കോവിഡിൽ മാതാപിതാക്കൾ മരിച്ച കുട്ടികള്‍ക്ക് 3.2 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

കോവിഡിൽ മാതാപിതാക്കൾ മരിച്ച  കുട്ടികള്‍ക്ക് 3.2 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 3,19,99,000 രൂപയാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്.

മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസം തോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും.

നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ് ജീവനക്കാർ മുഖേന ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോർട്ട് നൽകുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികൾ, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്നങ്ങളാൽ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾ, പിതാവോ മാതാവോ മുൻപ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികൾ, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികൾ എന്നിവർക്ക് ധനസഹായം ലഭിക്കും.

മാതാപിതാക്കൾ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുകയും നിലവിൽ സംരക്ഷിക്കുന്ന രക്ഷിതാക്കൾ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്കും കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നൽകുന്നതാണ്. എന്നാൽ സർക്കാർ ജീവനക്കാർക്കുള്ള ഫാമിലി പെൻഷൻ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.