പേരിലോ കഥാ തന്തുവിലോ വിവാദങ്ങൾ ഒന്നുമില്ലാതെ ഒരു സാധാരണ കുടുംബങ്ങളുടെ കഥപറയുന്ന റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച #ഹോം എന്ന മലയാള സിനിമ കണ്ടു. വളരെ നന്നായിരിക്കുന്നു.
നല്ല ഒരിടവേളയ്ക്ക് ശേഷം കുടുംബത്തിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാള സിനിമ ഓ ടി ടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തു. ഡാര്‍ക്ക് മൂഡും ഇരുണ്ട സ്‌ക്രീനുമായി ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ അരങ്ങു വാഴുകയായിരുന്നു. ഒടിടി റിലീസ് കൂടെ ആയതോടെ ത്രില്ലറുകള്‍ക്കാണ് മാര്‍ക്കറ്റ് എന്നൊരു ചിന്തയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായി. ആ ധാരണയെ പാടേ തെറ്റിക്കുകയാണ് .
ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് പുറമെ അപ്പച്ചൻ ബ്രോ ആയി വേഷമിട്ട കൈനകരി തങ്കരാജ്, മക്കളായി വരുന്ന ശ്രീനാഥ് ഭാസി, ലെസ്ലി, ഒലിവർ ട്വിസ്റ്റിന്റെ കൂട്ടുകാരനായി വരുന്ന ജോണി ആന്റണി, സൈക്കോളജിസ്റ്റായി വേഷമിടുന്ന വിജയ് ബാബു, ശ്രീകാന്ത് മുരളി, ആശാ അരവിന്ദ്, ദീപ തോമസ്, കെ പി എ സി ലളിത, പ്രിയങ്ക തുടങ്ങി എല്ലാവരും അഭിനയിക്കുന്ന റോളുകൾക്ക് അതിന്റെതായ പ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിന്റെ ഗൗരവം ചോര്‍ന്ന് പോകാതെ നര്‍മ്മവും ഇമോഷന്‍സും ചേരുംപടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് റോജിന്‍. മക്കള്‍ക്ക് മുന്നില്‍ പഴഞ്ചനായി പോയ, ജീവിതത്തില്‍ അസാധാരണമായി ഒന്നും അവകാശപ്പെടാനില്ലാത്ത ഒരച്ഛന്‍, അതാണ് ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്. കാലത്തിനൊത്ത് മാറാത്തത് കൊണ്ട് ആകെയുണ്ടായിരുന്ന കച്ചവട സ്ഥാപനം പൊളിഞ്ഞത് പോലെ മൂത്തമകനും ഒലിവറും തമ്മിലുള്ള ബന്ധവും അകന്ന് പോകുകയാണ്. മുഴുവന്‍ സമയം അവന്‍ ഫോണിലാണ് ചെലവഴിക്കുന്നത്.
ആദ്യ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ സംവിധായകന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ സിനിമയുടെ രചനയിലാണ്. ഫോണില്‍ കളിയും ചിരിയുമായി സമയം കളയുന്നവര്‍ നേരെ കാണുന്ന അച്ഛനോടും അമ്മയോടും സംസാരിക്കാന്‍ പിശുക്ക് കാണിക്കുകയാണ്. അവരുടെ സംസാരം എണ്ണം പറഞ്ഞ വാക്കുകളിലും മൂളലുകളിലും അവസാനിക്കുന്നു. തന്റെ ജീവിതത്തില്‍ നടന്ന ഒരു അസാധാരണ സംഭവത്തെ മകന്റെ മുന്നില്‍ വലിയ കാര്യമായി ഒലിവര്‍ അവതരിപ്പിക്കുന്നെങ്കിലും ആന്റണിക്ക് അതൊരു കെട്ടുകഥയായിട്ടാണ് അനുഭവപ്പെടുന്നത്. പക്ഷെ, ഒടുവില്‍ ആന്റണിയിലുണ്ടാകുന്ന തിരിച്ചറിവ് കരിയറിലും ജീവിതത്തിലും തനിക്ക് സംഭവിച്ച തെറ്റുകളെ തിരുത്താന്‍ വഴിയൊരുക്കുന്നു.
പ്രകടനം കൊണ്ട് ഇന്ദ്രസിന്റെ പേരിന് തൊട്ടടുത്ത് ചേര്‍ത്തുവെക്കേണ്ടത് ഒലിവര്‍ ട്വിസ്റ്റിന്റെ ഭാര്യയായ കുട്ടിയമ്മയെയാണ്. മഞ്ജു പിള്ള എന്ന നടിയുടെ, ഇതുവരെ കാണാത്ത, ഇതുവരെ ഉപയോഗിക്കാതിരുന്ന ടാലന്റിനെ കണ്ടെത്തിയിരിക്കുകയാണ് ഹോം. രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പിള്ള കുട്ടിയമ്മയാണ്. കുട്ടിയമ്മ സിനിമയിലെ അമ്മയല്ല, നമ്മുടെ വീടുകളിലെ അമ്മയാണ്. കുട്ടിയമ്മ പറയുന്ന പല വാക്കുകളും ജീവിതത്തില്‍ നിന്നുമുള്ളതാണ്. ജീവിതത്തിന്റെ ഉപ്പുരസമുള്ള സന്ദര്‍ഭങ്ങളാണ് ഹോമിനെ ഹോം എന്ന സിനിമയെ കാഴ്ചക്കാരുടെ വീടാക്കുന്നത്.
ജോണി ആന്റണിയും, പുതുമുഖം ദീപ തോമസും ശ്രീകാന്ത് മുരളിയും കെപിഎസി ലളിതയും അനൂപ് മേനോനും വിജയ് ബാബുവും മണിയന്‍പിള്ള രാജുവും ഉള്‍പ്പെടെ ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും കൃത്യമായ സ്‌പേസും പ്രാധാന്യവും റോജിന്‍ നല്‍കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സ്വന്തം ജീവിതവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് പാത്ര സൃഷ്ടിയും അവതരണവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.