നാലും സാധിക്കില്ല. എന്‍റെ നിയോഗം ഞാന്‍ തന്നെ നിറവേറ്റണം. എന്‍റെ ശക്തി എന്തെന്ന് ശരിക്കറിയാവുന്നതും എനിക്കു മാത്രമാണ്. മനസ്സാണ് എല്ലാം. ശരീരമല്ല. മനസ്സിനു പറ്റാത്തതായി ഒന്നുമില്ല.” അവളുടെ വാക്കുകളിൽ ആത്മവിശ്വസത്തിന്റെ തിളക്കമുണ്ടായിരുന്നു.

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് പാടിയ കവി കുഞ്ഞുണ്ണിമാഷിനെപ്പോലെ ജിലുമോളും പാടുന്നുണ്ടാവും, കൈകളില്ലാത്തതാനെന്റെ അഭിമാനം. നമ്മുടെ ഈ കൊച്ചു മിടുക്കി ഉന്നത പടവുകൾ കീഴടക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26